Foto

ഒരു സമർപ്പിതയുടെ മരണവും ഈസ്റ്ററിന്റെ ചോദ്യങ്ങളും

അടഞ്ഞ കല്ലറകള്‍ ഭീകരങ്ങളാണ്! കൂരിരുളാണവിടം... നിരാശയുടെ തടവറകൾ... മരണഗന്ധത്തിനുപോലും വീർപ്പുമുട്ടലാണവിടെ...

കാൻസർ ബാധിച്ച് അതിഗുരുതരാവസ്ഥയിലായി, അതികഠിനമായ ശാരീരികവേദന താങ്ങാനാവാതെ,
വലിയ മാനസികവ്യഥയനുഭവിച്ച്, 'ഞാൻ കിണറ്റിലുണ്ടാവും' എന്ന് കുറിപ്പെഴുതിവച്ച് ഈ ഈസ്റ്റർകാലത്ത് മരണത്തിലേക്ക് ഊളിയിട്ട ബഹു. സി. മേബിൾ ജോസഫിന്റെ
വേദനിപ്പിക്കുന്ന  സ്മരണയാണ് ഇപ്പോൾ അടഞ്ഞ കല്ലറയുടെ  ഈ  ഇരുളും നിരാശയും വീർപ്പുമുട്ടലുമായി എന്റെ ചിന്തയെ വല്ലാതെ മഥിക്കുന്നത്.

കല്ലറ ഒരു പ്രതീകമാണ് - ജീവിതത്തിലെ അടഞ്ഞ അവസ്ഥകളുടെ പ്രതീകം. ഈയര്‍ത്ഥത്തില്‍, രോഗാവസ്ഥ ഒരു കല്ലറയവസ്ഥയാണെന്നു പറയാം. അവിടെ ഒരാള്‍ ദുര്‍ബലനും നിസ്സഹായനുമായിത്തീരുന്നു. അവിടെ കോശങ്ങള്‍ കെട്ടുപോകുന്നതിന്റെ ദുര്‍ഗന്ധം തളംകെട്ടിനില്ക്കുന്നു. അവിടെ ആശങ്കയുടെയും ആകുലതകളുടെയും നിരാശയുടെയും കൂരിരുട്ടുണ്ട്. അവിടെ വല്ലാത്ത ഒരു നിസ്സംഗതയുണ്ട്. ജീവിതത്തോടുള്ള ആഗ്രഹം പോലും ഇല്ലാതാക്കിയേക്കാം രോഗം. അത്തരം ഒരു ദുരന്തമാണ് ബഹുമാനപ്പെട്ട സിസ്റ്ററിനുണ്ടായത്. കർത്താവിൻ്റെ കരുണയ്ക്ക് സിസ്റ്ററിൻ്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. സിസ്റ്ററിൻ്റെ ആത്മശാന്തിക്കായി ഞാൻ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

ഈസ്റ്ററും കിണറും

യേശുക്രിസ്തുവിൻ്റെ തിരുവുത്ഥാനത്തിലൂടെ ക്രിസ്തുവിശ്വാസികൾക്ക് ഒരവകാശം നഷ്ടപ്പെട്ടിരിക്കുകയാണ് - നിരാശപ്പെടാനുള്ള അവകാശം! പ്രത്യാശയുടെ നിത്യസ്രോതസ്സാണ് ഒഴിഞ്ഞ കല്ലറ. ഉത്ഥിതനിൽ വിശ്വസിക്കുന്നയാൾക്ക്  നിരാശയിൽ ആണ്ടുപോകാൻ സാധിക്കില്ലതന്നെ.
എന്നിട്ടും, കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ സമർപ്പിതർക്കിടയിൽ ഇരുപതോളം ആത്മഹത്യകൾ നടന്നിട്ടുണ്ട് എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത കണക്കുകൾ. വൈദികരുടെ ആത്മഹത്യകൾ വേറെ ... സാമൂഹ്യശാസ്ത്രപരമായും മനശ്ശാസ്ത്രപരമായുമൊക്കെ ഈ ആത്മഹത്യകളെ വിശകലനം ചെയ്യേണ്ടത് ആവശ്യംതന്നെ. എന്നാൽ, ദൈവശാസ്ത്രപരമായ അവലോകനമാണ് അത്യാവശ്യം എന്നു ഞാൻ വിശ്വസിക്കുന്നു.   ക്രൈസ്തവരുടെ ആത്മഹത്യകളെ സഭ കാണേണ്ടത് ഉത്ഥാന വിശ്വാസത്തിലുള്ള പരാജയമായാണ്.  സമർപ്പിതരുടെ ആത്മഹത്യകളോ ഗൗരവതരമായ ആത്മപരിശോധനയിലേക്കു സഭയെ നയിക്കണം. ഉത്ഥാനവിശ്വാസത്തിന് കേരളസഭയിലുള്ള സ്ഥാനത്തെക്കുറിച്ച് ഒരു തുറന്ന ചർച്ചയ്ക്കും പഠനത്തിനും നാം തയ്യാറാകണം.

ഏതാനും ഈസ്റ്റര്‍ ചോദ്യങ്ങള്‍...

1. കേരള സഭയില്‍ ഉത്ഥിതന്‍ വേണ്ടത്ര പ്രഘോഷിക്കപ്പെടുന്നുണ്ടോ?
2. വിശ്വാസപരിശീലനത്തിലും സെമിനാരി-സമർപ്പിത പരിശീലനമേഖലകളിലും ഉത്ഥാനത്തിലൂന്നിയ പ്രബോധനം നിലവിലുണ്ടോ?
3. ഉത്ഥിതസംബന്ധിയായ എത്ര പുസ്തകങ്ങള്‍ കാണാന്‍ കൈരളിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്?
4. സഭാമക്കളുടെ മനസ്സില്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍ ഏതാണ്?
5. ഞായറാഴ്ചയാചരണത്തിന്റെ പൊരുള്‍ കേരളസഭാമക്കൾക്ക് ഇനിയും ഗ്രഹിക്കാനായിട്ടുണ്ടോ?
6. പരിശുദ്ധ കുര്‍ബാനയിലെ ഉത്ഥിതസാന്നിദ്ധ്യത്തെക്കുറിച്ച് നാം ബോധവാന്മാരാണോ?
7. ഉത്ഥിതനെ കേന്ദ്രീകരിക്കുന്ന ഭക്താഭ്യാസങ്ങള്‍ നമുക്കുണ്ടോ? നോമ്പുകാലം മുഴുവന്‍ ഏറെ താല്‍പര്യത്തോടെ കുരിശിന്റെ വഴി (via crucis) യിലൂടെ സഞ്ചരിക്കുന്ന നമുക്ക് ഉത്ഥാനകാലത്ത് സഞ്ചരിക്കാന്‍ ഉത്ഥിതന്റെ വഴി (via lucis) സഭയുടെ പാരമ്പര്യത്തിലുണ്ട് എന്നറിയാമോ?
8. എന്തുകൊണ്ടാണ് നമ്മുടെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഉത്ഥിതന്റ പ്രതീകങ്ങൾ വിരളമായിരിക്കുന്നത്?
9. ക്രൈസ്തവഭക്തിഗാനമേഖലയില്‍ സംഗീതആല്‍ബങ്ങളുടെ പ്രളയം ഉള്ള ഇക്കാലത്തും ഉയര്‍പ്പ് കേന്ദ്രപ്രമേയമാക്കുന്ന ഗീതങ്ങള്‍ എത്രയുണ്ട് നമുക്ക്?
10. നമ്മുടെ ധ്യാനങ്ങളിലും കൺവെൻഷനുകളിലും ഉത്ഥാനകേന്ദ്രീകൃതമായ പ്രഘോഷണങ്ങൾ നടക്കാറുണ്ടോ? നമ്മുടെ ഹല്ലേലൂയാഘോഷണം പോലും അർത്ഥം മനസ്സിലാക്കിയുള്ളതാണോ?

ഉത്ഥിതനും സമർപ്പിതരും

ഉത്ഥിതകേന്ദ്രീകൃതമാണ് സഭയെങ്കിൽ ക്രൈസ്തവ ജീവിതത്തിൻ്റെ മൗലികഭാഷ്യം എന്നു വിശേഷിപ്പിക്കാവുന്ന സമർപ്പിതജീവിതത്തിൽ അതു പ്രശോഭിതമാകാതിരിക്കുമോ?  
"ഉത്ഥിതനായ കർത്താവിൻ്റെ സവിശേഷ സാന്നിധ്യത്തിൻ്റെ ചരിത്രത്തുടർച്ചയാണ് സമർപ്പിതർ'' (Vita Consecrata, 19) എന്ന പ്രസ്താവന സമർപ്പിതസമൂഹങ്ങൾ അത്ര കാര്യമായി എടുത്തിട്ടില്ലെന്നു തോന്നുന്നു. "എവിടെയെല്ലാം സമർപ്പിതരുണ്ടോ അവിടെയെല്ലാം ആനന്ദമുണ്ട്" എന്ന ഫ്രാൻസിസ് പാപ്പയുടെ ഉദ്ഘോഷണം (Rejoice, 2014) സമർപ്പിതരുടെ ഉത്ഥാനമാനത്തിന് അടിവരയിടുകയല്ലേ ചെയ്യുന്നത്? യേശുക്രിസ്തുവിനെയും അവിടത്തെ ഉത്ഥാനശക്തിയെയും അറിയേണ്ടതിന് താൻ എല്ലാം ഉച്ഛിഷ്ടമായി കരുതുന്നു എന്ന് കുറിച്ച വി. പൗലോസിൻ്റെ മനോഭാവം (ഫിലി 3,8.10) തന്നെയല്ലേ സർവസംഗപരിത്യാഗികളായ സന്യസ്തരുടേതും? പൗലോസിൻ്റെ ഈ വാക്യം VC 93 ഉദ്ധരിക്കുന്നുണ്ടെന്നതു മറക്കരുത്. സുവിശേഷാത്മക ഉപദേശങ്ങളുടെ പ്രായോഗിക ജീവിതം പെസഹാ രഹസ്യങ്ങളുടെ രണ്ടു മാനങ്ങളിലും - ശൂന്യവത്കരണത്തിലും ഉത്ഥാനത്തിലും - അധിഷ്ഠിതമാണ് എന്ന് വി. ജോൺ പോൾ രണ്ടാമൻ ( Redemptionis Donum, 10) കുറിച്ചതും ഈ ദിശയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. VC 32.88 നമ്പരുകൾ കന്യാത്വവ്രതത്തിൻ്റെ ഉത്ഥാനമാനം കാര്യമായി സ്പർശിക്കുന്നുണ്ട്. അനുസരണത്തിൻ്റെ ഉത്ഥാനതലം ഫിലി 2,8.9 പോലുള്ളതും ദാരിദ്ര്യത്തിൻ്റേത് മത്താ 19,29; 2 കോറി 8,9 പോലുള്ളതുമായ തിരുവചനങ്ങളിൽ നിന്ന് കണ്ടെത്താവുന്നതേയുള്ളൂ. RD 12 ദാരിദ്ര്യവ്രതത്തെ ഉത്ഥാനവുമായി ബന്ധിപ്പിക്കുന്നത് ശ്രദ്ധിക്കുക. സമൂഹത്തിലെ കൂട്ടായ്മയെ VC 42 ചിത്രീകരിക്കുന്നത് അതിസുന്ദരമായാണ്: "ഉത്ഥിതനായ കർത്താവിൻ്റെ നിഗൂഢ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്ന, ദൈവത്താൽ പ്രശോഭിതമാക്കപ്പെട്ട, ഇടം''.

സമർപ്പിതജീവിത പരിശീലനത്തിലും തുടർപരിശീലനത്തിലും ഉത്ഥാന കേന്ദ്രീകൃതത്വമുണ്ടാകേണ്ടതുണ്ട്. സമർപ്പിതർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യയും വിഷാദാവസ്ഥയും നിസ്സംഗമായ ജീവിതവും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. കെസിഎംഎസും സിആർഐയും വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളും സമർപ്പിതർക്കിടയിൽ ഉത്ഥാനദൈവശാസ്ത്രത്തിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞേ തീരൂ. സഭാപ്രബോധനങ്ങളിൽ അങ്ങിങ്ങായി കാണുന്ന സമർപ്പിത ജീവിതത്തിൻ്റെ ഉത്ഥാനമാനങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും പഠനവിഷയമാക്കാനും വിശാലമായ ചർച്ചാവേദികളൊരുക്കാനും അത്തരം പ്രസ്ഥാനങ്ങൾക്കു കഴിയണം. സമർപ്പിതാധ്യാത്മികതയുടെയും വ്രതങ്ങളുടെയും സമൂഹജീവിതത്തിൻ്റെയും വിവിധ ശുശ്രൂഷകളുടെയും ഉത്ഥിത കേന്ദ്രീകൃതത്വം ഇനിയുള്ള കാലത്തെ മുഖ്യ പഠനവിഷയമാകണം.

ഉപസംഹാരം

അച്ചൻ്റെയോ സന്യാസിനിയുടെയോ ആത്മഹത്യ സമൂഹത്തിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. ജീവൽസംസ്കാരത്തിൻ്റെ കാര്യത്തിൽ സമൂഹം നമ്മിൽ അത്രയ്ക്കു പ്രതീക്ഷ വച്ചിരിക്കുന്നു എന്നാണ് അതിൻ്റെയർത്ഥം. അതിനു വിരുദ്ധമായ ഒന്ന് സമൂഹത്തിനുതന്നെ താങ്ങാനാവുന്നതിനും അപ്പുറമാണ്.

തീർച്ചയായും ഈ പ്രശ്നത്തെ പല തലങ്ങളിലൂടെ സമീപിക്കേണ്ടതുണ്ട്.  ഗുരുതരമായ ഈ വിഷയത്തോടുള്ള ദൈവശാസ്ത്രപരമായ പ്രതികരണത്തിനായുള്ള ഒരു ക്ഷണമായാണ് ഈ കുറിപ്പിനെ കാണേണ്ടത്.

ഫാ. ജോഷി മയ്യാറ്റിൽ

Foto
Foto

Comments

leave a reply