Foto

വലിയനോമ്പിലെ നാല്പത് കുമ്പിടീൽ

വലിയ നോമ്പിലും മൂന്നു നോമ്പിലും ഉച്ചപ്രാർത്ഥന (ആറാം മണി) കഴിഞ്ഞ് 'കുറിയേലായിസ്സോൻ' ചൊല്ലി നാല്പതു കുമ്പിടുന്ന ഒരു പാരമ്പര്യം മലങ്കര കത്തോലിക്കാ സഭയിൽ ഉണ്ട് .     

വലിയ നോമ്പിലെ ഞായറാഴ്ച്ചകളിൽ  മറ്റുകാലങ്ങളിലെ പോലെ കുമ്പിടിൽ പതിവില്ല. എന്നാൽ നോമ്പിൻറെ തുടക്കം മുതൽ നാല്പത് വെള്ളി വരെ ഉള്ള നോമ്പ് കാലത്ത എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ വെള്ളി വരെ നോമ്പിലേക്ക്  പ്രത്യേക നാല്പത് കുമ്പിടിൽ നടത്തേണ്ടതാണ്. നമ്മുടെ കർത്താവിന്റെ നാല്പത് ദിവസത്തെ നോമ്പിനെ ബഹുമാനിക്കുന്നതിനും നമ്മുടെ വീണ്ടെടുപ്പിനും രക്ഷക്കും വേണ്ടി നോമ്പ് നോക്കുകയും പീഡയനുഭവിക്കുകയും ചെയ്ത നമ്മുടെ കർത്താവായ യേശു മിശിഹായെ വന്ദിച്ചാരാധിക്കുന്നതിനുമാണ് നാല്പത് കുമ്പിടിൽ നാം നടത്തുന്നത്. നോമ്പ് കാലത്ത്  കുമ്പിടിൽ പ്രധാനമായും ആത്മദണ്ഡ്നമാകുന്നു.

'കുറിയേലായിസ്സോൻ ചൊല്ലി നാല്പതു കുമ്പിടുക' എന്ന് പറഞ്ഞാൽ, 'കുറിയേലായിസ്സോൻ' പത്തു പ്രാവശ്യവും 'ഞങ്ങളുടെ കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ', 'ഞങ്ങളുടെ കർത്താവേ ദയവുതോന്നി ഞങ്ങളോട് കരുണയുണ്ടാകണമേ', 'ഞങ്ങളുടെ കർത്താവേ ഉത്തരമരുളിചെയ്ത് ഞങ്ങളോട് കരുണയുണ്ടാകണമേ' എന്നിങ്ങനെ പത്തു പ്രാവശ്യം വീതവും ആണ് ചൊല്ലേണ്ടത്. വലിയ വെള്ളിയാഴ്ച സ്ലീബാ കുമ്പിടുന്നത് സാധാരണ കുമ്പിടുന്നതുപോലെയാണെങ്കിലും മുഖം തറയിൽ തൊടുവിക്കുന്നതിനു പകരം സ്ലീബായിൽ തൊടുവിക്കുന്നു എന്ന വ്യത്യാസമുണ്ട്. പെന്തെക്കൊസ്തിയുടെ ശുശ്രൂഷയിൽ മുട്ടിന്മേൽ നിൽക്കുവാൻ പുരോഹിതൻ ആഹ്വാനം ചെയ്യുമ്പോൾ നിലത്തു മുട്ടുകുത്തി 'കുറിയേലായിസ്സോൻ' എന്നു ചൊല്ലുന്നു. ദൈവസന്നിധിയിൽ താഴ്മയോടെ സമർപ്പിച്ച് 'കർത്താവേ!, ഞങ്ങളോട് കരുണയുണ്ടാകണമേ' എന്ന് കരഞ്ഞുപ്രാർത്ഥിക്കുന്ന ഒരു സന്ദർഭമാണിത്; പൂർണ്ണ സമർപ്പണവും ഇവിടെ ആവശ്യമാണ്.
( ഈ കുമ്പിടിൽ ഉച്ച നമസ്കാരത്തിന്റെ അവസാനത്തി ആണ് നടത്തുന്നത് , എന്നാൽ സൗകര്യമില്ലാത്തവർ മറ്റേതെങ്കിലും യാമ നമസ്കാരതത്തോടൊപ്പ നടത്തിയാൽ മതിയാകും)

ഹാശാ ആഴ്ചയിൽ മേൽപ്പറഞ്ഞ 40 കുമ്പിടീൽ പതിവില്ല.എന്നാൽ ഒരോ യാമങ്ങൾക്കുമുള്ള പ്രത്യേക കൗമമാകളും ബോവുസയും സെദറായും  നടത്തുമ്പോൾ കുമ്പിടണം.
( മോർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കൽപ്പനയിൽ നിന്നും)

എങ്ങനെ കുമ്പിടണം?

നിന്നുകൊണ്ട് പ്രാർത്ഥിക്കുന്ന പാരമ്പര്യമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഉള്ളത് ആ നില്പിൽ വേണം കുമ്പിടുവാൻ. രണ്ടു കൈകളുടേയും മുഷ്ടികളും തുടർന്ന് കാൽമുട്ടുകളും പാദാഗ്രങ്ങളും നിലത്തുകുത്തി തല കുനിച്ച് മുഖം തറയിൽ തൊടുവിച്ച് കുമ്പിടണം. മുഖം തറയിൽ തൊടുക എന്നു പറഞ്ഞാൽ നെറ്റിയും മൂക്കും തറയിൽ തൊട്ടിരിക്കണം. കൈപ്പത്തി വിടർത്തി തറയിൽ കുത്തിയുള്ള കുമ്പിടീൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ പാരമ്പര്യത്തിലില്ല. ഓരോ പ്രാവശ്യവും കുമ്പിട്ടു കഴിഞ്ഞ് എഴുന്നേറ്റ് നിവർന്നു നിന്നിട്ടുവേണം വീണ്ടും കുമ്പിടാൻ. കുമ്പിട്ടു കുരിശുവരയ്ക്കുക എന്നതാണ് ശരിയായ പാരമ്പര്യം. നമ്മുടെ കർത്താവിന്റെ തൃപ്പാദങ്ങളെ ചുംബിക്കുന്നതും നമ്മെത്തന്നെ ദൈവസന്നിധിയിൽ താഴ്മയോടെ സമർപ്പിക്കുന്നതുമായ ഒരനുഷ്ഠാനമാണ് കുമ്പിടീൽ എന്ന് വിശുദ്ധ പിതാക്കന്മാർ പറയുന്നു. കൂടാതെ മനുഷ്യന്റെ (പാപത്തിലേക്കുള്ള) വീഴ്ചയേയും അതിൽ നിന്നുള്ള അവന്റെ ഉയിർത്തെഴുന്നേൽപ്പിനേയും അത് സൂചിപ്പിക്കുന്നു. വീഴ്ചയിൽ നിന്നെഴുന്നേറ്റ് കർത്താവിന്റെ രക്ഷാകരപ്രവൃത്തിയെ അനുസ്മരിക്കുന്നതുകൊണ്ടാണ് കുമ്പിട്ടു കുരിശുവരയ്ക്കുന്നത്.

മലങ്കര സുറിയാനി കാതോലിക്ക സഭയിൽ കുമ്പിടീൽ സാഷ്ടാംഗ പ്രണാമമാണ്. എട്ടംഗങ്ങൾ നിലത്തു തൊടുവിച്ചുള്ള ഭയഭക്ത്യാദരവുകൾ പ്രകടിപ്പിക്കലാണ് സാഷ്ടാംഗപ്രണാമം. ഇവിടെ രണ്ടു കൈമുഷ്ടികളും രണ്ടു കാൽമുട്ടുകളും രണ്ടു പാദാഗ്രങ്ങളും നെറ്റിയും മൂക്കും - എട്ട് അംഗങ്ങൾ - തറയിൽ തൊടുന്നു. നമ്മുടെ പാരമ്പര്യമനുസരിച്ച് ദൈവതിരുമുമ്പാകെ മാത്രമാണ് ഇങ്ങനെ കുമ്പിടുന്നത്; അങ്ങനെയേ പാടുള്ളൂ എന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു (വെളിപാട് 19:10, 22:8-9 കാണുക).

മലങ്കര സഭയുടെ വിശുദ്ധ കുർബാനയിൽ കുമ്പിടീൽ ഇല്ലെങ്കിലും ഇങ്ങനെ തല കുനിച്ചു വന്ദിക്കുന്ന സന്ദർഭങ്ങൾ ഉണ്ട്. 1274-ൽ ഫ്രാൻസിലെ ലിയോണിൽ വച്ചു പോപ്പ് ഗ്രിഗറി പത്താമന്റെ അദ്ധ്യക്ഷതയിൽ കൂടിയ റോമൻ കത്തോലിക്കാ സഭയുടെ പതിനാലാമത് സുന്നഹദോസ് (രണ്ടാം ലിയോൺ സുന്നഹദോസ്) നിശ്ചയം 25 {31} പ്രകാരം യേശുവിന്റെ നാമം പറയുന്നിടത്തെല്ലാം, പ്രത്യേകാൽ വിശുദ്ധ കുർബാന മദ്ധ്യേ, വിശ്വാസികൾ തല കുമ്പിടണമെന്ന് അനുശാസിക്കുന്നു. കത്തോലിക്കാ സഭയിൽ നിന്നു പിരിഞ്ഞുപോയ പല സഭകളും ഈ രീതി പിന്തുടരുന്നുമുണ്ട്.

✍️ ടീം സെഗ്ദ്ത്തോ ദ് മലങ്കര

Comments

leave a reply