കുടുംബങ്ങളെപ്പറ്റിയുള്ള പഠന ഗവേഷണങ്ങളുടെ സംക്ഷിപ്തം തയ്യാറാക്കും
വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ലോകമെങ്ങുമുള്ള കുടുംബങ്ങളെക്കുറിച്ച് ആഗോള തലത്തിൽ ക്രൈസ്തവമായ ഒരു സംക്ഷിപ്തം തയ്യാറാക്കുന്നു. 2022-ൽ കുടുംബങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ ഈ സംക്ഷിപ്തം അവതരിപ്പിക്കും. അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള തിരുസംഘം ഇതിനായുള്ള പദ്ധതി രേഖ പുറത്തിറക്കിക്കഴിഞ്ഞു. അഞ്ച് ഭൂഖണ്ഡങ്ങളിലായുള്ള കത്തോലിക്കാ സർവകലാശാലകൾ കുടുംബങ്ങളെക്കുറിച്ച് നടത്തുന്ന പഠനവും ഗവേഷണവുമെല്ലാം ആധാരമാക്കിയായിരിക്കും ഈ സംക്ഷിപ്തം തയ്യാറാക്കുക.
2016 മാർച്ച് 19-നാണ് സ്‌നേഹത്തിന്റെ സന്തോഷമെന്ന സിനഡനന്തര അപ്പസ്‌തോലിക ആഹ്വാനം ഫ്രാൻസിസ് പാപ്പ പ്രസിദ്ധീകരിച്ചത്. 2014-ലും 2015 -ലും നടന്ന കുടുംബത്തെക്കുറിച്ച് നടന്ന സിനഡ് പിതാക്കന്മാരുടെ പ്രതികരണങ്ങളും ചിന്തകളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. 2021 മാർച്ച് 19ന് ഈ സിനഡനന്തര ആഹ്വാനത്തിന്റെ അഞ്ചാം വാർഷികം സഭ ആചരിക്കുകയുണ്ടായി. അന്ന് പാപ്പാ പ്രഖ്യാപിച്ച സ്‌നേഹത്തിന്റെ സന്തോഷത്തെ ആസ്പദമാക്കിയുള്ള കുടുംബവർഷം 2022 ജൂൺ 26ന് സമാപിക്കും.
Comments