ഫിലിപ്പീൻസിൽ വിശ്വാസത്തിന്‍റെ ജൂബിലിവർഷം
500 വർഷങ്ങൾക്കുമുൻപ് വിശ്വാസദീപം തെളിഞ്ഞതിന്‍റെ ആനന്ദത്തിൽ ഫിലിപ്പീൻസ്...
- ഫാദർ വില്യം നെല്ലിക്കൽ
1. ഒരു വർഷം നീളുന്ന കർമ്മപദ്ധതി
തങ്ങളുടെ മണ്ണിൽ 500 വർഷങ്ങൾക്കു മുൻപ് ഒരു ഈസ്റ്റർ നാളിൽ ആദ്യമായി പരിശുദ്ധ കുർബ്ബാന അർപ്പിച്ചതിന്‍റേയും തദ്ദേശീയരുടെ ഒരു സമൂഹം ആദ്യമായി വിശ്വാസം സ്വീകരിച്ചതിന്‍റേയും ഓർമ്മയുമായിട്ടാണ് ഒരു വർഷം നീളുന്ന വിശ്വാസവർഷം ആചരിക്കുന്നതെന്ന് ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്‍റ് ആർച്ചുബിഷപ്പ് റോമുളോ വാലെസ് പ്രസ്താവനയിലൂടെ അറിയിച്ചു. 2021 ഏപ്രിൽ 4-ാം തിയതി ഈസ്റ്റർദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട ജൂബിലി 2022 ഏപ്രിൽ 22-വരെ നീളുമെന്നും പ്രസ്താവന വ്യക്തമാക്കി.
2. സ്പാനിഷ് മിഷണറി ഫാദർ പെദ്രോ വാൾദിരാമ
1521-ലെ ഈസ്റ്റർ ദിനത്തിൽ ഫിലിപ്പീൻസിന്‍റെ മിഷണറിയെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് മിഷണറി ഫാദർ പെദ്രോ ദി വാൾദിരാമ ഫിലിപ്പീൻസിന്‍റെ തെക്കൻ പ്രവിശ്യയായ ലെയ്ത്തേയിലുള്ള ലിമസാവാ ദ്വീപിലാണ് ആദ്യമായി പരിശുദ്ധ കുർബ്ബാന അർപ്പിച്ചത്. പോർച്ചുഗീസ് സാഹസിക യാത്രികൻ ഫെർഡിനാന്‍റ് മെഗാലന്‍റെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻഡീസിലേയ്ക്കു നടത്തിയ യാത്രയാണ് ഫിലപ്പീൻസിന്‍റെ തീരങ്ങളിൽ ഫാദർ പെദ്രോ വാൾദിരാമയെ എത്തിച്ചത്. അന്നത്തെ ഈസ്റ്റർ ദിനമായ മാർച്ചു 31-ന് ലിമസാവാ ദ്വീപിൽ ബലിയർപ്പിച്ചശേഷം ഏപ്രിൽ 14-ന് മെഗാലനും സംഘവും ചെബൂ ദ്വീപിലെത്തി. അവിടെവച്ച് ഫാദർ വാൽദിരാമ തദ്ദേശീയ ഗോത്ര വർഗ്ഗക്കാരുടെ നേതാക്കളെയും വിസായൻ സമൂഹത്തിൽപ്പെട്ട 800 പേരെയും ജ്ഞാനസ്നാനപ്പെടുത്തുകയുണ്ടായി.
3. ഈസ്റ്റർദിനത്തിൽ തെളിഞ്ഞ ക്രിസ്തു വെളിച്ചം
ഫലിപ്പീൻസിന്‍റെ മണ്ണിൽ ആദ്യമായി പരിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടതിന്‍റേയും, തദ്ദേശീയരുടെ ചെറുസമൂഹം ആദ്യമായി ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിന്‍റേയും – വിശ്വാസത്തിനു തിരികൊളുത്തിയ രണ്ടു ചരിത്ര ചരിത്രസംഭവങ്ങളുടേയും സ്മരണയിലാണ് വിശ്വാസത്തിന്‍റെ ജൂബിലിവർഷം ആചരിക്കുന്നതെന്ന് ദേശീയ മെത്രാൻ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി. സ്പാനിഷ് സംഘത്തിന്‍റെ നേതാവ് ഫെർഡിനാന്‍റ് മെഗാലന്‍റെ ആജ്ഞപ്രകാരം സമീപത്തുള്ള ഹൊമൊഗാൻ ദ്വീപിൽ അകലെനിന്നുപോലും വരുന്ന സമുദ്രയാത്രികർക്കു കാണാവുന്ന ഒരു വലിയ മരക്കുരിശു നാട്ടുകയുണ്ടായി. അതിന്‍റെ ചുവട്ടിൽ ഈസ്റ്റർ ദിനത്തിൽ ഫിലിപ്പീനിലെ സഭ സമൂഹദിവ്യബലി അർപ്പിച്ചുകൊണ്ടായിരുന്നു വിശ്വാസ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ആർച്ചുബിഷപ്പ് വാലെസ് വ്യക്തമാക്കി.
4. ദാനമായ് കിട്ടിയത് പങ്കുവയ്ക്കാൻ...
“ദാനമായി കിട്ടിയ വിശ്വാസം പങ്കുവെയ്ക്കാൻ...” (Faith a gift from God and gifted to give) എന്നതാണ് ദേശീയ മെത്രാൻസമിതി നല്കിയിരിക്കുന്ന ജൂബിലി ആപ്തവാക്യമെന്നും പ്രസ്താവന അറിയിച്ചു. ജീവിതയാത്രയിലൂടെ മുന്നേറാൻ സഹായകമാകുന്നത് വിശ്വാസമാണെന്നും, ഫിലിപ്പീൻസിൽ വിശ്വാസം ജീവിക്കുന്നത് വ്യക്തിപരമായി മാത്രമല്ല, കുടുംബത്തിലും സമൂഹത്തിലുമാണെന്നും ഡവാനോ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് റോമുളോ വാലെസ് വിവരിച്ചു.
വിശ്വാസം ദാനമായി കിട്ടിയതാണെന്ന അവബോധം മനസ്സിൽ ഉള്ളതിനാൽ, അത് പങ്കുവയ്ക്കുവാനുള്ള തീക്ഷ്ണതയും മനസ്സിലുണ്ടാകുമെന്ന് അദ്ദേഹം വിശദമാക്കി. ഏപ്രിൽ 4-ന് ഈസ്റ്റർ ദിനത്തിലെ സമൂഹബലി അർപ്പണത്തോടെയാണ് ഫിലിപ്പീൻസിൽ ജൂബിലിക്ക് തുടങ്ങിയതെങ്കിലും, മാർച്ച് 14-ന് വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസ് പ്രതീകാത്മകമായി ചെറിയൊരു ഫിലിപ്പീൻ സമൂഹത്തോടൊപ്പമാണ് ജൂബിലി അനുസ്മരിച്ചുകൊണ്ട് ദിവ്യബലി അർപ്പിച്ചതെങ്കിലും ഓൺലൈനിൽ നല്ലൊരു ശതമാനം ജനങ്ങളും കണ്ണിചേർന്ന് വിശ്വാസജൂബിലിയുടെ വിജയത്തിനായി പ്രാർത്ഥിച്ചെന്നും ആർച്ചുബിഷപ്പ് റോമുളോസ് അറിയിച്ചു.
Comments