Foto

ആഹ്ലാദകരമായ ദീർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം ഇക്കിഗായ്

റീന രാജൻ, കുവൈറ്റ്

ഏറെ കൂടുതൽ കാലം ജീവിച്ചിരുന്നതായി ബൈബിൾ രേഖപ്പെടുത്തുന്ന വ്യക്തി ‘മെഥുശലേഹ് ‘(Methuselah) ആണ് .969 സംവത്സരം !നൂറിലധികം വയസ്സുള്ളവരെ (Super Centenarians)മെഥുശലേഹി നോടു മത്സരിക്കുന്നവർ എന്ന് വിശേഷിപ്പിക്കാറുണ്ട് .ലോകത്ത്‌ 300-നും 450-നും ഇടയ്ക്ക് ‘സൂപ്പർ ശതായുഷ്‌മാൻമാരുണ്ട് ‘.’ദീർഘായുസ്സുകൊണ്ട് ഞാൻ നിന്നെ തൃപ്തിപ്പെടുത്തും ‘എന്ന ബൈബിൾ വാക്യം ഇവരുടെ കാര്യത്തിൽ അന്വർത്ഥമാണ് .എന്താണ് ഈ ദീർഘായുസ്സിന്റെ രഹസ്യം ?

ഹെക്ടർ ഗാർസിയ ,ഫ്രാൻസെസ്‌ക് മിറാല്ലെസ് എന്നിവർ ചേർന്നെഴുതിയ ‘ഇക്കിഗായ് ‘എന്ന അന്താരാഷ്ട്ര ബെസ്ററ് സെല്ലെർ പുസ്തകം അന്വേഷിക്കുന്നത് ദീർഘവും ആഹ്ലാദകരവുമായ ജീവിതത്തിന്റെ രഹസ്യമാണ് .’ഇക്കിഗായ് ‘എന്ന ജാപ്പനീസ് പദത്തിൽ അതിന്റെ ഉത്തരമുണ്ടെന്ന് ഗ്രന്ഥകർത്താക്കൾ കണ്ടെത്തുന്നു .’ഇക്കി ‘എന്നാൽ ജീവിതം ,’ഗായ് ‘എന്നാൽ കാരണം ;ഇക്കിഗായ് (Ikigai)എന്നാൽ നിങ്ങൾക്ക് നിലനിൽക്കാനുള്ള കാരണം (You reason to live).

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത്‌ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാനാണ് .പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യo 85വയസ്സും സ്ത്രീകൾക്ക് 87.7വയസ്സും .ഓരോ പത്തുലക്ഷം പേരിലും 520-ൽ ഏറെ ശതായുഷ്‌മാന്മാരുള്ളതും ജപ്പാനിലാണ് .ജപ്പാനിലെ ഒക്കിനാവയിൽ ഒരു ലക്ഷംപേരിൽ 25ആളുകൾ നൂറുവയസ്സിനുമേൽ പ്രായമുള്ളവരാണ് .ആഹ്ലാദകരമായ ദീർഘായുസിന്റെ ജാപ്പനീസ് രഹസ്യം അന്വേഷിച്ചപ്പോൾ എഴുത്തുകാർ കണ്ടെത്തിയ പ്രധാനപ്പെട്ട അഞ്ച്‌ സംഗതികളുണ്ട് .
1. ആരോഗ്യകരമായ ആഹാരക്രമം .
2. ലാളിത്യം നിറഞ്ഞ ഭൗതികജീവിതം.
3. ഗ്രീൻടിയുടെ ഉപയോഗം .
4. മിതമായ ഉഷ്ണമേഖലാ കാലാവസ്ഥ .
5. ഇക്കിഗായ് .

അഞ്ചാമത്തേതും പ്രധാനപ്പെട്ടതുമായ ഘടകം ‘ഇക്കിഗായ് ‘ആണ് .ജീവിത തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷം എന്ന് ‘ഇക്കിഗായ്’യെ വിശേഷിപ്പിക്കാം .ഇംഗ്ലീഷിലെ ‘retire’എന്ന വാക്കിന് തുല്യമായ ഒരു പദം ജപ്പാൻ ഭാഷയിൽ ഇല്ല .’നല്ലതിന് വേണ്ടി ജോലിയിൽ നിന്ന് വിട്ടുനിൽക്കുക’എന്നാണ് വിരമിക്കൽ (Retirement)കൊണ്ട് അർത്ഥമാക്കുന്നത് .എന്നാൽ ഔദ്യോഗികവൃത്തിയിൽനിന്നു വിരമിച്ചശേഷവും ജപ്പാനിൽ ആളുകൾ ഉർജ്ജസ്വലരാണ് .യഥാർത്ഥത്തിൽ ഭൂരിപക്ഷം ജപ്പാൻകാരും ഒരിക്കലും വിരമിക്കുന്നില്ല!താൻ ചെയ്‌യുന്ന ജോലിയിൽ അത്യാസക്തി (Passion)ഉള്ള ഒരാൾക്ക് അതിൽ നിന്ന് വിരമിക്കാൻ കഴിയുമോ ?അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ജീവിതാവസാനം വരെ ചെയ്തുകൊണ്ടിരിക്കുന്നു .യൗവ്വനയുക്തമായ മനസ്സ്‌ നമ്മെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു .പ്രായമാകൽ പ്രക്രിയ സമാധാനത്തിലാക്കുന്നു .

നമ്മുക്ക് ആഹ്ലാദിക്കാൻ കഴിയുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോൾ നാം പൂർണ്ണമായും അതിൽ മുഴുകുന്നു .അതുവഴി നമ്മുടെ സമയബോധം അപ്രത്യക്ഷമാകുന്നു .ഒരു പ്രവർത്തിയിൽ മുഴുകി അതിൽ ഒഴുകി പോകണമെങ്കിൽ നമ്മുക്ക് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം .നമ്മുക്ക് ഒരു ‘ഇക്കിഗായ്’ഉണ്ടായിരിക്കണം .ഒരിക്കൽ നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തികഴിഞ്ഞാൽ അത്‌ പിന്തുടരുക .ദിവസവും അതിനെ പരിപോഷിപ്പിക്കുക .അത്‌ നിങ്ങളുടെ ജീവിതത്തിന് അർത്ഥം നൽകും .നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തോ ,അതിൽ മുഴുകുക .പ്രിയ സുഹൃത്തേ ,എന്താണ് നിങ്ങളുടെ ഇക്കിഗായ് ?

Foto

Comments

leave a reply