Foto

കെസിബിസി സമ്മേളനം ആഗസ്റ്റ് 3 മുതല്‍ 7 വരെ

കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷൻ്റെ നേതൃത്വത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം 2026 ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെൻ്റ് തോമസില്‍വച്ച് നടക്കും. 'പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും' എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യവിഷയം. വിഷയത്തെ ആസ്പദമാക്കി സീറോ മലബാര്‍ ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, കെസിബിസി ഡോക്ട്രിനല്‍ കമ്മീഷന്‍ ജോയിൻ്റ് സെക്രട്ടറി റവ. ഡോ. മാര്‍ട്ടിന്‍ എന്‍ ആന്റണി ഒഡിഇഎം എന്നിവര്‍  പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി പ്രസിഡൻ്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍  ഡോക്ട്രിനല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. ആര്‍.ബി. ഗ്രിഗറി, ശ്രീ കെ.ജെ. ആന്റണി, റവ. സി. ഡോ. മേരി ആന്‍ സി.എം.സി. എന്നിവര്‍ വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് മോഡറേറ്ററായിരിക്കും.

കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.

2026 ആഗസ്റ്റ് 3 തിങ്കളാഴ്ച വൈകിട്ട്  5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 7 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. റവ. ഫാ. ബിനോയി കരിമരുതിങ്കൽ ആണ് ധ്യാനം നയിക്കുന്നത്.

Comments

leave a reply

Related News