Foto

ഖത്തറിന്റെ ഗൾഫ് പണം വാരിയെറിഞ്ഞു മെസ്സിയെ പി . എസ് . ജി . കീശയിലാക്കി

ഖത്തറിന്റെ  ഗൾഫ്  പണം
വാരിയെറിഞ്ഞു മെസ്സിയെ
പി . എസ് . ജി . കീശയിലാക്കി

ടോക്കിയോ 2020, സമാപന ചടങ്ങുകൾ പ്രൗഢിയോടെ നടക്കുന്നതിനിടയിലാണ്   അർജന്റീനയുടെ ലോകമെങ്ങും ആരാധകരുള്ള സൂപ്പർ  താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബുമായുള്ള തന്റെ ബന്ധം പൊട്ടിക്കരഞ്ഞുകൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞത്. 17 വർഷക്കാലം താൻ കളിച്ച, തന്നെ ലോകതാരമായി വളർത്തിയെടുക്കുവാൻ സഹായിച്ചിട്ടുള്ള സ്പാനിഷ് ക്ലബ്ബ്   എഫ്.സി. ബാഴ്‌സലോണയുമായുള്ള കരാർ പുതുക്കാത്തതിനാൽ  ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക്   ചേക്കേറുവാൻ ആലോചിക്കുന്ന വിവരം കഴിഞ്ഞ കുറെ ദിനങ്ങളായി ഫുട്‌ബോൾ ലോകം ചർച്ച  ചെയ്യുകയായിരുന്നു.
    
ലയണൽ മെസ്സിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബാണ് 17-ാം വയസ്സിൽ ജഴ്‌സി അണിഞ്ഞ എഫ്.സി ബാഴ്‌സലോണ. ബാഴ്സക്കാണെങ്കിൽ മെസ്സി തങ്ങളെ ഒരു കാലത്തും കൈവിടുകയില്ല ഉറച്ച ധാരണയുമുണ്ടായിരുന്നു. സ്പാനിഷ് ലാലിഗയിലെ കടുത്ത സാമ്പത്തിക ചട്ടങ്ങളും, നിയന്ത്രണങ്ങളും ഫുട്‌ബോൾ താരങ്ങൾക്കു നൽകുന്ന വൻ പ്രതിഫലതുകയ്ക്കു പരിധി ഏർപ്പെടുത്തിയത് മെസ്സിയെപ്പോലുള്ള   ഏതു ക്ലബ്ബും, ഏതു രാജ്യവും കൊതിക്കുന്ന ഒരു കളിക്കാരന് വലിയൊരു വാഗ്ദാനം തുടർന്നു നൽകുന്നതിൽ ബാഴ്‌സക്ക് വഴി മുടക്കായി. കോവിഡ് മഹാമാരി ക്ലബ്ബുകളുടെ വാർഷിക വരുമാനത്തിൽ   ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടു മാത്രമാണ് 2004-ൽ ബാഴ്‌സ ജഴ്‌സി അണിഞ്ഞ് മൈതാനത്തിറങ്ങിയ തങ്ങളുടെ താരത്തെ ചേർത്തു പിടിക്കുന്നതിൽ ക്ലബ്ബ് പരാജയപ്പെട്ടത്. 778 മൽസരങ്ങളിൽ നിന്ന് 672 ഗോളുകളാണ് ബാഴ്‌സയ്ക്കു വേണ്ടി മെസ്സി, നേടിയത്. 6 'ബലോൺ ദ് ഓർ' പുരസ്‌ക്കാരങ്ങൾ മെസ്സി സ്വന്തമാക്കിയതും ഇക്കാലത്താണ്. ഒടുവിൽ കഴിഞ്ഞ മാസം കോപ്പ അമേരിക്ക ഫുട്‌ബോളിൽ, ഒരു രാജ്യാന്തര ടൂർണമെന്റിൽ ആദ്യമായി അർജന്റീനയെ വിജയത്തിലേക്ക് മെസ്സി നയിച്ചു. അന്നും മെസ്സി ബാഴ്‌സയുടെ താരം തന്നെ.
    
ബാഴ്‌സിലോണയിൽ, സഹതാരങ്ങൾ പങ്കെടുത്ത ചടങ്ങിൽ, ലോകമെമ്പാടുമുള്ള ആരാധകരെപ്പോലും കരയിപ്പിച്ച മെസ്സി അടുത്ത ദിവസം 'പാരീസ്' എന്നെഴുതിയ വെള്ള ടീ ഷർട്ടുമണിഞ്ഞ്    പാരീസിലെ ലെ ബോർഷ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ തലേ നാളത്തെ താരമായിരുന്നില്ല. സ്വതസിദ്ധമായ വശ്യമായ പുഞ്ചിരി പൊഴിച്ച് ആരാധകരുടെ ആവേശക്കടലിലേക്ക് വലതു കാൽ വച്ചിറങ്ങിയ മെസ്സി പിഎസ്ജി അഥവാ പാരിസ് (ഷെർമൻ) സെയിന്റ് ഷെർമൻ ക്ലബ്ബിലേക്ക് ചേരുവാൻ തീരുമാനിച്ച വിവരം, അദ്ദേഹത്തിന്റെ ഏജന്റ് കൂടിയായ പിതാവ് ജോർജ് തന്നെയാണ് ആദ്യം ലോകത്തെ അറിയിച്ചത്. രണ്ട് വർഷത്തേക്കായിരിക്കും മെസ്സി പിഎസ്ജിക്കു വേണ്ടി ബൂട്ടണിയുക.
    
അമ്പത്തി ഒന്നു വർഷത്തെ ചരിത്രമുള്ള, ഫ്രാൻസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള   പി എസ് ജിയിൽ ഇനി മെസി ബ്രസീലിയൻ സൂപ്പർതാരം നെയ്മർക്കും, ഫ്രാൻസിൽ  ലോക കിരീടം നേടിക്കൊടുത്ത കിലിയൻ എംബപ്പെക്കും, സ്പാനിഷ് താരം സെർജിയോ റാമോസിനും, അർജന്റീനയെ കഴിഞ്ഞ കോപ്പ അമേരിക്ക കപ്പ് 2020 വിജയത്തിലേക്കു നയിച്ച ഗോൾ നേടിയ സഹതാരം എയ്ഞ്ചൽ ഡി മരിയയ്ക്കും ഒപ്പം കളിക്കുവാനിറങ്ങും. ഖത്തർ സ്‌പോർട്ട്‌സ് ഇൻവെസ്റ്റ്റ്റ്‌മെന്റിന്റെ ഉടമസ്ഥതയിലാണ് പി എസ് ജി ക്ലബ്ബ്. 9 ഫ്രഞ്ച് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള  പിഎസ്ജിക്ക് മെസ്സികൂടി എത്തുമ്പോൾ ലോകത്തിലെ ആരും കൊതിക്കുന്ന ലൈനപ്പാകും. ''വീണ്ടും ഒരുമിച്ച്'' മുൻപ് ബാഴ്‌സക്കുവേണ്ടി മെസ്സിക്ക് ഒപ്പം കളിച്ച നെയ്മർ കുറിച്ചതാണ് അത് -  'ടുഗതർ വി കാൻ'

എൻ. എസ്  വിജയകുമാർ

 

Foto

Comments

leave a reply