Foto

“പാത്രിസ് കോർദെ”

പിതാവിന്‍റെ ഹൃദയവുമായ്...” ഗ്രന്ഥപരിചയം

വത്തിക്കാൻ മുദ്രണാലയത്തിന്‍റെ പുതിയ ഗ്രന്ഥം – വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിൽ

- ഫാദർ വില്യം നെല്ലിക്കൽ 

ഒരു ജൂബിലി സ്മരണ
സാർവ്വത്രിക സഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ 150-ാം വാർഷികനാളിനോട് അനുബന്ധിച്ചാണ് വത്തിക്കാന്‍റെ മുദ്രണാലയം Libreria Editrice Vaticana – LEV പുതിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ഗ്രന്ഥം പാപ്പാ ഫ്രാൻസിസിന്‍റെ അപ്പസ്തോലിക പ്രബോധനം, “പാത്രിസ് കോർദെ”യുടെ സമ്പൂർണ്ണ രൂപത്തോടൊപ്പം വിശുദ്ധ യൗസേപ്പിതാവിനോടുള്ള വിവിധ പ്രാർത്ഥനകളും, മുൻസഭാദ്ധ്യക്ഷന്മാരുടെ വിചിന്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 1870 ഡിസംബർ 8-നാണ് ധന്യനായ 9-ാം പിയൂസ് പാപ്പാ കത്തോലിക്ക സഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചത്. പാപ്പായുടെ പ്രബോധനത്തിന്‍റെ സമ്പൂർണ്ണരൂപവും ഈ ചെറിയ ഗ്രന്ഥത്തിലുണ്ട്.

വിശുദ്ധരുടെ ഗണത്തിൽ സമുന്നതൻ
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ വിശുദ്ധരുടെ ഗണത്തിൽ ആർക്കുംതന്നെ വിശുദ്ധ യൗസേപ്പിനോളം സമുന്നത സ്ഥാനം സഭ നല്കിയിട്ടില്ല. രക്ഷാകര ചരിത്രത്തിൽ വിശുദ്ധ യൗസേപ്പിനുള്ള കേന്ദ്രസ്ഥാനം പാപ്പായുടെ പ്രബോധനം ഉയർത്തിക്കാട്ടുന്നതിനൊപ്പം അദ്ദേഹത്തെക്കുറിച്ച് സുവിശേഷം പരാമർശിക്കുന്ന പ്രത്യേക ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വിചിന്തനവും പാപ്പാ ഫ്രാൻസിസിന്‍റെ ലിഖിതത്തിലുണ്ട് (Patris Corde). ധന്യനായ 9-ാം പിയൂസ് പാപ്പാ വിശുദ്ധനെ കത്തോലിക്കാ “സഭയുടെ രക്ഷാധികാരി”യാക്കിപ്പോൾ, പുണ്യശ്ലോകനായ 12-ാം പിയൂസ് പാപ്പാ അദ്ദേഹത്തെ “തൊഴിലാളികളുടെ മദ്ധ്യസ്ഥനായും”, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പാ “രക്ഷകന്‍റെ കാവലാൾ" എന്നും വിശേഷിപ്പിച്ചു.

മറ്റു പ്രാർത്ഥനകളും വിജ്ഞാപനങ്ങളും
ഈ പതിപ്പിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷാചരണത്തോടനുബന്ധിച്ച് സഭ നല്കുന്ന സവിശേഷമായ ആത്മീയ വരദാനങ്ങളെക്കുറിച്ചുള്ള വിജ്ഞാപനവും, വിശുദ്ധ യൗസേപ്പും പാപ്പാമാരും (9-ാം പിയൂസ് മുതൽ പാപ്പാ ഫ്രാൻസിസ് വരെ...) എന്ന പഠനവും,  സിദ്ധനോടുള്ള പ്രാർത്ഥനകളും സംഗ്രഹിച്ചിരിക്കുന്നു.

Foto

Comments

leave a reply