Foto

കരുണയുടെ പുഴകൾ കാത്തു വച്ചിരുന്ന ആ ഹൃദയത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ...

കരുണയുടെ പുഴകൾ
കാത്തു വച്ചിരുന്ന
ആ ഹൃദയത്തെക്കുറിച്ച്  
ഓർമ്മിക്കുമ്പോൾ ...

കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്!

വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു പോകാൻ വേണ്ടി ഒരു ചെറിയ പലക മാത്രം വച്ചിട്ടുണ്ട്. കഷ്ടിച്ച് ഒരാൾക്കു നടന്നു പോകാനുള്ള വീതിയേയുള്ളൂ. മുന്നോട്ടു പോകാൻ അൽപം ഭയം തോന്നി. കുഴിയിലെങ്ങാനും വീണാലോ?

തിരിച്ചുപോയി മറ്റൊരു വഴിയേ മടങ്ങാനുള്ള മടി കാരണം ഒരാവേശത്തിന് പലകയ്ക്കു മുകളിലൂടെ ബൈക്ക് മുന്നോട്ടെടുത്തു. എന്തു സംഭവിക്കരുത് എന്നു ചിന്തിച്ചോ അതു തന്നെ സംഭവിച്ചു. കൃത്യം പലകയ്ക്കു നടുവിലെത്തിയപ്പോൾ ബൈക്ക് ഓഫായി. കാലു കുത്താൻ പറ്റില്ല. വശങ്ങളിൽ നല്ല കുഴിയാണ്. ചങ്കിലൂടെ ഓരാന്തൽ കടന്നു പോയി!

ഓടയ്ക്കുള്ളിലേക്ക് വീണു എന്നു തന്നെ കരുതി. പക്ഷെ എന്തോ ഭാഗ്യത്തിന് ബൈക്ക് നേരെ പിറകോട്ടുരുണ്ടു. ഓടയുടെ വക്കിലെ പച്ചമണ്ണിൽ ഞാനും എനിക്കു മീതെ ബൈക്കും നിലംപൊത്തി. എടുത്തിട്ട മണ്ണായതുകൊണ്ട് കാര്യമായൊന്നും പറ്റിയില്ലെങ്കിലും ആ വീഴ്ച വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു.

ബൈക്കിനടിയിൽ നിന്നും ഒരു വിധത്തിൽ കാലു വലിച്ചെടുത്ത് ഞാൻ ചാടിയെഴുനേറ്റു. വെള്ളക്കുപ്പായത്തിൽ നിറയെ ചെമ്മണ്ണിന്റെ
ചായക്കൂട്ടുകൾ! എവിടെ നിന്നോ ധൈര്യം സംഭരിച്ച് ഞാൻ ബൈക്ക് നിവർത്തി സ്റ്റാൻഡിൽ വച്ചു. ശരീരം എവിടെയൊക്കെയോ ചെറുതായി വേദനിക്കുന്നുണ്ട്.

പൊള്ളുന്ന വേനൽച്ചൂടിൽ പരിസരങ്ങൾ തീർത്തും വിജനമായിരുന്നു. 'ഒരാളു പോലുമില്ലല്ലോ സഹായിക്കാൻ' എന്ന് ആശങ്കപ്പെട്ട ആ സ്ഥലത്ത് എന്നെ സഹായിക്കാൻ ഒരാൾ ഉണ്ടായിരുന്നു. എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയ, ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാൾ!

എന്നും പള്ളിയിലേക്കു പോകുന്ന വഴിക്ക് ആ വളവിലെ കടത്തിണ്ണയിൽ ഒരു പാവപ്പെട്ട വൃദ്ധ കൂനിക്കൂടിയിരിക്കുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. എപ്പോഴും അവർ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാനവരെയോ അവരെന്നെയോ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ബൈക്കിൽ നിന്നു വീണ ദിവസവും വിജനമായ വഴിവക്കിലെ ആ കടത്തിണ്ണയിൽ അവരുണ്ടായിരുന്നു. ഞാൻ വീഴുന്നതു കണ്ട് അവർ അന്ധാളിച്ച് എഴുനേറ്റു. പിന്നെ പ്രാഞ്ചി പ്രാഞ്ചി ഓടി വന്നു. വീണു കിടക്കുന്ന എന്നെ ഒരു തരത്തിലും സഹായിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അവർ അത്രമേൽ ദുർബലയായിരുന്നു.

പക്ഷെ അവർ രണ്ടു കൈകളും കഷ്ടപ്പെട്ട് ഉയർത്തി നിലവിളിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ വിളിച്ചു പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്കെന്തോ വലിയ മുറിവു പറ്റിയെന്നു കരുതി ആരെയൊക്കെയോ സഹായത്തിനു വിളിക്കുകയായിരുന്നു ആ അമ്മ.

പക്ഷെ...!

എത്ര പരിശ്രമിച്ചിട്ടും അവരുടെ തൊണ്ടയിൽ നിന്ന് ഒരു ചെറിയ ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. പിന്നെയാണു മനസ്സിലായത് ആയമ്മയ്ക്ക് സംസാരിക്കാനും കേൾക്കാനും കഴിയില്ലായിരുന്നു എന്ന്.

പക്ഷെ എന്നെ സഹായിക്കാനുള്ള അവരുടെ പരിശ്രമവും അതിനു കഴിയാതെ വന്നപ്പോഴുള്ള അവരുടെ നിസ്സഹായതയും സങ്കടവും ആധിയുമൊക്കെ കണ്ടപ്പോൾ ഹൃദയം വല്ലാതെ പിടഞ്ഞു. എനിക്കൊന്നും പറ്റിയില്ല എന്ന് ബോധ്യപ്പെടുത്തി അവരെ സാന്ത്വനിപ്പിക്കാൻ ഞാൻ നന്നേ പാടുപെട്ടു.

വീണു കിടന്നപ്പോൾ അവരുടെ നിലവിളി കേൾക്കാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും പിന്നീട്  ആ രംഗമോർമ്മിച്ചപ്പോഴൊക്കെ, ആ നിലവിളി ഞാൻ പല തവണ കേട്ടു.  

പീന്നീട് രണ്ടോ മൂന്നോ തവണ മാത്രമേ ഞാനവരെ കണ്ടിട്ടുള്ളൂ. പുഞ്ചിരിക്കാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചപ്പോൾ നിസംഗമായ ഒരു നോട്ടം കൊണ്ട് എന്നെ നേരിട്ട് അവർ നിശബ്ദയായിരുന്നു.

അപരിചിതനെങ്കിലും വീണുപോയ ഒരു സഹജീവിക്കു വേണ്ടി നീട്ടപ്പെട്ട അവരുടെ മെല്ലിച്ചുണങ്ങിയ കരങ്ങൾ എത്ര സുന്ദരമായിരുന്നു! അവനു വേണ്ടി ഉതിർന്ന അവരുടെ കേൾക്കാത്ത നിലവിളി എത്ര മധുരമായിരുന്നു. വരണ്ടു വിണ്ടു കീറിയ മനസ്സുള്ള മനുഷ്യർ പെരുകുന്ന ഈ കാലത്തും കരുണയുടെ പുഴകൾ കാത്തു വച്ചിരുന്ന ആ ഹൃദയം എത്ര സുരഭിലമായ വിചാരമാണ്!

ഒരുപക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?

ഫാ ഷീൻ പാലക്കുഴി

 

Foto

Comments

leave a reply