പുരുഷന്മാരിലെ സ്തനാർബുദം അറിയേണ്ടവ
ജോബി ബേബി
,കുവൈറ്റ് ഐക്യരാഷ്ട്രസഭ ലോക സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനും ലക്ഷ്യമിട്ടാണ് മാസാചരണം. സ്തനാർബുദം സ്ത്രീകളിൽ മാത്രമുണ്ടാകുന്ന അസുഖമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ, ഇത് പുരുഷന്മാരിലും കണ്ടുവരുന്നുണ്ട്. പുരുഷന്മാരുടെ സ്തന കോശങ്ങളിലാണ് അർബുദം ബാധിക്കുന്നത്. പുരുഷന്മാരിലെ സ്തനാർബുദം കണ്ടുപിടിക്കാൻ കൂടുതൽ എളുപ്പമാണ്. ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ഉടൻതന്നെ ചികിത്സ തേടണം. ചികിത്സിച്ചാൽ മാറാവുന്ന രോഗമാണ് അർബുദം എന്ന് മനസ്സിലാക്കണം.
സ്തനങ്ങളിലെ ചുവപ്പും മുലകൾക്ക് ചുറ്റുമുള്ള ചർമം വരണ്ടുണങ്ങുന്നതും മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണ്. ട്യൂമർ വളരാൻ തുടങ്ങുന്നതോടെ ലിഗ്മെൻറുകൾ സ്തനങ്ങൾക്കുള്ളിലേക്ക് വലിയാൻ തുടങ്ങും. ഇത് സ്തനങ്ങളിൽ മാറ്റം വരുത്തും. കൂടാതെ സ്തനങ്ങളിൽനിന്ന് ചെറിയ തുള്ളികളായി ദ്രാവകങ്ങൾ പുറംതള്ളപ്പെടും. ഇതുകണ്ടാൽ ഉടൻ പരിശോധനകൾ നടത്തണം.സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാവുന്ന പ്രായത്തേക്കാള്‍ കൂടുതലാണ് പുരുഷന്മാരുടെത്. ലക്ഷണങ്ങള്‍ നോക്കി പെട്ടെന്ന് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നതും പുരുഷന്മാര്ക്കാണ്. ഇന്നത്തെ കാലത്ത് പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യത വർധിച്ചുവരുന്ന അവസ്ഥയാണ്. സ്തനാര്‍ബുദത്തിനുള്ള സാധ്യത പുരുഷന്മാരിലും കാണപ്പെടുന്നതിനാല്‍ ഒരിക്കലും സ്തനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തള്ളിക്കളയരുത്.
സ്തനാർബുദം പൊതുവേ സ്ത്രീകൾക്ക് വരുന്ന രോഗമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണ്. ഇതുമൂലം ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യത കൂടുതലാണ്.
പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും അവ കണ്ടെത്തുന്നത് അവസാനഘട്ടങ്ങളിൽ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോഗചികിത്സയിൽ നിർണായകമാണ്. പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ മുഖ്യ ലക്ഷണങ്ങൾ ഇവയാണ്:
1. മുഴ
സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളിൽ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ആദ്യലക്ഷണം
2. സ്തനത്തിൽ ചുവപ്പ്, വരണ്ട ചർമം
മുലക്കണ്ണിനുചുറ്റും ചുവപ്പുനിറവും ചർമം വരണ്ടിരിക്കുന്നതും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.
3. മുലക്കണ്ണിൽ നിന്നു ദ്രാവകം
ഷർട്ടിൽ കറ പോലെയുള്ള പാട് കാണപ്പെടുമ്പോൾ ആദ്യം അത് ചായയോ കാപ്പിയോ വീണതാണെന്ന് നാം കരുതും. പക്ഷേ ഈ കറ എപ്പോഴും നെഞ്ചിന്റെ ഒരേ ഇടത്തിലാണ് കാണപ്പെടുന്നതെങ്കിൽ അവ മുലക്കണ്ണിൽ നിന്നു പുറപ്പെടുന്ന ദ്രാവകം മൂലമായിരിക്കാം. ഇതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്.
4. മുലക്കണ്ണിൽ പ്രകടമായ മാറ്റം
മുഴ വരുമ്പോൾ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാൽ മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ചിലരിൽ ചെതുമ്പൽ പോലെയുള്ള ചർമവും ഈ ഭാഗത്ത് ഉണ്ടാകും.
5. മുലക്കണ്ണിൽ മുറിവടയാളം
ഒരു മുഖക്കുരു പറിച്ചെടുക്കുമ്പോൾ കാണുന്നതുപോലെയുള്ള മുറിവ് മുലക്കണ്ണിൽ പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്.
6.നെഞ്ച് വേദനയോ നിപ്പിളിലെ വേദനയോ
സ്തനാര്‍ബുദത്തിന്റെ തുടക്കത്തില്‍തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും സ്തനങ്ങളില്‍ വരുന്നു. നെഞ്ചുവേദനയും നിപ്പിളിലുണ്ടാവുന്ന വേദനയും ഇതിെൻറ ഭാഗമാകാം. ഒരു ജോലിയിലും ഏര്പ്പെടാതിരിക്കുമ്പോള്തന്നെ ഈ വേദനകള്‍ നിങ്ങളില്‍ ഉണ്ടാകുന്നു. ഇത്തരം വേദനകള്‍ നെഞ്ചിലോ നിപ്പിളിലോ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്.
7.ചര്‍മത്തിലെ മാറ്റങ്ങള്‍:
പുരുഷന്മാരിലെ സ്തനാര്‍ബുദം സ്തനങ്ങള്‍ക്ക് ചുറ്റുമുള്ള ചർമത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മം ചുവന്ന് തടിക്കുന്നതിനും റാഷസും ചൊറിച്ചിലും ഉണ്ടാവുകയും ചെയ്യുന്നു. ദ്രവങ്ങളുടെ കൂട്ടം പേശികളിലെ ടിഷ്യൂ വലുതാവുന്നതിനനുസരിച്ച് ഇന്ഫെക്ഷന് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
8.ലസിക ഗ്രന്ഥികളുടെ വലിപ്പം
കക്ഷത്തിനടുത്തായുള്ള ലസിക ഗ്രന്ഥികളുടെ വലുപ്പം വർധിച്ചുവരുന്നു. സ്തനാര്‍ബുദം ലസിക ഗ്രന്ഥികളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുന്നു.
9.എല്ലുകളില്‍ വേദന
സ്തനാര്‍ബുദം നിങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. എല്ലുകളില്‍ അതികഠിനമായ രീതിയില്‍ വേദന അനുഭവപ്പെടുന്നു. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് വെറും അസ്ഥികളിലെ വേദനയെന്ന് കരുതി വെറുതെ വിടുന്നു.
10. കടുത്ത കരൾ രോഗം പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ലിവർ സിറോസിസ് പോലെയുള്ള അസുഖങ്ങൾ ഈസ്ട്രജൻ ഹോർമോണിന്റെ തോത് വർധിപ്പിക്കുന്നതാണ് ഇതിനു കാരണം. ചില ജനിതക കാരണങ്ങളും സ്തനാർബുദത്തിനു കാരണമാകാറുണ്ട്.
തിരിച്ചറിയാനുള്ള വഴികള്‍
ബയോപ്സി വഴി പുരുഷന്മാരുടെ സ്തനാര്‍ബുദം വേഗത്തില്‍ കണ്ടെത്താം. ബ്രെസ്റ്റ് സെല്‍ഫ് എക്സാം, നിപ്പിള്‍ ഡിസ്ചാര്‍ജ്, അള്‍ട്രാ സൗണ്ട് എന്നിവ വഴിയെല്ലാം പുരുഷന്മാരിലെ സ്തനാര്‍ബുദത്തെ കണ്ടെത്താവുന്നതാണ്. ഇതാണ് ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിയാനുള്ള വഴികള്‍.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).
Comments
REENA RAJAN
Informative