ലോക പാലിയേറ്റീവ് കെയര്‍ ദിനം
ജോബി ബേബി
ഈ വര്‍ഷത്തെ ആഗോള ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനം World Hospice and Palliative Care Day ഒക്ടോബര്‍ 9ആണ്.എല്ലാ വര്‍ഷവും രണ്ടാമത്തെ ശനിയാഴ്ച ഈ ദിനമായി ആചരിക്കുന്നത്.പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം''ആരെയും പിന്തള്ളാതെ,സ്വാന്തന പരിചരണലഭ്യതയില്‍ തുല്യത ഉറപ്പാക്കിക്കൊണ്ട്'' Leave no-one behind-equity in access to palliative careഎന്നതാണ്.പാലിയേറ്റിവ് കെയര്‍ ഒരു സമ്പൂര്‍ണ പരിചരണമാണ്.ഒരാള്‍ രോഗിയായിക്കഴിഞ്ഞാല്‍ അയാളെ പരിശോധനക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തി മരുന്ന് നല്‍കുന്ന പരിമിത സേവനമല്ല പാലിയേറ്റീവിന്റേത്. കാന്‍സര്‍ ബാധിതര്‍,ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗികള്‍,കിഡ്‌നി രോഗികള്‍, മറവിരോഗം ബാധിച്ചവര്‍ ഇത്തരത്തിലുള്ള എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീ?യവുമായ വളരെയധികം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മുന്‍ഗണനക്രമമനുസരിച്ച് അഡ്രസ് ചെയ്യുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്ഥാനമാണ്? പാലിയേറ്റിവ് രോഗപീഡയാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് വേദനസംഹാരികളും സ്നേഹപരിചരണവും നല്‍കി രോഗിയുടെയും കുടുംബത്തിന്റേയും സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് പാലിയേറ്റീവ് പരിചരണമെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത്.ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികള്‍ക്കുള്ള പരിചരണമായി ആദ്യകാലത്ത് കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ ഹ്രസ്വകാല രോഗങ്ങള്‍ക്കും രോഗചികിത്സയോടൊപ്പം സാന്ത്വനപരിചരണവും നല്‍കിവരുന്നു.
സാന്ത്വനപരിചരണവും കേരളവും:-
എണ്‍പതുകളുടെ തുടക്കത്തില്‍ ആണ് സ്വാന്തന പരിചരണം ഭാരതത്തില്‍ വേര് പിടിച്ചു തുടങ്ങുന്നത്.1986ല്‍,ശാന്തി അവേഡ്‌നാ സദന്‍ എന്ന ഹോസ്പിസ് മുംബൈയില്‍ സ്ഥാപിക്കപ്പെട്ടതും 1994ല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട് നോക്കിയാല്‍ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികള്‍ മാറ്റി നിര്‍ത്തിയാല്‍ പാലിയേറ്റീവ് കെയര്‍ വളര്‍ന്നത് കേരളത്തില്‍ ആണ് എന്ന് നിസ്സംശയം പറയാം.ഭാരതം മുഴുവന്‍ എടുത്താല്‍ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാന്‍ ഏറ്റവും മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റില്‍ ഒട്ടും അഭിമാനകരമായ അവസ്ഥയില്‍ അല്ല ഭാരതം.2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80 രാജ്യങ്ങളുടെ പട്ടികയില്‍ 67 ആം സ്ഥാനത്താണ്.ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും,ഉയര്‍ന്ന ജനസാന്ദ്രത,ഭൂപ്രകൃതി ഉണര്‍ത്തുന്ന വെല്ലുവിളികള്‍,നാര്‍ക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങള്‍,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങള്‍ ഇതില്‍ ഉണ്ട് .
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു.രാജ്യത്തിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടും കേരളത്തില്‍ ആണ്. 1993 ല്‍ കോഴിക്കോട്,ഡോ.സുരേഷ് കുമാര്‍,ഡോ.രാജഗോപാല്‍ മുതലായവരുടെ നേത്ര്യത്വത്തില്‍ Pain and Palliative Care Society (PPCS) ആരംഭിച്ചുഗവണ്മെന്റ് ആശുപത്രികളിലെ രോഗികള്‍ക്ക് പാലിയേറ്റിവ് കെയര്‍ നല്‍കുക എന്നതായിരുന്നു ഉദ്ദേശം.ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ Neighbourhood Network for Palliative Care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ മുന്നേറിയത്.പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി.ഡോക്ടറും, നഴ്‌സും, സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവര്‍ത്തകരും ഉണ്ടാവുന്ന ഈ മോഡല്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ്Pallium indiaപോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.
ഇന്ത്യയില്‍ ആദ്യമായി 2008ല്‍ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയര്‍ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികള്‍ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന ഹോം കെയര്‍(വീട്ടില്‍ നടത്തുന്ന അടിസ്ഥാന പരിചരണം)മുതല്‍ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവര്‍ത്തന രൂപ രേഖയാണ് ഇതിനുള്ളത്.താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി,വയനാട്,മലപ്പുറം പോലുള്ള ജില്ലകള്‍ ഈ ദിശയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടല്‍,കര്‍മബോധമുള്ള നേതൃത്വം,നയപരമായ പിന്തുണ നല്‍കുന്ന ഭരണം എന്നിവയെല്ലാം ആണ് കേരളത്തിലെ വിജയത്തിന് ഈ പിന്നില്‍.ഇന്ന് ഒരു വന്‍ ജനകീയ പ്രസ്ഥാനം ആണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ ശൃംഖല.
സഫലമീ യാത്ര:-
ജീവിതത്തിലുടനീളം ആരോഗ്യത്തോടെയിരിക്കുകയെന്നത് നാമേവരുടെയും സ്വപ്നമാണ്.എന്നാല്‍ ക്ഷണിക്കപ്പെട്ടും അല്ലാതെയും രോഗങ്ങള്‍ നമ്മെ തേടിയെത്തുന്നു.രോഗങ്ങളില്‍ ചിലതിന് ശാസ്ത്രീയ ചികിത്സയിലൂടെ മുക്തി ലഭിക്കുമ്പോള്‍ മറ്റു ചില രോഗങ്ങള്‍ക്ക് രോഗനിയന്ത്രണവും സങ്കീര്‍ണതകളിലേക്കുള്ള പ്രയാണം തടയലുമാണ് സാധ്യം.എന്നാല്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതും നമ്മുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന രോഗങ്ങള്‍ ബാധിക്കുന്നവരെ സംബന്ധിച്ചടുത്തോളം ശേഷിക്കുന്ന ജീവിതകാലം രോഗപീഡകളില്‍ നിന്നുള്ള മുക്തിയെങ്കിലും അനിവാര്യമാണ്.ഈ ചിന്താഗതിയാണ് ആധുനികവൈദ്യശാസ്ത്രത്തില്‍ സ്വാന്തനപരിചരണം(പാലിയേറ്റിവ് കെയര്‍)എന്ന നൂതന ശാഖ പിറവിയെടുക്കാന്‍ ഇടയാക്കിയത്.രോഗമേതായാലും അതില്‍ നിന്നും മുക്തി അസാധ്യമെങ്കില്‍ പ്രത്യേകിച്ചും രോഗിക്കനിവാര്യം സാധ്യമാണ്.പകല്‍ സമയങ്ങളില്‍ കഴിയുന്നത്ര സാധാരണ ജീവിതം നയിക്കാനും രാത്രിയില്‍ മറ്റുള്ളവരെപ്പോലെ സുഖമായിയുറങ്ങാനും രോഗിക്കും സാധിക്കണം.
സമഗ്രമായ ഒരു പാലിയേറ്റിവ് കെയര്‍ നയം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം എന്ന നിലയിലും സന്നദ്ധ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒത്തൊരുമയോടെ ജനകീയ പാലിയേറ്റീവ് കെയര്‍ സംരംഭങ്ങള്‍ വിജയകരമായി നടപ്പാക്കപ്പെട്ട നാടെന്ന നിലയിലും കേരളം പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം മാതൃകാപരമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.എന്നാല്‍ പാലിയേറ്റീവ് കെയര്‍ സംരംഭങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനാനുപാതികമായി സേവനത്തിന്റെ ഗുണനിലവാരത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പാലിയേറ്റീവ് മെഡിസിന്‍ എന്ന ആധുനിക ശാസ്ത്ര ശാഖയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ ഭരണകൂടവും വൈദ്യശാസ്ത്ര രംഗവും നടത്തേണ്ടതുണ്ട്.നാടിന്റെ മുക്കിലും മൂലയിലും പാലിയേറ്റീവ് കെയര്‍ സേവനം ലഭ്യമെന്ന ബോര്‍ഡും തൂക്കി അതിന്‍മേലുണ്ടാകുന്ന ജനപിന്തുണയ്ക്കും ധനസമാഹരണത്തിനും പ്രകടനപരതയോടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുക തന്നെ വേണം.പാലിയേറ്റീവ് കെയറില്‍ വിദഗ്ദ്ധപരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ഓരോ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളിലും ഉറപ്പാക്കണം.സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനമുള്‍പ്പെടെ പാലിയേറ്റീവ് കെയറുമയി ബന്ധപ്പെട്ടു നടക്കുന്ന പരിശീലനങ്ങള്‍ക്കു ദേശവ്യാപകമായി ഉന്നതനിലവാരവും ഏകീകൃത സ്വഭാവവും അനിവാര്യമാണ്.
പാലിയേറ്റീവ് കെയര്‍ ലഭ്യമാക്കാന്‍ ഡോക്ടറെ കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.പലയിടത്തും സൗജന്യ സേവനത്തിനോ ചെറിയ ഓണറേറിയത്തിനോ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെയാണ്'ആവശ്യം'.വൈദ്യശാസ്ത്രത്തിന്റെ മറ്റേതു മേഖലയിലും പ്രവര്‍ത്തിക്കുന്ന ഡോക്ടറും നഴ്‌സും ഉള്‍പ്പെടയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ നമ്മുക്കായില്ലെങ്കില്‍ കാര്യശേഷിയും കര്‍മ്മോത്സുകതയുമുള്ള പുതിയ തലമുറക്കാരെ നമ്മുക്കീമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യമല്ല.വൈദ്യശാസ്ത്രത്തിന്റെ മറ്റു മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടും ക്ലച്ചു പിടിക്കാത്തവര്‍ക്കും റിട്ടയര്‍മെന്റ് കാലത്തു''ഇനിയിത്തിരി സാമൂഹികപ്രവര്‍ത്തനമാകാമെന്ന്''പറഞ്ഞുവരുന്നവരും പാലിയേറ്റീവ് കെയറില്‍ വേണ്ടത്ര പരിശീലനം ലഭിക്കാതെ പൊടുന്നനെ കടന്ന് വരുന്നത് പാലിയേറ്റീവ് കെയര്‍ സംരംഭകര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂവെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തില്‍ പാലിയേറ്റീവ് മെഡിസിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയും നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള ചികിത്സാസംവിധാനങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കകയും വേണം.
ജീവിത ദൈര്‍ഖ്യം വര്‍ദ്ധിച്ചതോടെ വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്.വൃദ്ധജനങ്ങള്‍ക്ക് മികവുറ്റ പരിചരണം ഉറപ്പാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്.വൃദ്ധജനങ്ങളുടെ അറിവും അനുഭവും വയോമാഹാത്മ്യമായി പുതിയ തലമുറ സ്വീകരിക്കുകയും വേണം.വീടും പൊതു സ്ഥലങ്ങളും വൃദ്ധജനങ്ങളുടെ സുരക്ഷിത ഉപയോഗത്തിന് പ്രാപ്തമാകും വിധം മാറ്റങ്ങള്‍ വരുത്തിയെടുക്കണം.ജീവിതകാലം മുഴുവനും ജീവിതവസാനത്തില്‍ വിശേഷിച്ചും അന്തസ്സോടെ കഴിയുവാന്‍ നാമേവര്‍ക്കും സാധിക്കണം.വാര്‍ധക്യത്തിലും നമ്മുടെ ശരീരത്തിനും മനസ്സിനും വികാരവിചാരങ്ങളുമൊക്കെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാവശ്യമാണെന്നും പരിചാരകരും സമൂഹവും തിരിച്ചറിയണം.ജീവിതത്തെപ്പോലെ മരണത്തെ സ്വീകരിക്കുന്ന നിമിഷത്തിലും രോഗിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.മരണാസന്നനായ രോഗിയുടെ ചികിത്സയിലും പരിചരണത്തിലും നൈതികത പുലര്‍ത്താന്‍ നാം ഒരു മടിയും കാണിക്കരുത്.
മരണം പലപ്പോഴും നൈമിഷികമായ ഒരു പ്രക്രിയയല്ല.മറിച്ചു മരിക്കൂറുകളോ ദിവസങ്ങളോ അപൂര്‍വ്വമായെങ്കിലും നിരവധി ആഴ്ചകളോ കൊണ്ട് പൂര്‍ത്തിയാവുന്ന ഒന്നാണ്.രോഗി മരണാസന്നനാകുന്ന ഘട്ടത്തില്‍ ചികിത്സകനും പരിചാരകനും ബന്ധുക്കളുമൊക്കെ എടുക്കേണ്ട നിലപാടുകള്‍ വൈദ്യശാസ്ത്രസമൂഹവും നിയമസംവിധാനങ്ങളും പൊതുസമൂഹവും ഭരണകൂടവും കാര്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ഉചിതമായ നയരൂപീകരണം നടത്തുകയും വേണം.മരണത്തോടടുക്കുമ്പോള്‍ നമ്മുടെ കഴിവുകള്‍ ഓരോന്നായി കൈവിട്ടുപോകും.എന്നാല്‍ ഏറ്റവുമൊടുവില്‍ നഷ്ടപ്പെടുന്ന കഴിവുകള്‍ സ്പര്‍ശനശേഷിയും കേള്‍വിശക്തിയുമാണ്.മരണത്തോടടുത്തുള്ള നിമിഷങ്ങളില്‍ തിരിച്ചു പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും പരിചിതമായ ശബ്ദങ്ങളും സ്പര്‍ശനവും തിരിച്ചറിയാന്‍ നമ്മുക്ക് കഴിയുമെന്നര്‍ത്ഥം.ഈ അറിവ് പകര്‍ന്നു നല്‍കി പ്രിയപ്പെട്ടവര്‍ക്ക് രോഗിയെ വേണ്ടവിധം യാത്രാമൊഴി നല്‍കാന്‍ നാം ഏവരെയും പ്രാപ്തരാക്കാകണം.ജീവിതവും മരണവും അന്തസ്സോടെയാകാന്‍ നമ്മൊക്കൊരുമിക്കാം.
കോവിഡ് കാലത്തെ പാലിയേറ്റീവ് പരിചരണം:-
കോവിഡ് 19ന്റെ വ്യാപനമായതോടെ കേരളത്തില്‍ രോഗീപരിചരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും പാലിയേറ്റീവ് പ്രവര്‍ത്തകരാണ്.കോവിഡ് കാലത്ത് ഏറെ കരുതലോടെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കേരളത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സേവനം ലഭ്യമാക്കിയത്.പാലിയേറ്റീവ് രംഗത്തെ അടിസ്?ഥാന പ്രവര്‍ത്തനമായ വീട്ടിലെത്തിയുള്ള പരിചരണം അടിയന്തരഘട്ടങ്ങളിലേക്ക് പരിമിതപ്പെടുത്തി ഫോണ്‍ മുഖാന്തരം ഓഡിയോ,വിഡിയോ കോളുകളിലൂടെ ടെലി ഹോംകെയര്‍ എന്ന പുതിയ രീതി വിജയകരമായി നടപ്പാക്കിവരുന്നു.
ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങള്‍ ഇപ്പോഴും പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് അജ്ഞരാണ്. ഓരോ വര്‍ഷവും ഗുരുതരരോഗം ബാധിക്കുന്ന 25.5 മില്യണ്‍ ജനങ്ങള്‍ പാലിയേറ്റീവ് പരിചരണം ലഭിക്കാതെ, ഒഴിവാക്കാവുന്ന വേദന സഹിച്ച് മരണത്തെ വരിക്കുന്നു എന്നാണ് കണക്ക്?. ലോകത്താകമാനം പരിചരണം ലഭിക്കേണ്ടവരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ ആവശ്യമായ പരിചരണം ലഭിക്കുന്നുള്ളൂ.42 ശതമാനം രാജ്യങ്ങളില്‍ പാലിയേറ്റീവ് പരിചരണരീതിതന്നെ നിലവിലില്ല.32 ശതമാനം രാജ്യങ്ങളില്‍ ചെറിയ തോതില്‍ പരിചരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.8.5 ശതമാനം രാജ്യങ്ങളില്‍ മാത്രമാണ് നിലവിലുള്ള ആരോഗ്യ പരിചരണസംവിധാനത്തിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടുത്തിയിട്ടുള്ളത്.2008ല്‍ ആദ്യമായി പാലിയേറ്റീവ് പരിചരണനയം രൂപവത്കരിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം.ദേശീയതലത്തില്‍ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍മാത്രമാണ് ഈ മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജനകീയ സഹകരണത്തോടെയുള്ള പാലിയേറ്റീവ് പരിചരണരംഗത്തെ കേരളമാതൃക ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ പാലിയേറ്റീവ് പരിചരണത്തിന് സംവിധാനമൊരുക്കി നാം ചരിത്രം സൃഷ്ടിച്ചതാണ്.എന്നിട്ടും ആവശ്യമായ മുഴുവന്‍ ആളുകള്‍ക്കും പരിചരണം ഒരു അവകാശമെന്നോണം ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
മാനസിക ബുദ്ധിമുട്ടുകള്‍ ഏറെയാവാം കോവിഡ് 19-ല്‍.രോഗം ബാധിച്ചയാളെ കുടുംബത്തില്‍നിന്നു മാറ്റുന്നു.രോഗം മാറാത്തയാളാണെങ്കില്‍ അയാള്‍ പ്രിയപ്പെട്ടവരെ വീണ്ടും ഒരിക്കല്‍പ്പോലും കാണാനാവാതെ അതിഭയവും പരിഭ്രാന്തിയുമുള്‍ക്കൊണ്ട് ലോകം വിടേണ്ടി വരുന്നു. കുടുംബത്തിനോ,മനസ്സുകൊണ്ട് ഒരു തയ്യാറെടുപ്പിനും അവസരമില്ല.മൃതദേഹംപോലും കാണാന്‍ അവസരം കിട്ടിയെന്നു വരില്ല.ഇതുണ്ടാക്കുന്ന മാനസിക വൈഷമ്യങ്ങള്‍ ആകുന്നിടത്തോളം ഒഴിവാക്കിയേ തീരൂ.രോഗിയെ അസുഖം ബാധിച്ച ഒരു ശരീരമായി മാത്രം കാണാതെ,ഒരു വ്യക്തിയായി കാണാനാണല്ലോ പാലിയേറ്റീവ് കെയര്‍ ഓര്‍മിപ്പിക്കുന്നത്.ഐസൊലേഷനില്‍ കഴിയുന്ന രോഗിക്ക് വേണ്ടതും അങ്ങനെയൊരു മാനുഷിക പരിഗണനയാണ്.കൂടാതെ,ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള ചികിത്സയും നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയണം.അത്യാവശ്യം തയ്യാറെടുപ്പ് നടത്തിയാല്‍ ഒരുപാട് രോഗസംബന്ധ ദുരിതം നമ്മുടെ സമൂഹത്തില്‍നിന്ന് മാറ്റാനൊക്കും.
മരണം നീട്ടിവെയ്ക്കാന്‍ കഴിയില്ലെങ്കിലും വേദനയില്ലാതെ,അന്തസ്സോടെയുള്ള മരണം ഓരോ രോഗിക്കും അനുഭവിക്കാന്‍ കഴിയണം.രോഗിയുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കുന്ന സമീപനരീതിയുണ്ടാവണം.പാലിയേറ്റീവ് പരിചരണമെന്നത് കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും രോഗിക്ക് നല്‍കുന്ന ഔദാര്യമല്ല,രോഗിയുടെ അവകാശമാണെന്ന തിരിച്ചറിവുണ്ടാകണം.പാലിയേറ്റീവ് പരിചരണം ജനകീയവും വ്യാപകവുമായ കേരളത്തില്‍ സേവനത്തിന്റെ ഗുണനിലവാര വര്‍ധനയും ആധുനീകരണവുമാണ് ഇനി നടക്കേണ്ടത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി ജനകീയ സഹകരണം ഉറപ്പാക്കണം.ഇതോടൊപ്പം ഈ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘങ്ങളെ സഹായിക്കാനുള്ള പദ്ധതികളുമുണ്ടായാല്‍ കേരളത്തിന്? ഇനിയും ചരിത്രം സൃഷ്ടിക്കാം.
Comments