Foto

കരിക്കോട്ടക്കരി... ഒരു വായന.

പുലയരുടെ കാനാൻദേശമായ കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിലെ പുലയ ക്രിസ്ത്യാനികളുടെ ജീവിത സംഘർഷങ്ങൾ അനുഭവവേദ്യമാക്കുന്ന രചനാ കൗശലമാണ് ഈ പുസ്തകത്തിന്റെ ആരൂഢം. പരിവർത്തനം ചെയ്യുന്നതിനിടയിൽ നഷ്ടമായ സ്വത്വത്തെ തേടിയ ഒരുകൂട്ടം ആളുകളുടെ കഥയാണിത്.

ആഢ്യരും  രൂപ സൗകുമാര്യം ഉള്ളവരുമായ "അധികാരത്തിൽ "  എന്ന  കുടുംബത്തിൽ പിറന്ന കരിപൊലെ കറുത്തവനായ ഇറാനിമോസ്, പുലയരുടെ സ്വന്തം കരിക്കോട്ടക്കരിക്കാരനാണ് എന്ന ഓർമപ്പെടുത്തലുകളുടെയും കുത്തുവാക്കുകൾക്കിടയിലും ആണ് വളർന്നത്. സ്വന്തം കുടുംബക്കാർക്കിടയിൽ രൂപചേർച്ചയില്ലാതെ  വളർന്ന അവൻ സതീർഥ്യനെ കണ്ടെത്തുന്നതും കരിക്കോട്ടക്കരിയിൽ നിന്ന് തന്നെ ആയത് യാദൃ യാദൃച്‌ഛികമല്ല. ഹറാംപിറന്നവനാണ് താനെന്ന മിഥ്യാബോധം ഇറാനിമോസിനെ കുടുംബക്കാർക്കിടയിൽ സ്വയം ഭ്രാഷ്ടനാക്കി. കുറ്റപ്പെടുത്തലിൻ  കൂരമ്പുകൾ മകനിൽ തറയ്ക്കുമ്പോൾ നിസ്സഹായതയോടെ കണ്ടുനിന്ന അമ്മയിൽ അവൻ കണ്ടത് പിയാത്തയിലെ വ്യാകുല മാതാവിനെ ആയിരുന്നു.

സ്വയം ഭ്രഷ്ടനായ ഇറാനിമോസിനെ മാറോടണച്ചത് കരിക്കോട്ടക്കരിയുടെ പുണ്യവാളനായായ  നിക്കോളസച്ചനായിരുന്നു.ഒരുതുണ്ട് ഭൂമിപോലും ഇല്ലാതിരുന്ന പുലയരെ അച്ചൻ കറിക്കോട്ടക്കരിയിൽ കൊണ്ടുവന്നു ഭൂമി വാങ്ങി പകുത്തു നൽകി, അവർക്ക് യൂറോപ്യർ ഉപയോഗിച്ച കൊള്ളാവുന്ന വസ്ത്രങ്ങൾ നൽകി. അവരൊക്കെ പുതു ക്രിസ്ത്യാനികളായി. ചേരമാന്മാരെ അച്ചൻ തൂപ്പ് കാട്ടി ആടിനെ കൊണ്ടുപോകുന്നപോലെ കൊണ്ടുപോയി എന്ന് വിലപിക്കുന്ന പുലയരെയും പുസ്തകത്തിൽ കാണാം.

പുലയനാർകോട്ട വാണ റാണിയുടെ ഊർജ്ജം ഉള്ളിലുറഞ്ഞ കണ്ണമ്മചേച്ചി, അഞ്ചലോട്ട സമയത്തു കൊന്തയെ അയിത്തത്തിനെതിരെ പരിചയാക്കുകയും മറ്റെല്ലായ്‌പ്പോഴും  പുലയനായി തുടരുകയും ചെയ്ത  ചാഞ്ചൻ വല്യച്ഛൻ, ക്രിസ്ത്യാനിക്കു താൻ പുലയനും പുലയന് താൻ ക്രിസ്ത്യാനിയുമാണെന്ന് തിരിച്ചറിഞ്ഞു സുമേഷ് എന്ന് പേര് സ്വീകരിച്ച സെബാൻ, തങ്ങളുടെ നഷ്ട സ്വത്വം തിരിച്ചെടുക്കാനാണ് സഹോദരൻ സെബാൻ സുമേഷ് ആയതെന്നു വിശ്വസിച്ച ബിന്ദു,  ഇറാനിമോസിന്റെ പ്രണയം തട്ടികളഞ്ഞിട്ട്  വിപ്ലവത്തിൽ അഭയം തേടിയവളാണ് .. വംശത്തിന്റെ അതിരുകൾ തന്നെപ്പോലൊരു സാധാരണക്കാരന് മായ്കാനാവില്ലെന്ന് സെബാൻ തിരിച്ചറിഞ്ഞത് പ്രണയിനിയും സഹധർമ്മിണിയുമായ സൗമ്യ  സി ചാക്കോ  എന്ന ഉന്നത കുലജാതയുടെ വേർപിരിയലിന്റെ കാരണങ്ങളിലാണ്.

         മിഴിവേറിയ കഥാപത്രങ്ങളാൽ കുടിയേറ്റ ജീവിതത്തിന്റെ, ക്രിസ്ത്യൻ പുലയ ജീവിതത്തിന്റെ,സങ്കീർണതകളും വിഹ്വലതകളും  പ്രകടമാക്കുന്നു  ഈ പുസ്തകം. DC books  പ്രസിദ്ധീകരിച്ച, വിനോയ് തോമസ്ന്റെ നോവൽ ആണ് കരിക്കോട്ടക്കരി.

✍️ നിരൂപണം : അനീഷ് കണ്ണനുമണ്ണ്

Comments

leave a reply