Foto

കൊറോണക്കാലത്ത് കടന്നുപോയ സ്നേഹിതൻ സണ്ണി കീക്കരിക്കാട്

ജോഷി ജോർജ്

ഇരുളിന്റെ മൂടുപടമണിഞ്ഞ് മരണം മുഖാമുഖം വന്നു നിൽക്കുമ്പോൾ അത് കണ്ട് ഭയപ്പെടുക സ്വഭാവികമാണ്. കാരണം അങ്ങിനെയുള്ള ഒരു സന്ധിയാണത്. ലോകത്തുള്ള സർവ്വതിനോടും എന്നന്നേക്കുമായി വിടപറയുന്ന ഒരു സന്ധി. ചിലരെ സംബന്ധിച്ചിടത്തോളം ആ ഭയവും ദ:ഖവും കുറയാൻ കാരണം മരണം അനിവാര്യമാണെന്ന ബോധമാണ്. അനിവാര്യമായ മരണത്തിൽനിന്നും അല്പദൂരമൊക്കെ ഓടിയകലാമെന്നല്ലാതെ പൂർണമായും രക്ഷപെടാനാകില്ലല്ലോ? പിന്നെയുള്ളത് വിനാഴികഖളുടെ ഇടവേള മാത്രം.

മറ്റു ചിലരുണ്ട്. തന്റെ വേഷം ആടിത്തീർത്തു എന്ന സംതൃപ്തിയോടെ അരങ്ങിൽ നിന്ന് ശാന്തമായി വിടവാങ്ങുന്നവർ. മറ്റുള്ള ചിലരുടെ കാര്യമോ? ജീവിതത്തിന്റെ അന്ത്യനാൾ സമീപത്തൊന്നുമല്ലെന്നു വിശ്വസിച്ചിരിക്കെ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വന്ന് മരണം കൂട്ടി ക്കൊണ്ടുപോകുന്നു.

എന്റെ സ്നേഹിതൻ സണ്ണി കീക്കരിക്കാട്ട് (കെ. സി അലക്സാണ്ടർ) എങ്ങിനെയാണ് കടന്നുപോയത്? സണ്ണിക്ക് എല്ലാം അറിയാമായിരുന്നു. എന്നാൽ ദ്രുതഗതിയിലാക്കിയത് കൊവിഡ് 19 എന്ന വില്ലൻ തന്നെയായിരുന്നു. ഏറെനാളത്തെ അടുപ്പവും പരിചയവുമുണ്ടായിരുന്നു ഞാനും സണ്ണിയും തമ്മിൽ. ജീവിതത്തിന്റെ പല മേഖലയിലുമുള്ള എന്റെ സുഹൃത്തുൂക്കളിൽ ഒരാളായിരുന്നു സണ്ണി. അദ്ദേഹം സ്വന്തമായി രചന നിർവഹിച്ച് ഈണം പകർന്ന ഭക്തിഗാനങ്ങൾ ഇതെഴുതുംമുമ്പ് ഒരിക്കൽക്കൂടി കേൾക്കുകയുണ്ടായി. ഭക്തിയുടെ മാസ്മരിക ലോകം സൃഷ്ടിക്കുന്നവ തന്നെയാണതെല്ലാം. പ്രത്യേകിച്ച് 'കാഴ്ചയായി' എന്ന ഭക്തിഗാനം എടുത്തുപറയേണ്ടതാണ്. സ്'നേഹസൂര്യ'നും മോശമല്ല. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെക്കുറിച്ചുള്ള പ്രചോതനാത്മകമായ വരികൾ ആരേയും ആവേശം കൊള്ളിക്കും. പക്ഷേ, ഒരു ഗാനരചയിതാവ് എന്ന നിലയിലൊ, സംഗീതസംവിധായകൻ എന്ന നിലയിലോ സണ്ണിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല.

കോട്ടയം ജില്ലയിലെ കറിക്കാട്ടൂരിൽ (മണിമല)  ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി സണ്ണി ജനിച്ചു. ഇവരുടെ മൂല കുടുംബം മൈലാടൂരിലായിരുന്നു. പ്രസിദ്ധ പ്രകൃതി ചികിത്സ വിദഗ്ധനായ കീക്കരിക്കാട് കാക്കുവൈദ്യന്റെ കൊച്ചുമകൻ കൂടിയാണ് സണ്ണി. ഷേർളിയാണ് ഭാര്യ. അനിറ്റ, അനുപമ, അന്ന എന്നിങ്ങെ മൂന്ന് പെൺമക്കളാണ് ആ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞത്.

എറണാകുളം സെന്റ് പോൾസ് പബ്ലിക്കേഷനിൽ 1991 മുതൽ എഡിറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു. ഒട്ടേറെപ്പേരുടെ കൃതികൾ പുസ്തകരൂപത്തിലാക്കാൻ സഹായിച്ചിട്ടുണ്ട്. 'എന്റെ ഹെലൻ കെല്ലർ': ഇരുളിലെ വെളിച്ചം, 'കാർട്ടൂൺ ലോകം' എന്നീപുസ്തകങ്ങൾ പുറത്തുവരാൻ കാരണക്കാരിൽ ഒരാൾ സണ്ണിയായിരുന്നവെന്ന് നന്ദിപൂർവ്വം ഈയവസരത്തിൽ ഓർമ്മിക്കുകയാണ്.  ദീപിക, മാതൃഭൂമി, സത്യദീപം ബെത്സാദ മാസിക, തുടങ്ങിയ മാധ്യമങ്ങളിൽ ഫ്രീലാൻസറായി പ്രവർത്തിച്ചിട്ടുമുണ്ട്.  

 ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു സണ്ണിയുടേത്. മതം ജീവിതത്തിൽ, നിയോഗം (കവിത), വിശുദ്ധ ജോൺ പോൾ, ദാമ്പത്യം സമ്പന്നമാക്കാൻ, ലൂർദ്ദിലെ വിശുദ്ധ ബർണദീത്ത, പ്രാർത്ഥന ജീവിതത്തിൽ, മക്കൾ വലിയവരാകാൻ, മഴവെള്ളത്തിലെ കളിവള്ളങ്ങൾ, ഉയരങ്ങൾ കീഴടക്കാൻ, മനസ്സിൽ കുറിക്കാം മനോഹരസത്യങ്ങൾ. എന്നിങ്ങനെ ശ്രദ്ധേയമായ ഒട്ടേറെ കൃതികളുടെ കർത്താവാണ് സണ്ണി.  ചെറിയ ചെറിയ  പുസ്തകങ്ങളിലൂടെ സണ്ണി പറഞ്ഞുവച്ചതെല്ലാം വലിയ വലിയ കാര്യങ്ങൾ.

എവറസ്റ്റ് കീഴടക്കിയ മനുഷ്യൻ ശിശുവായിരുന്നപ്പോൾ ആനന്ദപൂർവ്വം അപ്പന്റെ തോളിൽ കയറിക്കളിച്ചിരുന്നു. അന്ന് അതായിരുന്നു അവന്റെ എവറസ്റ്റ്..! ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ചെറുപ്പത്തിൽ അമ്മയുടെ ഒക്കത്തിരുന്ന് വിസ്മയത്തോടെ അമ്പിളിമാമനെ കൈഎത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. മനുഷ്യന്റെ എവറസ്റ്റ്    ആരോഹണവും ചന്ദ്രയാത്രയും അമ്മയുടെ മടിയിൽ നിന്നും അച്ഛന്റെ തോളിൽ നിന്നും ആരംഭിക്കുന്നു.

അമ്പ് തൊടുക്കുന്നതെങ്ങിനെയോ അതേവിധം അത്  ലക്ഷ്യത്തിലെത്തിച്ചേരുന്നു.  നാം വളർത്തുന്നതെങ്ങിനെയോ അതേവിധം കുട്ടി അവന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു..! സ്നേഹവും പ്രോത്സാഹനവുമാണ് ഏറ്റവും ശക്തിയേറിയ വില്ല്.  അതിൽ നിന്ന് ശ്രദ്ധാപൂർവ്വം തൊടുത്താൽ കുട്ടി ശരവേഗത്തിൽ ലക്ഷ്യം കൈവരിക്കും.

മിന്നാമിനുങ്ങുകൾ പോലെ, നക്ഷത്രങ്ങൾ പോലെ ഇത്തരത്തിലുള്ള വെളിച്ചം വിതറുന്ന അനേകം മുത്തുകൾ വാരിവിതറിയിട്ടിട്ടാണ് എന്റെ സ്നേഹിതൻ യാത്രയായത്. അർബുദത്തിനും കൊറോണയ്ക്കും അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തെ മാത്രമേ കാർന്നുതിന്നാനായുള്ളു. സണ്ണി എഴുതിയ പുസ്തകങ്ങളിലൂടേയും ആശയങ്ങളിലൂടേയും അത് വായിക്കുന്നവരുടെ മനസ്സുകളിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെങ്കിലും തെളിക്കുമെന്നകാര്യത്തിൽ സംശയമില്ല.

Comments

  • 22-01-2021 04:11 PM

    എൻ്റെയും ചിരകാല സുഹൃത്തായിരുന്ന സണ്ണിയുടെ വിയോഗം അപ്രതീക്ഷിതമത്രെ. മക്കൾ വലിയവരാകാൻ എന്ന പുസ്തകത്തിന് രണ്ടു മാസം മുമ്പാണ് ഞാൻ ഒരു ആശംസകുറിച്ചയച്ചത്. എന്നെ ഇടയ്ക്കു വിളിക്കുമായിരുന്നു. ഞാനുമായുള്ള സംഭാഷണം അറിവും സന്തോഷുവും വർദ്ധിച്ച ഊർജ്ജവും നൽകുന്നതായി പറയും. ഗാനങ്ങൾ കേൾപ്പിക്കും. അഭിപ്രായം ചോദിക്കും..... എന്തു ചെയ്യാം. ഓർമ്മകൾ ബാക്കിയാക്കി ആ സുഹൃത്ത് പോയി. കുടുംബത്തിൻ്റെ ദു:ഖത്തിൽ ജോഷി ജോർജിനൊപ്പം ഞാനും പങ്കുചേരുന്നു. പി.ഐ. ശങ്കരനാരായണൻ പി.ഐ. ശങ്കരനാരായണൻ.

  • jaleel thanath
    22-01-2021 03:00 PM

    നല്ല ലേഖനം. അഭിനനങ്ങൾ

leave a reply