ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
കെസിബിസിയുടെ ഔദ്യോഗിക മുദ്ര വർഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തികച്ചും അപലപനീയമാണ്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. 'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററിൽ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് അഡ്വ. നോബിൾ മാത്യു എന്ന വ്യക്തി പ്രചരിപ്പിക്കുന്നതാണ് ഈ കുറിപ്പിന് ആധാരം. അനാവശ്യമായ വർഗീയപ്രചരണത്തിന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊതുവായ വളർച്ചയ്ക്കും സൗഹാർദ്ദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങൾ സഭയ്ക്കുണ്ട്. ഇത്തരത്തിൽ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവർത്തനങ്ങൾ ആർക്കും ഭൂഷണമല്ല. തീവ്രവാദം ഏതുതരത്തിലായാലും അത് നമ്മുടെ നാടിനാപത്താണെന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതയ്ക്കതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് എന്നും കെസിബിസി നിലകൊണ്ടിട്ടുള്ളത്.
Comments