Foto

പുനൈരക്യത്തിന്റെ പ്രകാശപാതയിലെ കെടാവിളക്ക്

പുനൈരക്യത്തിന്റെ
പ്രകാശപാതയിലെ കെടാവിളക്ക്

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ദൈവം നൽകിയ മഹാദാനമാണ് ദൈവദാസനായ മാർ ഈവാനിയോസ് പിതാവ്. പുനരൈക്യ പ്രസ്ഥാനത്തിന്റെ ശിൽപ്പിയെന്ന നിലയിൽ പ്രശംസിക്കപ്പെടുമ്പോഴും, അഭിനന്ദനങ്ങളുടെ ആരവങ്ങൾക്കു പിന്നാലെ പോകാതെ, ദൈവം തന്നെ ഏൽപ്പിച്ച ജനപദങ്ങളുടെ ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി പടവുകളൊരുക്കുന്നതിൽ ജീവിച്ചിരുന്ന എഴുപത്തിയൊന്നു വർഷങ്ങളും നീക്കിവച്ച ദൈവദാസന്റെ ഓർമ്മപ്പെരുന്നാളാണ്  ഇന്ന്  (ജൂലൈ 15).
    വൈദികനായശേഷം ആദ്യമായി എനിക്ക് 2014-ൽ ലഭിച്ച നിയമനം ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നാമകരണത്തിനായുള്ള രേഖകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിലെ ഓഫീസിലായിരുന്നു. പിന്നീട് പാണയം സെന്റ് പോൾസ്  ദേവാലയം സ്ഥാപിക്കാനായി ഇടവക വൈദികനെന്ന നിലയിൽ നിയോഗിക്കപ്പെട്ടപ്പോൾ ഞാൻ മദ്ധ്യസ്ഥത യാചിച്ചത് ഈവാനിയോസ് പിതാവിനോടു തന്നെ. ഇന്ന് അഞ്ചലിനടുത്ത് തലയുയർത്തി നിൽക്കുന്ന സെന്റ് പോൾസ്  മലങ്കര കത്തോലിക്കാ ദേവാലയം ദൈവദാസനിലൂടെ ദൈവം എനിക്കും ഇടവകജനങ്ങൾക്കും നൽകിയ സമ്മാനമായി ഞാൻ കരുതുന്നു. ജീവിതത്തിന്റെ പല പ്രതിസന്ധികളിലും എനിക്ക് താങ്ങും തണലുമായത് ദൈവദാസനോടുള്ള വണക്കമാണെന്നാണ് എന്റെ വിശ്വാസം.
    1882 ലാണ് മാവേലിക്കരയ്ക്കടുത്തുള്ള പുതിയകാവിൽ പണിക്കരു വീട് എന്ന കുടുംബത്തിൽ ദൈവദാസൻ ജനിച്ചത്. തോമാ പണിക്കരും അന്നമ്മയുമായിരുന്നു മാതാപിതാക്കൾ. യാക്കോബായ സഭയിലെ മെത്രാനായിരുന്ന പുലിക്കോട്ടിൽ മാർ ദിവന്യാസിയോസാണ് അന്ന് ഗീവർഗീസ് എന്നു പേരുള്ള ബാലനെ കോട്ടയം എം.ഡി സെമിനാരിയിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത്. ഡീക്കണായിരുന്നപ്പോൾ തന്നെ എം.ഡി. സെമിനാരി ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമനം. കൂദാശകളെക്കുറിച്ചുള്ള ഡീക്കൻ ഗീവറുഗീസിന്റെ പ്രഭാഷണങ്ങൾ അത്യുജ്ജ്വലങ്ങളായിരുന്നു.  1908 ആഗസ്റ്റ് 15ന് പരുമലയിൽ വച്ച് വൈദികനായി അഭിഷിക്തനായി. വൈദിക പട്ടം നൽകിയത് വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ്. കേരളത്തിലെ വൈദികരിൽ ആദ്യമായി എം.എ. പരീക്ഷ പാസ്സായതുകൊണ്ട് ഫാ. ഗീവറുഗീസിനെ നാട്ടുകാർ എം.എ. അച്ചൻ എന്നാണ് വിളിച്ചിരുന്നത്. ബംഗാളിലെ സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ കനത്ത ശമ്പളത്തോടെ ഫാ. പി.ടി.വർഗീസ് നിയമിക്കപ്പെട്ടു. അന്ന് 1500 രൂപയെന്നു പറയുന്നതിന് വലിയ വിലയുണ്ടായിരുന്നു. തനിക്ക് കിട്ടിയ ശമ്പളത്തിൽ ഒരുപങ്ക് പാവപ്പെട്ടവരെ പഠിപ്പിക്കാൻ ഫാ. ഗീവറുഗീസ് ചെലവഴിച്ചിരുന്നു.
    വൈദികനായി പത്തുവർഷത്തിനുള്ളിൽ ദൈവദാസൻ സ്വന്തം ആത്മീയ പാത തിരിച്ചറിഞ്ഞു. ഭാരതീയ സന്യാസ ശൈലിയിൽ ബഥനി സന്യാസ സഭ 1919 ആഗസ്റ്റ് 15ന് സ്ഥാപിതമായി. 1925 ജനുവരി 28ന് റമ്പാൻ പദവി ലഭിച്ചു. അതേ വർഷം മേയ് ഒന്നിന് നിരണം ഭദ്രാസനാധിപനായി വാഴിക്കപ്പെട്ടു. 1925 സെപ്തംബർ 8ന് ബഥനി സന്ന്യാസിനീ സഭയ്ക്കും തുടക്കമായി. 1929 ഫെബ്രുവരി 13ന് ബഥനി മെത്രാപ്പോലീത്തയായി. 1912-ൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആത്മീയാചാര്യ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ദൈവദാസന്റെ പ്രായം 30 മാത്രം!
    1930 സെപ്തംബർ 20ന് കൊല്ലത്തുവച്ച് ബിഷപ്പ് ബൻസിഗറിന്റെ മുമ്പിൽ വിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടവരെ നയിച്ചത് മാർ ഈവാനിയോസായിരുന്നു. 1932-ൽ പിയൂസ് പതിനൊന്നാമൻ മാർപ്പാപ്പയെ ഇവാനിയോസ് പിതാവ് സന്ദർശിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ ഹയരാർക്കി അങ്ങനെ സ്ഥാപിതമായി.
    തിരുവനന്തപുരം ആർച്ചുബിഷപ്പായിരിക്കെ, തന്റെ അജപാലന ശുശ്രൂഷാകാലത്തെ 22 വർഷങ്ങൾക്കുള്ളിൽ ദൈവദാസൻ സ്ഥാപിച്ചത് 78 പ്രൈമറി സ്‌കൂളുകളും 18 യു.പി. സ്‌കൂളുകളും 15 ഹൈസ്‌കൂളുകളും  2 ടി.ടി.ഐ.കളും 1 ആർട്‌സ് കോളേജും. 1953-ൽ ജൂലൈ 15ന് മുമ്പ് മാർ ഈവാനിയോസ് തന്റെ പിൻഗാമിയായി ബനഡിക്ട് മാർ ഗ്രിഗോറിയോസിനെ സഹായമെത്രാനായി വാഴിച്ചിരുന്നു. പട്ടം സെന്റ് മേരീസ് കതീഡ്രലിൽ സ്വന്തം അന്ത്യവിശ്രമ സ്ഥലം തന്നെ അടയാളപ്പെടുത്തിയ ആത്മീയ ദർശനത്തിന്റെ ഉടമയായിരുന്നു ദൈവദാസൻ.
    ഇന്ന് അതേ അന്ത്യവിശ്രമ സ്ഥാനത്തേയ്ക്ക് മലങ്കര കത്തോലിക്കാസഭ വർഷം തോറും നടത്തുന്ന പദയാത്രകൾ, ഒരു തരത്തിൽ അതേ സമൂഹത്തിന്റെ ആത്മീയ വീണ്ടെടുപ്പിനായുള്ള ദിനങ്ങളായി പരിണമിച്ചിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ സഭാതലവനായ കർദ്ദിനാൾ  മൊറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ 2007 ജൂലൈ 14നാണ് ആർച്ചുബിഷപ്പ് മാർ ഈവാനിയോസിനെ ദൈവദാസനായി പ്രഖ്യാപിച്ചത്.
    മതാത്മക സമൂഹത്തിൽ  ദൈവത്തോടൊപ്പം നടക്കാൻ നമുക്ക് ദീപസ്തംഭം തീർത്ത സഭാപിതാവാണ് ദൈവദാസൻ. ദൈവസന്നിധിയിൽ പ്രാർത്ഥനയുടെ ധൂപാർച്ചന നടത്തുകയാണ് മനുഷ്യരെ ഹൃദയത്തോട് ചേർത്തു പിടിച്ച ഈ ആത്മീയാചാര്യൻ. പട്ടം സെന്റ് മേരീസ് കതീഡ്രലിലെ മാർ ഈവാനിയോസ് പിതാവിന്റെ കബറിടത്തിൽ, ഓരോ ദിവസവും വിശ്വാസികൾ കണ്ണീരോടെ കൊളുത്തിവയ്ക്കുന്ന മെഴുകുതിരിവെട്ടത്തിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട് ക്രിസ്തുവിനെ പിന്തുടർന്ന ഈ ആത്മീയ സാരഥിയുടെ തിളക്കമാർന്ന മുഖം.

ഫാ. തോംസൺ പഴയചിറപീടികയിൽ ,  ജർമ്മനി    

 

Foto
Foto

Comments

leave a reply