Foto

മിമിക്ക് മുൻപേയുണ്ട് മിലു

മിമിക്ക്  മുൻപേയുണ്ട്  മിലു

കോട്ടയം: ഗർഭച്ഛിദ്രം പാപമാണെന്ന കത്തോലിക്കാ സഭയുടെ നിലപാടുകൾക്ക് എതിരെ പൊതുസമൂഹത്തിൽനിന്ന് ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുമ്പോൾ, ജീവന്റെ മൂല്യം പ്രഘോഷിച്ചുകൊണ്ട് മാധ്യമ പ്രവർത്തകൻ ഫേസ് ബുക്കിൽ കുറിച്ച അനുഭവസാക്ഷ്യം തരംഗമാകുന്നു. ‘മിലു’ എന്ന തന്റെ കുഞ്ഞിന്റെ ജനനത്തെ കുറിച്ച്, ‘ന്യൂസ് 24’ ചാനലിന്റെ സെൻട്രൽ കേരള ബ്യൂറോ ചീഫ് ടോം കുര്യാക്കോസ് മരങ്ങോലിയാണ് ശ്രദ്ധേയമായ ആ പ്രോ ലൈഫ് സാക്ഷ്യം പങ്കുവെച്ചത്.

ഗർഭസ്ഥ ശിശു ഡൗൺ സിൻഡ്രോം അവസ്ഥയിലായതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചതും, അതിന് തയാറാകാതെ ദൈവാശ്രയബോധത്തോടെ മുന്നോട്ടുപോയതും, ഒടുവിൽ പൂർണാരോഗ്യത്തോടെ കുഞ്ഞ് ജനിച്ചതും പങ്കുവെച്ചുകൊണ്ടാണ് തന്റെ അനുഭവം ടോം കുറിക്കുന്നത്. ‘മിലു’ എന്ന കൊച്ചുമിടുക്കി ഇപ്പോൾ അഞ്ച് വയസുകാരിയാണ്. മിലുവിന്റെ യഥാർത്ഥ നാമം ‘മിറേല’ എന്നാണ്. ദൈവം പ്രവർത്തിച്ച അത്ഭുതത്തിന് പ്രതിനന്ദിയായി ‘മിറക്കിൾ ഓഫ് ഗോഡ്’ എന്ന് അർത്ഥം വരുന്ന ഇറ്റാലിയൻ നാമം തിരഞ്ഞെടുത്ത് നൽകുകയായിരുന്നു മാതാപിതാക്കൾ.

ജീവന്റെ മൂല്യം പ്രഘോഷിക്കുന്നതിനൊപ്പം ദൈവവിശ്വാസം പൊതുസമൂഹത്തിൽനിന്ന് മറച്ചുവെക്കേണ്ട ഒന്നല്ല എന്ന ചിന്തയും പകരുന്നു ടോമിന്റെ കുറിപ്പ്. ഗർഭച്ഛിദ്രം നിരുത്‌സാഹപ്പെടുത്തേണ്ട തിന്മയാണെന്ന സന്ദേശം പകരുന്നതിലൂടെ ചർച്ച ചെയ്യപ്പെടുന്ന ബോളിവുഡ് സിനിമ ‘മിമി’യെ പരാമർശിച്ചുകൊണ്ട് ‘മിമിക്ക് മുൻപേയുണ്ട് മിലു’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
ബോളിവുഡ് ചിത്രം ‘മിമി’ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. ഈ സിനിമാ കഥ കേട്ടപ്പോൾ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവം പങ്കുവെക്കണമെന്ന് തോന്നി. അതാണ് ഇവിടെ കുറിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏത് ദമ്പതികളും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കുഞ്ഞ്. എന്റെ ഭാര്യ പിങ്കു, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച സമയം. അഞ്ചാം മാസത്തെ സ്‌കാനിങ്ങിലാണ് ഉദരത്തിലുള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതാകും ഉചിതമെന്നും ഇല്ലെങ്കിൽ ഈ കുട്ടി ഭാവിയിൽ നിങ്ങൾക്ക് ബാധ്യതയാകുമെന്നും ഡോക്ടർ വിശദീകരിച്ചു.

ഇത് കേട്ടതോടെ പൊട്ടിക്കരഞ്ഞ ഭാര്യയെ ആശ്വസിപ്പിക്കാൻപോലും കഴിയാത്ത അവസ്ഥ. ഉടൻ എന്റെ മമ്മിയെയും പിങ്കുവിന്റെ അമ്മയെയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ മറ്റൊന്നും ചിന്തിച്ചില്ല, ഡൗൺ സിൻഡ്രോമുള്ള കുട്ടിയാണെങ്കിലും മനുഷ്യജീവനല്ലേ എന്ന തിരിച്ചറിവിൽ ഞങ്ങൾ ഡോക്ടറോട് കാര്യം വ്യക്തമാക്കി, ഈ ഗർഭധാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അത് ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസമാകാം, ഒരു കുഞ്ഞ് ജീവനെ നശിപ്പിക്കരുതെന്ന തോന്നലാകാം, ഞങ്ങളുടെ സഭ പകർന്നു നൽകിയ പാഠമാകാം.

പിന്നീടുള്ള നാലു മാസം ഉള്ളിൽ തീയുമായാണ് കഴിഞ്ഞത്. പക്ഷേ, ദൈവം നല്ലത് മാത്രമേ തരൂ എന്ന വിശ്വാസം മുറുകേ പിടിച്ചു. മാതാപിതാക്കൾ, വൈദികർ, സഹോദരങ്ങൾ എന്നിങ്ങനെ നിരവധി പേരുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് ലഭിച്ചു. പ്രാർത്ഥനയുടെ നാളുകൾക്കുശേഷം 2016 ജനുവരി 22ന് ഞങ്ങളുടെ മിലു (മിറേല- മിറക്കിൾ ഓഫ് ഗോഡ്) ജനിച്ചു, പൂർണ ആരോഗ്യവതി. ദൈവത്തോടുള്ള വിശ്വാസത്തിൽ ശാസ്ത്രം തോറ്റതാകാം… (ഉള്ളിൽ വിമർശിക്കുന്നവരോട് വിനയത്തോടെ പറയട്ടെ, അത് ഞങ്ങളുടെ വിശ്വാസമാണ്). ഇന്ന് കുഞ്ഞനിയൻ മിക്കുവിനൊപ്പം അവൾ കളിച്ച് ആഘോഷിച്ച് നടക്കുന്നു, ഓൺലൈനിൽ ആണെങ്കിലും ഒന്നാം ക്ലാസുകാരിയായി.
കൂടുതൽ കുട്ടികളുടെയും ഭ്രൂണഹത്യയുടെയും പേര് പറഞ്ഞ് വിമർശിക്കുന്നവരോട് പ്രത്യേകിച്ച് മറുപടിയില്ല. പക്ഷേ ഞങ്ങളുടെ അനുഭവം ഒരു സാക്ഷ്യമായി പങ്കുവെക്കുകയാണ്. ഗർഭത്തിലുള്ള കുഞ്ഞിനും ജീവനുണ്ടെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് മാത്രമാണ് അപേക്ഷ. പക്ഷേ പരീക്ഷണ ഘട്ടത്തിൽ വിശ്വാസത്തെ മുറുകെ പിടിച്ച് ധീരമായ തീരുമാനമെടുത്ത പ്രിയപ്പെട്ട പിങ്കു, എല്ലാത്തിനും പ്രാർത്ഥനയോടെ പിന്തുണ നൽകിയ മമ്മി, ചാച്ചൻ, അമ്മ, സഹോദരങ്ങൾ… എല്ലാവരോടും ഒരുപാട് സ്‌നേഹം. ദൈവത്തിന് ഒരായിരം നന്ദി. ഒപ്പം അനുഗ്രഹിക്കപ്പെട്ട മിലുവിനെയും മിക്കുവിനെയും ചേർത്തുപിടിക്കുന്നു.

കടപ്പാട് : സൺ‌ഡേ  ശാലോം

Comments

leave a reply