താലിബാൻ കുഴിച്ച കുഴിയിൽ
ഒളിച്ചിരുന്ന്
ഐ. എസ് . കുന്തെമെറിയുമ്പോൾ
കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇരുപതോളം പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഇരട്ട ചാവേര്‍ സ്ഫോടനം 'ഭീകര പ്രവര്‍ത്തനം' ആണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും താലിബാന്‍. ഇസ്ളാമിക് സ്റ്റേറ്റ് ഭീകര പ്രസ്ഥാനമാകാം സംഭവത്തിനു പിന്നിലെന്ന സൂചനയാണ് താലിബാന്‍ പങ്കുവച്ചത്.ആക്രമണം ഐഎസ് നടത്തിയതാണെന്നു വിശ്വസിക്കുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥനും പറഞ്ഞു.
ഭീകരാക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഐ എസ് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. 'രാജ്യാന്തര സമൂഹത്തോട് താലിബാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭീകരര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല' അദ്ദേഹം പറഞ്ഞു.യുഎസും യുകെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സ്ഫോടനങ്ങളുണ്ടായത്.
താലിബാന്റെ ക്രൂര ഭരണത്തില്‍നിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികള്‍ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴായിരുന്നു വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും ഒരു ഹോട്ടലിന് തൊട്ടു മുന്നിലും സ്ഫോടനം നടന്നത്. ഇരട്ട സ്ഫോടനങ്ങളില്‍ 13 നും 20 നും ഇടയില്‍ ആളുകള്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ആദ്യ റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരുമെന്നും പറയപ്പെടുന്നു. യുഎസ് സൈന്യത്തിലെ അംഗങ്ങള്‍ക്കും പരുക്കേറ്റെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സ്ഫോടനങ്ങളെ തുടര്‍ന്ന്, അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി പ്രദേശം വിട്ടുപോകാന്‍ ഫ്രഞ്ച് സര്‍ക്കാരും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി.
കാബൂളിലെ ചാവേര്‍ ആക്രമണത്തിന്റെ പേരില്‍ ഐ എസി നെതിരെ താലിബാന്‍ വിമര്‍ശനം അഴിച്ചുവിടുന്നത്, കാണ്ഡഹാറിലെയും കാബൂളിലെയും ജയിലില്‍ നിന്ന് ആ ഭീകരരെ തുറന്നുവിട്ടത് സൗകര്യപൂര്‍വം മറന്നാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ താലിബാന്‍ കാബൂളിലെ ജയിലുകള്‍ തുറന്നുവിട്ട് അല്‍ ഖ്വയ്ദ, ഐ.എസ് ഭീകരരടക്കമുള്ള ഏകദേശം 5000 തടവുകാരെയാണ് മോചിപ്പിച്ചത്. ഐ.എസില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ നിമിഷ ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളും മോചിതരായിരുന്നു.
2003-ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്നാണ് ഭീകരസംഘടനയായ അല്‍ഖായിദയുടെ ശാഖയായി ഐ.എസിന്റെ തുടക്കം. 2006-ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് എന്ന് പേരുമാറ്റി. അബൂബക്കര്‍ അല്‍ ബാഗ്ദാദി നേതാവായി.2011- സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം തുടങ്ങിയതിനുശേഷം ആ രാജ്യത്ത് തങ്ങളുടെ സംഘടന രൂപവത്കരിക്കാന്‍ ബാഗ്ദാദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 2013-ല്‍ അല്‍ഖായിദയുമായുള്ള ബന്ധം വിച്ഛേദിക്കുകയും സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ സിറിയ ആന്‍ഡ് ദി ലെവാന്റ് എന്ന് മാറ്റുകയും ചെയ്തു.
സിറിയയില്‍ എത്തി അവിടെ നിന്ന് അഫ്ഗാനിസ്താനില്‍ വന്നയുടന്‍ സൈന്യം പിടികൂടി ജയിലില്‍ അടച്ചതായിരുന്നു ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളെ. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. 21 പേരാണ് ഇന്ത്യയില്‍ നിന്നും ഐ.എസില്‍ ചേരാന്‍ പോയത്. ഏതാനും പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇവര്‍ മറ്റ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.ഇവരില്‍ ആരെങ്കിലും ചാവേര്‍ ആകാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല.അതിര്‍ത്തികളിലും തുറമുഖങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശവും ഇവരുടെ കാര്യത്തില്‍ നല്‍കിയിട്ടുണ്ട്.
2016 ലാണ് നിമിഷ ഫാത്തിമ പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ബെക്സനോടൊപ്പം ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത്. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇവരെ തിരിച്ചയക്കാന്‍ ഭരണകൂടം തയ്യാറായിരുന്നുവെങ്കിലും രാജ്യസുരക്ഷ പരിഗണിച്ച് ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിമിഷയേയും മകള്‍ ഉമ്മു കുല്‍സുവിനേയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു.
2017 ല്‍ ഫാ. മാത്യു ഉഴുന്നാലിലിനെ ഒമാനില്‍ നിന്നു കസ്റ്റഡിയിലെടുത്ത് തടവിലാക്കി മസ്‌ക്റ്റിലെ സുല്‍ത്താന്‍ ഇടപെട്ട് മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ച ഭീകര സംഘത്തിനു പിന്നില്‍ ഐ എസ് ആയിരുന്നുവെന്നാണു സൂചനയുണ്ടായിരുന്നത്. ക്രിസ്ത്യാനികളുടെ തലയറുത്ത് പല തവണ വീഡിയോ സോഷ്യല്‍ മീഡിയില്‍ ഇട്ട് നിഷ്ഠുര സംഘം. ഐ.എസിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന ഇറാഖ് ഭരണകൂടത്തിന്റെ പ്രഖ്യാപനം ശരിയല്ലെന്ന് പല തവണ തെളിഞ്ഞിരുന്നു. അഫ്ഗാനിലെ പുതിയ സാഹചര്യം ഇവരുടെ മടങ്ങിവരവില്‍ കലാശിക്കുമെന്ന മുന്നറിയിപ്പ് ഈയിടെയും അമേരിക്ക പങ്കുവച്ചിരുന്നു. 2019-ഐ.എസിനെ അവസാന ശക്തികേന്ദ്രമായ ബാഗൂസില്‍ പരാജയപ്പെടുത്തിയതായി സിറിയന്‍ സൈന്യവും അവകാശപ്പെട്ടു.
ഭീകരാക്രമണം: 13 യു എസ് സൈനികരും കൊല്ലപ്പെട്ടു
കാബൂളിലെ ഇരട്ട ചാവേറാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈന്യത്തിലെ 20 പേര്‍ക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കുട്ടികള്‍ ഉള്‍പ്പെടെ 60 അഫ്ഗാന്‍ സ്വദേശികള്‍ ബോംബാക്രമണത്തില്‍ മരിച്ചതായും 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായുമായിരുന്നു ആദ്യ മണിക്കൂറുകളിലെ റിപ്പോര്‍ട്ടുകള്‍.അതേസമയം, മരണം നൂറോട് അടുക്കുന്നതായി അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി അമേരിക്ക ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്ന താലിബാന്റെ ആരോപണം ഐഎസ് തന്നെ സ്ഥിരീകരിച്ചു. അതേസമയം മൂന്നാമതും സ്‌ഫോടനം നടന്നിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നു. കാബൂളിലെ വിമാനത്താവളത്തില്‍ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റത് ഈ സ്‌ഫോടനത്തിലാണ്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോണ്‍ ഹോട്ടലിന് സമീപവും ചാവേര്‍ ആക്രമണമുണ്ടായി. സംഭവത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.
ചാവേറാക്രമണത്തോടെ സ്ഥിതിഗതികള്‍ രൂക്ഷമായതിനിടെ പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.അഫ്ഗാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ സ്ഫോടന സാധ്യതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ശരിവക്കുന്നതാണ് വിമാനത്താവള പരിസരത്തെ ചാവേര്‍ ആക്രമണം.
ഇരട്ട സ്‌ഫോടനത്തില്‍ മരണം 90 കടക്കുമെന്ന അനൗദ്യോഗിക കണക്ക് പുറത്തുവന്നതിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് ഐ എസ് ഭീകരര്‍ക്കെതിരെ കടുത്ത രോഷവുമായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.'ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും' -ജോ ബൈഡന്‍ വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്താണ് സ്ഫോടനം നടന്നത്.വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില്‍ യു.എസിനാണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അഫ്ഗാന്‍ ഘടകമായ ഐ എസ് ഖൊരാസന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും പ്രസ്താവനയില്‍ ഐ എസ് അറിയിച്ചു. അമേരിക്കന്‍ സൈനികരുടെ നേര്‍ക്ക് ഓടിയടുത്ത ചാവേറാണ് ലക്ഷ്യം കാണുന്നതിന് മുന്നേ പൊട്ടിത്തെറിച്ചത്. 12 യു എസ് ദൗത്യസംഘാംഗങ്ങളടക്കം 60 ലേറെപ്പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രാജ്യം വിടാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്. ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആക്രമണത്തെ താലിബാന്‍ അപലപിച്ചു.
ബാബു കദളിക്കാട്
Video Courtesy : CTV NEWS
Comments