Foto

പാലയൂരിൻ്റ ജൂത പാരമ്പര്യം

കേരള ചരിത്രത്തിൽ ജൂതൻമാരുടെ കുടിയേറ്റത്തെ കുറിച്ച് ചരിത്രകാരൻമാരുടെ ഇടയിൽ തന്നെ ഒട്ടേറെ തർക്കങ്ങൾ ഉണ്ട്.അതിൽ ഭൂരിഭാഗം പേരും കരുതി പോരുന്നത് ജൂതൻമാർ കേരളത്തിൽ ആദ്യമായി വാസമുറപ്പിച്ചത് പാലയൂർ ആണെന്നാണ്. പിന്നീട് ഇവിടെനിന്നും ജൂതർ കൊടുങ്ങല്ലൂരിലേക്കും പിന്നീട് മറ്റു പല ഭാഗങ്ങളിലേക്കും മാറി താമസിക്കുകയും അവസാനം കൊച്ചി ജൂതൻമാരുടെ പ്രിയപ്പെട്ട സ്ഥലമായി മാറുകയും ചെയ്തതെന്നാണ് ചരിത്രം പറയുന്നത്.

കേരളത്തിൽ ജൂതൻമാരുടെ പ്രഥമ അധിവാസ കേന്ദ്രമായിരുന്നു പാലയൂർ. ഈ കാരണത്താൽ ആയിരിക്കണം ക്രിസ്തു ശിഷ്യനായ തോമസ് കേരളത്തിലേക്ക് എത്തിചേർന്നട്ടുണ്ടായിരിക്കുക. അദ്ദേഹത്തിൻ്റെ പ്രേഷിത പ്രവർത്തനത്തിൻ്റെ ഫലമായാണ് ക്രിസ്ത്യൻ സമൂഹം കേരളത്തിൽ ഉണ്ടായത് എന്നുള്ളത് നിസ്തർക്കമത്രെ. പുരാതന പാലയൂർ പാലൂർ എന്നാണ് അറിയപ്പെട്ടിരുന്നത്.

എ . ഡി . രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി ( Claudius Ptolemy ) യുടെ ഭൂമിശാസ്ത്ര ഗ്രന്ഥത്തിൽ കാണുന്ന "പാലുറാ" എന്ന സ്ഥലനാമം പാലയൂരിനെയാണ് സൂചിപ്പിക്കുന്നതെന്ന് Malabar Gazetteer- ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പാലയൂർ ബ്രാഹ്മണ കുലത്തിന് പ്രശസ്തി കേട്ട സ്ഥലമായിരുന്നു. ഈ കാലത്ത് തന്നെ പാലയൂരിൽ ജൂതൻമാരുടെ ഒരു സിനഗോഗ് ഉണ്ടായിരുവെന്ന് പറയപ്പെടുന്നു.

കാർകുഴലി എന്ന ജൂത മലയാള നാടൻ പാട്ടുകളിൽ (Folk song ) നിന്നു തന്നെ പാലയൂരിൻ്റെ ജൂത പാരമ്പര്യം മനസ്സിലാക്കാവുന്നതാണ്.

"പാലൂ കടലാരികെ അയ്യയ്യ

പാലുകുറ്റി മരങ്ങൾ കണ്ടെൻ അയ്യയ്യ

പാലൂകടലാരികെ അയ്യയ്യ

എറങ്ങി കുളിച്ചാൽ കിളി അയ്യയ്യ

പാലൂർ കടൽ അറിവെൻ അയ്യയ്യ

പനംകുറ്റി മരങ്ങൾ കണ്ടെൻ അയ്യയ്യ"

ഈ ഗാന രൂപങ്ങളിൽ നിന്നും ആദ്യം ജൂതൻമാർ പാലയൂരിൽ ആണ് വന്നതെന്നും പിന്നീട് മറ്റു പല സ്ഥലങ്ങളിലേക്ക് ചേക്കേറിയതെന്നും പറയുന്നത്. പാലയൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കാണ് പോയതെന്നും അതല്ല ചേന്ദമംഗലത്തേക്കാണ് പോയതെന്നും തർക്ക വിഷയമാണെങ്കിലും ആദ്യം വന്നത് പാലയൂരിലേക്കാണ് എന്നത് നിസ്തർക്കമാണ് കൂടാതെ ഈ ഗാനങ്ങളിൽ നിന്നും ജൂതൻമാർ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേത് നാടോടികളെപ്പോലെ മാറി മാറി താമസിച്ചിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.

ജൂതൻമാരുടെ ഈ യാത്ര പല സ്ഥലങ്ങളിലേക്ക് തുടരുകയും അവസാനം കൊച്ചിയിൽ കുടിയേറ്റം അവസാനിപ്പിച്ചിരുന്നതായും ചരിത്രം പറയുന്നു. കാരണം കൊച്ചിയിലെ ഭരണാധികാരി നല്ല രീതിയിൽ അരോട് ഇടപ്പെടുകയും അവർക്ക് വേണ്ട സംരക്ഷണം നല്കുകയും ചെയ്തു. അങ്ങനെ കൊച്ചി ജൂതൻമാരുടെ സ്ഥിര താമസത്തിനു യോഗ്യമായ സ്ഥലം മാറുകയും അവരുടെ പ്രിയപ്പെട്ട സ്ഥലമായി മാറുകയും ചെയ്തു.

അതിപുരാതനമായ ജൂത സിനഗോഗ് (പാലയൂരിലെ ) നശിച്ചു പോയതു കൊണ്ടാകാം AD 1685-ൽ "എസക്കിയേൽ റബ്ബി" ഒരു സിനഗോഗ് പാലയൂരിൽ പണിയിപ്പിച്ചതായി അഡ്വ. പ്രേം ഡോസ് സ്വാമി യഹൂദി തൻ്റെ The Shingly Hebrew's (Page 105) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാലയൂരിൽ ഉണ്ടായിരുന്ന ജൂത കുടുംബങ്ങൾ ക്രമേണ സ്ഥലം വിട്ടുപോയി ഏതാനും ജൂത കുടുംബങ്ങൾ 17-ാം നൂറ്റാണ്ടിലും ഉത്തരാർദ്ധത്തിലും പാലയൂരിൽ ഉണ്ടായിരുന്നു. ആംസെറ്റർഡാമിൽ നിന്നെത്തിയ യഹൂദ സംഘത്തിലെ അംഗമായിരുന്ന മോസ്സ പെരേര ദി പായ്യ 1687-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പാലയൂരിൽ 10 ജൂത കുടുംബങ്ങളുള്ള ഒരു കോളനിയും അതിന് സമീപമായി ഒരു സിനഗോഗും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ സാഹചര്യങ്ങൾ ജൂതൻമാരെ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറാൻ സമ്മർദം ചെല്ലുത്തിയെന്ന് ചരിത്രം പറയുന്നു. ജൂതൻമാർ പാലയൂർ വിട്ടു പോയപ്പോൾ അന്ന് തിയ്യ സമുദായത്തിൽപ്പെട്ട ഒരാളെ സിനഗോഗ് നിന്നിരുന്ന സ്ഥലത്തിന് അടുത്ത് പാർപ്പിക്കുകയും ദിവസവും രാത്രി സിനഗോഗിൽ വിളക്ക് തെളിയിക്കുവാൻ നിർദ്ധേശിക്കുകയും ചെയ്തിരുന്നു. തലമുറകളായി ഏറ്റെടുത്ത ദൗത്യം 19-ാം നൂറ്റാണ്ടിൻ്റെ അവസാനം വരെ തുടർന്നു. അതിനു കാരണമായി പറയുന്നത് ഈ തിയ്യ കുടുംബം ഈ പ്രദേശത്തു നിന്നും മാറി പോയി എന്നാണ് അതോടെ ഈ വിളക്ക് തെളിയിക്കൽ നിൽക്കുകയും ചെയ്തു.

പുരാതന പാലയൂരിൽ ഒരു ഉയർന്ന പ്രദേശത്താണ് ജൂതൻമാർ താമസിച്ചിരുന്നത് അതിനാൽ ആ പ്രദേശം ജൂതൻകുന്ന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് പ്രധാന അങ്ങാടിയും അവിടെ തന്നെയായിരുന്നു. പിന്നീട് കാലക്രമത്തിൽ അതിലൂടെ റോഡ് വരികയും കുന്ന് സമതലമാക്കുകയും ചെയ്തു. ആ പ്രദേശം ഇന്ന് ജൂതൻ ബസാർ എന്ന പേരിൽ അറിയപ്പെടുന്നു. പാലയൂരിലെ ജൂതൻ കുന്നിന് സമീപമുള്ള ഒരു റോഡിന് ജൂത സ്ട്രീറ്റ് എന്ന പേരും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബോഡിൽ ജൂതൻബസാർ എന്നും ഇപ്പോഴും കാണുവാൻ സാധിക്കും.പാലയൂർ പള്ളിയും ചരിത്ര സ്നേഹികളും ചേർന്ന് ജൂതൻ കുന്നിൻ്റെ ഓർമ്മയ്ക്കായി ഒരു ജൂത സ്മാരകം ജൂതൻ കുന്നിൽ പണി കഴിപ്പിച്ചു. ജൂത സ്മാരകത്തിൻ്റെ പല പ്രതീകങ്ങളും ഈ സ്മാരകത്തിൽ ചിത്രീകരിച്ചിട്ടുണ്ട് ദൈവം മോശയ്ക്കു നല്കിയ പ്രമാണ പലകകൾ, ബൈബിൾ ചുരുളുകൾ ,സപ്തശാഖകളുള്ള "മിനോറ" എന്ന വിളക്ക്, ജൂതൻമാരുടെ നിയമഗ്രന്ഥം (തോറ), ദാവീദിൻ്റെ നക്ഷത്രം, തുടങ്ങിയവ സ്മാരകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പാലയൂരിലെ ജൂത പാരമ്പര്യത്തിൻ്റെ അതിശക്തമായ തെളിവുകളിൽ ഒന്നാണ് "തോറ ഫിനിയൽ " ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ ഇന്നും കാണാവുന്നതാണ്. അത് കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് കൊണ്ടുവന്നതാണ്. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് "പാലൂർ സിനഗോഗ് AD 1565 " എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

വർഷങ്ങൾക്ക് മുന്നെ പാലയൂരിലെ ജൂത സിനഗോഗ് നിന്നിരുന്ന സഥലത്തു നിന്നും വട്ടെഴുത്തു ലിപിയിലുള്ള ഒരു ശിലാഫലകം ലഭിച്ചിരുന്നു ലിപി ഏറെക്കുറെ തേഞ്ഞ് മാഞ്ഞ് പോയെങ്കിലും ചാവക്കാട് താലൂക്ക് കാര്യാലയത്തിൻ്റെ ചുവരിൽ സ്ഥാപിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ കളക്ടർ ആയിരുന്ന വില്ല്യം ലോഗൻ എഴുതിയ മലബാർ മാനുവൽ (Vol-2 Page-423) എന്ന ഗ്രന്ഥത്തിലും പാലയൂരിലെ ജൂത സിനഗോഗിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. വാമൊഴി പാരമ്പര്യത്തിനേക്കാളും ശക്തമായ തെളിവാണല്ലോ ആലേഖനം ചെയ്തിരിക്കുന്ന സത്യങ്ങൾ...

വാൽക്ഷണം:

പാലയൂരിന്റെ ആദ്യനാമം "പാലൂർ " എന്നായിരുന്നു . പുരാതനമായ റമ്പാൻപാട്ടിൽ “പാലൂർ ''എന്നാണ് കാണുന്നത്. ഭാഷ ശൈലി മാറുന്നതിന് അനുസരിച്ച് ക്രമേണ പാലൂർ പാലൈയൂർ ആയി. ചെന്തമിഴിന്റെ സ്വാധീനം മലയാള ഭാഷയിൽ ഇല്ലാതായിത്തുടങ്ങിയതോട് കൂടി പാലൈയൂർ ക്രമേണ പാലയൂർ ആയി മാറി.

✍️ സനിൽ വിൻസൻ്റ്

കടപ്പാട്:

ജോസ് ചിറ്റിലപ്പിളി

തൗഫീഖ് സക്കറിയ

അനൂപ് ജോസഫ് ചിറ്റിലപ്പിളി

Comments

leave a reply