Foto

ക്രൈസ്തവന്യൂനപക്ഷവും സമകാലീനരാഷ്ട്രീയവും 

ഫാ. ജോഷി മയ്യാറ്റില്‍ 

കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ന്യായമായ മതന്യൂനപക്ഷ പ്രാതിനിധ്യമില്ല എന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 

കാലടി ഗോപിയുടെ ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെ പോലെയാണ് കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് എന്നാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍ മറുപടിനല്കിയത്. പാഷാണം വര്‍ക്കി ഹിന്ദു വീടുകളില്‍ കൃഷ്ണന്റെ ചിത്രവും ക്രിസ്ത്യന്‍ വീടുകളില്‍ യേശുവിന്റെ ചിത്രവും കാണിക്കും. ഇതു പോലെയാണത്രേ കോടിയേരി. 

രാഷ്ട്രീയത്തിലെ പാഷാണം വര്‍ക്കികള്‍ 

സത്യത്തില്‍, സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുപോലെ പാഷാണം വര്‍ക്കികളാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവുമായ മതവിഭാഗങ്ങളെ സുഖിപ്പിക്കാനുള്ള ശ്രമം രണ്ടു പാര്‍ട്ടികളുടെയും ഭാഗത്തുനിന്നുണ്ട്. എന്നാല്‍, മുഖ്യശ്രദ്ധ മുസ്ലീംപ്രീണനത്തിലാണെന്നു മാത്രം! ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ട് മുസ്ലീംലീഗാണെങ്കില്‍ സിപിഎമ്മിന്റേത് അല്പംകൂടി മൂത്ത കൂട്ടരാണ്. മുസ്ലീംവര്‍ഗീയതയുടെ ആള്‍രൂപവും മുന്‍ സിമിക്കാരനുമായ കെടി ജലീലിനെ കൂടെനിറുത്തി മന്ത്രിയാക്കിയത് മുസ്ലീം ലീഗിന്റെ സോഫ്റ്റ് വര്‍ഗീയതയോട് അകലം പാലിക്കുന്ന ഹാര്‍ഡ് വര്‍ഗീയവാദികളുടെ പിന്തുണ നേടാന്‍തന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? 

പക്ഷേ, സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ കാര്യമായ ഒരു വ്യത്യാസമുണ്ട്. ഹിന്ദുവികാരത്തെയും മുസ്ലീംവികാരത്തെയും പരിപോഷിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെങ്കിലും, ക്രൈസ്തവവികാരം അവര്‍ നിസ്സാരമായി ഗണിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ആരുടെയും ഏതു നിലപാടിനോടും കൈകോര്‍ക്കാനും അവരെ പിന്താങ്ങാനും കോണ്‍ഗ്രസ്സിനു മടിയില്ല. എന്നാല്‍, ക്രൈസ്തവരോടുള്ള കമ്മൂണിസ്റ്റു സര്‍ക്കാരിന്റെ ശൈലി മറ്റൊന്നാണ്. മോഹനവാഗ്ദാനങ്ങള്‍ നല്കലാണ് സ്ഥിരം ശൈലി. പക്ഷേ, അവയൊന്നും നിറവേറ്റിക്കൊടുക്കാറില്ല എന്നു മാത്രം! ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സമിതിയെ വാഗ്ദാനംചെയ്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗണ്യമായ ക്രൈസ്തവവോട്ടുകള്‍ അവര്‍ സ്വന്തമാക്കിയത്. പക്ഷേ, പാലൊളി കമ്മിറ്റിയുടെ കാര്യത്തില്‍ പ്രദര്‍ശിപ്പിച്ച ഉന്മേഷമോ എടുത്ത സത്വരനടപടികളോ ചെയ്തുകൊടുത്ത സൗകര്യങ്ങളോ ജെ.ബി കോശി കമ്മിറ്റിയുടെ കാര്യത്തില്‍ കണ്ടില്ല. നാടാര്‍സംവരണ വിഷയത്തില്‍ വലിയ വാഗ്ദാനം നല്കി വോട്ടു നേടിയെങ്കിലും അക്കാര്യവും തരികിടയായിരുന്നെന്നു തെളിഞ്ഞു. കെ റെയിലിനു കല്ലിന് പഞ്ഞമുണ്ടാവില്ലെന്ന് ഉറപ്പാക്കിയപ്പോഴും ചെല്ലാനം തീരദേശവാസികളുടെ ജീവിതം ചളി പുരളുന്നതു തടയാന്‍ വേണ്ട കടല്‍ഭിത്തിക്കും പുലിമുട്ടിനും ആവശ്യമായ കല്ലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത കാലവര്‍ഷത്തിലും ചെല്ലാനം ചളിയിലാഴും. 

കേരള കോണ്‍ഗ്രസ്സിന് മനംമാറ്റമോ? 

കോടിയേരിയുടെ പ്രസ്താവനയോടുള്ള പ്രതികരണങ്ങളില്‍ ഏറെ രസകരമായി തോന്നിയത് ജോസ് കെ മാണിയുടേതായിരുന്നു. കോണ്‍ഗ്രസ്സില്‍ മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതുകൊണ്ടാണത്രേ കേരള കോണ്‍ഗ്രസ്സ് എം. ഇടത്തുമുന്നണിയിലേക്ക് ചേക്കേറിയത്! 

കേരളത്തില്‍ 'മതന്യൂനപക്ഷങ്ങള്‍' എന്നാല്‍ മുഖ്യമായും മുസ്ലീം - ക്രൈസ്തവ സമുദായങ്ങളാണ് എന്ന് അറിയാത്തയാളല്ല ശ്രീ. ജോസ് കെ മാണി. മുസ്ലീംന്യൂനപക്ഷത്തിന് വലത്തുമുന്നണിയില്‍ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം കരുതുന്നുണ്ട് എന്നു വിശ്വസിക്കാനും വയ്യാ. അതിനാല്‍, 'മതന്യൂനപക്ഷങ്ങള്‍' എന്ന ബഹുവചനപ്രയോഗം അദ്ദേഹം എന്തിനു നടത്തി എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. സത്യത്തില്‍, അദ്ദേഹം ഉദ്ദേശിച്ചത് ക്രൈസ്തവ ന്യൂനപക്ഷസമുദായത്തെത്തന്നെയാണ്. പക്ഷേ, അതു തെളിച്ചു പറയാന്‍ ആ ലോലഹൃദയത്തിനും ദുര്‍ബല അധരങ്ങള്‍ക്കും ഇപ്പോഴും കഴിയുന്നില്ല എന്നേയുള്ളൂ! രാഷ്ട്രീയപരമായി, ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍മാത്രം എന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഈ ഹൃദയലോലത്വവും അധര ദുര്‍ബലതയുമാണ്. 

മുസ്ലീംലീഗിന്റെ ന്യൂനപക്ഷരാഷ്ട്രീയം 

തങ്ങള്‍ മുസ്ലീംസമുദായത്തിന്റെ പാര്‍ട്ടിയാണെന്നു തെളിച്ചുപറയുകയും ആ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി എപ്പോഴും പാറപോലെ ഉറച്ച നിലപാടെടുക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലീംലീഗ്. അവരെ ഒരു മതേതര പാര്‍ട്ടിയായി കരുതാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉള്ളതായി തോന്നിയിട്ടില്ല. ഭൂരിപക്ഷസമുദായങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും അസൂയയും അങ്കലാപ്പും ഉളവാകുംവിധം ഭരണത്തിലെ പ്രധാന വകുപ്പുകള്‍ തുടര്‍ച്ചയായി കൈകാര്യംചെയ്തുകൊണ്ട്, ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുസ്ലീംസമുദായത്തിന് അനുകൂലമായ നിരവധി നിലപാടുകളും ക്ഷേമപദ്ധതികളും ഐക്യജനാധിപത്യമുന്നണിയിലെ ഈ നിര്‍ണായകശക്തി നടപ്പിലാക്കി. ഇവിടത്തെ വ്യവസായമേഖലയും വിദ്യാഭ്യാസവും പൊതുമരാമത്തുമെല്ലാം ഇസ്ലാംന്യൂനപക്ഷാഭിമുഖ്യം യാതൊരു മറയുമില്ലാതെ പ്രകടമാക്കി എന്നതു കേരളം കണ്ട കാഴ്ചയാണ്. അഞ്ചാം മന്ത്രി ആവശ്യംപോലും ചങ്കുളുപ്പില്ലാതെ ഉന്നയിച്ചു നേടിയെടുക്കാന്‍ ആ പാര്‍ട്ടിക്കായി. 

ഇതുവരെ ഈ പാര്‍ട്ടി മതേതരത്വത്തിന്റെ മൂടുപടമാണ് അണിഞ്ഞിരുന്നതെങ്കിലും, ഏതാനും വര്‍ഷങ്ങളായി അതും അഴിച്ചുവച്ച് തെളിഞ്ഞ മതതീവ്രവാദലൈനിലേക്ക് ചേക്കേറിയിരിക്കുകയാണ്. തുര്‍ക്കിഭീകരതകള്‍ക്കുള്ള പിന്തുണപ്രഖ്യാപനങ്ങളും ''മതമാണ് മതമാണ് മതമാണ് മുഖ്യം'' എന്ന മുദ്രാവാക്യവും രാഷ്ട്രീയപരിപാടികള്‍ക്ക് അല്ലാഹുവിന്റെ നാമത്തിലുള്ള ഉദ്ഘാടനങ്ങളും ഇന്ന് മുസ്ലീംലീഗിന്റെ സ്ഥിരം ശൈലികളായി മാറിക്കഴിഞ്ഞു. 

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത ക്രൈസ്തവ സമുദായം 

വിവിധ സമുദായങ്ങള്‍ തങ്ങളുടെ സംഘടിത ബലം കൊണ്ട് സ്വന്തം പാര്‍ട്ടികളിലൂടെയും മറ്റു പാര്‍ട്ടികളിലൂടെയും കേരളത്തില്‍ വന്‍വളര്‍ച്ച സാധ്യമാക്കിയപ്പോള്‍ ഏകോപനമില്ലാതെയും മുഖ്യധാരാപാര്‍ട്ടികളുടെ വോട്ടു ബാങ്കുകളായി നിലകൊണ്ടും രാഷ്ട്രീയക്കാരാലും പാര്‍ട്ടികളാലും വഞ്ചിക്കപ്പെട്ടും ക്രൈസ്തവര്‍ അധഃപതനത്തിന്റെ പാതയിലാണ്. ഇതിനു മുഖ്യമായ കാരണം, കേരള കോണ്‍ഗ്രസ് ക്രൈസ്തവരുടെ പാര്‍ട്ടിയാണ് എന്ന തെറ്റിദ്ധാരണ കേരളസമൂഹത്തില്‍ വേരൂന്നിക്കഴിഞ്ഞു എന്നതാണ്. 

യഥാര്‍ത്ഥത്തില്‍,
രണ്ടു തെറ്റിദ്ധാരണകളുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്: ഒന്നാമത്തേത്, തങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണയാണ്. കേരള കോണ്‍ഗ്രസ്സിന്റെ കര്‍ഷകപ്രേമം ഇവിടെ കര്‍ഷകര്‍ക്ക് എന്തു ഗുണമുണ്ടാക്കി എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതല്ലേ? കേരളത്തിലെ കര്‍ഷകരുടെയും കൃഷിയുടെയും ഇന്നത്തെ ദയനീയമായ അവസ്ഥതന്നെയാണ് ഉത്തരം. ഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും, റബര്‍വിഷയത്തിലും കസ്തൂരിരംഗന്‍വിഷയത്തിലും ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന പാര്‍ട്ടിയാണിത്. കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍, ദേശീയതലത്തില്‍ അഞ്ചാം സഥാനമുള്ള സംസ്ഥാനമാണ് കേരളം എന്നോര്‍ക്കണം! രണ്ടാമത്തേത്, കര്‍ഷകരോടുള്ള പ്രഖ്യാപിത ചായ്വ് ന്യൂനപക്ഷച്ചായ്വായി തെറ്റിദ്ധരിച്ചു അഥവാ തെറ്റിദ്ധരിപ്പിച്ചു എന്നതാണ്. ക്രൈസ്തവന്യൂനപക്ഷത്തിനുവേണ്ടി അരമനകളിലും പള്ളികളിലും കൊവേന്തകളിലുമല്ലാതെ, രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായിപ്പോലുമോ മുന്നോട്ടുവരാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ക്രൈസ്തവന്യൂനപക്ഷോന്മുഖമാണ് തങ്ങള്‍ എന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴാണ് സ്വയംപ്രഖ്യാപിച്ചിട്ടുള്ളത്? 

ഇനിയെങ്കിലും മാറ്റമുണ്ടാകുമോ? 

മുസ്ലീംലീഗിനെപ്പോലെ വര്‍ഗീയമാകാതെ, രാഷ്ട്രീയമായി അനാഥത്വം അനുഭവിക്കുന്ന ക്രൈസ്തവന്യൂനപക്ഷം മുഴുവന്റെയും താല്പര്യസംരക്ഷണത്തിനുവേണ്ടി നിലകൊള്ളാന്‍ കേരള കോണ്‍ഗ്രസ്സ് ഇനിയെങ്കിലും തയ്യാറാകുമോ? സഭാ-റീത്തു വ്യത്യാസങ്ങളില്ലാതെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും നിലവിലുള്ള സംഘടനകളെയും ഏകോപിപ്പിക്കാന്‍ ഇനിയെങ്കിലും ഒരു വേദിയുണ്ടാകുമോ? ക്രൈസ്തവരുടെ ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നിലകൊള്ളുമോ? ദളിതക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരേ നിങ്ങള്‍ പോരാടുമോ? മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റാനും കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കാനും സര്‍ക്കാരില്‍ നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമോ? മത്സ്യത്തൊഴിലാളികളുടെ ദുരിതപര്‍വങ്ങള്‍ക്ക് അറുതിവരുത്താനും ന്യായമായ പ്രതിഫലം ഉറപ്പാക്കാനും നിങ്ങള്‍ സന്നദ്ധരാകുമോ? കാര്‍ഷികമേഖലയിലും മത്സ്യബന്ധന മേഖലയിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കാന്‍ നിങ്ങള്‍ മുന്നിട്ടിറങ്ങുമോ? രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ യാഗാശ്വങ്ങളെ പിടിച്ചുകെട്ടാന്‍ നിങ്ങള്‍ ശ്രമിക്കുമോ? 

എങ്കില്‍ ക്രൈസ്തവസമൂഹത്തിന്റെ സമ്പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടായിരിക്കും. ക്രമേണ കേരളത്തില്‍ മതേതരത്വനീതിയും സാമുദായികസന്തുലിതത്വവും പുലരും. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ ഇനിയും തുടരുകയാണെങ്കില്‍, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാന്‍ പോകുന്നത്, നിലവിലുള്ള അവഗണനകളില്‍ മനം നോവുന്ന ക്രൈസ്തവരെ, തങ്ങള്‍ നിരാലംബരുടെ ശരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപി ആയിരിക്കും; സംശയം വേണ്ടാ!

Comments

leave a reply