Foto

എങ്ങനെ മറക്കും പറപറക്കുന്ന ആ സിംഗിനെ ?

എങ്ങനെ മറക്കും പറപറക്കുന്ന  ആ സിംഗിനെ ?

പുലര്‍ച്ചെ അഞ്ചു മണിക്ക്‌ കോപ്പ അമേരിക്ക ഫുടബോളില്‍ അര്‍ജന്റീന - യുറഗ്വായ്‌ മത്സരം കാണാന്‍ തയ്യാറായപ്പോഴാണ്‌ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച, ഒരേയൊരു അത്ലറ്റ്‌ മില്‍ഖ സിങ്ങ്‌ ജീവിതത്തിന്റെ  ട്രാക്കില്‍ നിന്നും എന്നന്നേക്കുമായി വിടവാങ്ങിയ വാര്‍ത്ത കണ്ണിലുടക്കിയത്‌. കഴിഞ്ഞ ഒരു മാസക്കാലമായി മില്‍ഖയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും കടുത്ത ദുരിതങ്ങളില്‍ നിന്നും കരകയറിയ കരുത്തനായ ആ പോരാളി തൊണ്ണൂറ്റി ഒന്നാം വയസ്സിലും അസുഖത്തെ അതിജീവിക്കുമെന്നു കരുതിയത്‌ തെറ്റി.
മുപ്പത്തി ഒന്‍പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ന്യൂഡല്‍ഹിയില്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍വച്ച്‌ കായിക ഇതിഹാസം മില്‍ഖ സിങ്ങിനെ ആദ്യം കാണുന്നതും, അദ്ദേഹത്തോട്‌ സംസാരിക്കുന്നതും. 1982 ഏഷ്യന്‍ ഗെയിംസിന്‌ മുന്‍പ്‌ നടന്ന ദ്രയല്‍ ഗെയിംസ്‌ കാണുവാനും, റിപ്പോര്‍ട്ട ചെയ്യുവാനുമായി അന്നു നിലവിലുണ്ടായിരുന്ന കേരളടൈംസിന്റെ പ്രതിനിധിയായി, MOAI) കെ. കരുണാകരന്‍ പ്രത്യേക താത്പര്യമെടുത്ത്‌ ഡല്‍ഹിക്ക്‌ അയച്ച എട്ടംഗ കളിയെഴുത്തുകാരുടെ സംഘത്തില്‍ ഇടം ലഭിച്ചത്‌ ഇത്തരമൊരു അപൂര്‍വ കൂടിക്കാഴ്ചയ്ക്ക്‌ അവസരവും, ഭാഗ്യവുമുണ്ടാക്കി. അന്നത്തെ അമ്പത്തിരണ്ടുകാരനായിരുന്ന മില്‍ഖായുടെ മുഖത്തെ പ്രസരിപ്പും, സ്നേഹത്തോടെയുള്ള പെരുമാറ്റവും ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്റു തനിക്ക്‌ കരിയറില്‍ തന്ന പ്രോത്സാഹനനത്തെക്കുറിച്ച്‌ വാചാലനായ മില്‍ഖ അന്നത്തെ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ പ്രത്യേക താത്പര്യത്തില്‍ ഒരു പക്ഷേ ഇന്ത്യയ്ക്ക്‌ വേദി നഷ്ടമാകുമായിരുന്ന ഏഷ്യന്‍ ഗെയിംസ്‌ യാഥാര്‍ത്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തിക്കൊണ്ടാണ്‌ സംഭാഷണം തുടര്‍ന്നത്‌. ഒരു തുടക്കക്കാരനായ കളിയെഴുത്തുകാരനോട്‌ അനുഭാവപൂര്‍ണമായ പെരുമാറ്റം ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ല. ഇന്ത്യന്‍ കായികരംഗത്തെ ഉണര്‍വിനെക്കുറിച്ചും, അന്നത്തെ പരിമിതമായ സാഹചര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അന്ന്‌ മില്‍ഖായുമായി സംസാരിച്ചത്‌.
1982-ല്‍ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ലോകജൂനിയര്‍ ഇന്‍വിറ്റേഷന്‍ മീറ്റില്‍ മുഖ്യ ഒഫീഷ്യലായിരുന്ന മില്‍ഖാ, ആ മീറ്റില്‍ പങ്കെടുത്ത, 1980 മോസ്‌കോ ഒളിംപിക്സില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന നമ്മുടെ പി.ടി. ഉഷയെക്കുറിച്ച്‌ പ്രത്യേക താത്പര്യത്തില്‍ പറഞ്ഞ കാര്യങ്ങളും ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. എണ്‍പതുകളില്‍ കേരള കായികരംഗത്തെ നേട്ടങ്ങളെക്കുറിച്ച്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മില്‍ഖാ അന്നത്തെ നമ്മുടെ പരിശീലന പരിപാടികളെക്കുറിച്ചൊക്കെ മനസ്സിലാക്കിയിരുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശൃയിലെ ഗോവിന്പപുരിയില്‍ നിന്നും, വിഭജനകാലത്ത്‌ മാതാപിതാക്കളും സഹോദരങ്ങളും ആക്രമികളാല്‍ വധിക്കപ്പെടുന്നത്‌ നേരില്‍ കണ്ട് , അദ്ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യയിലെത്തിയ പതിനഞ്ചുകാരന്‍ തികച്ചും ആകസ്മികമായാണ്‌ ഒരു കായികതാരമായത്‌. ജീവിക്കുവാന്‍ നന്നേ കഷ്ടപ്പെട്ട മില്‍ഖാ, ജേഷ്ഠന്‍ മഖല്‍സിങ്ങിന്റെ ഉപദേശത്തിലാണ്‌ പട്ടാളത്തില്‍ ചേര്‍ന്നത്‌. സെക്കന്തരബാദില്‍ ജോലി ചെയ്യുന്ന സമയത്ത്‌ ഒരു ക്രോസ്‌ കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കുകവഴിയാണ്  മില്‍ഖായുടെ തലവര മാറിയത്‌. സര്‍വീസസിന്റെ ടീമിലൂടെയാണ്‌ 1956 മെല്‍ബോൺ  ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ മത്സരഇനങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ മില്‍ഖ ഉള്‍പ്പെടുന്നത്‌. മെഡലുകള്‍ നേടാനൊന്നും കഴിഞ്ഞില്ലെങ്കിലും, ഒളിംപിക്സ്‌ വിശ്വകായികമേളയിലെ മികച്ച താരങ്ങളുമായി സംവദിക്കുവാനും, വിലപ്പെട്ട ഉപദേശങ്ങള്‍ നേടാനും മില്‍ഖായ്ക്കു കഴിഞ്ഞു.
1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണമെഡലോടെ മില്‍ഖാ തന്റെ രാജ്യാന്തര നേട്ടങ്ങള്‍ തുടങ്ങി. തുടര്‍ന്ന്‌ പാക്കിസ്ഥാനില്‍ നടന്ന ഇന്‍വിറ്റേഷന്‍ മീറ്റില്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മത്സരത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ ദേശീയ ചാമ്പ്യന്‍ അബ്ദുള്‍ ഖാലിഖിനെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിന്റെ തനിയാവര്‍ത്തനത്തില്‍ തോല്‍പിച്ച്‌ ജേതാവായ മില്‍ഖയെ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ജനറല്‍ അയുബ്‌ ഖാന്‍ പറക്കുംസിങ്ങ്‌ എന്ന്‌ വിളിച്ചാണ്‌ അഭിനന്ദിച്ചത്‌.
1960 റോം ഒളിംപിക്സ്‌. ഏഷ്യാ വന്‍കരയിലെ ഏറ്റവും മികച്ച അത്ലറ്റായിരുന്ന മില്‍ഖാ ഒളിംപിക്സ്‌ മെഡലുമായി വരുമെന്ന്‌ സ്വപ്നം കണ്ടിരുന്ന കായികപ്രേമികള്‍ക്ക്‌ ആ 400 മീറ്റര്‍ മത്സരം മറക്കുവാന്‍ ശ്രമിച്ചാലും, ഒരിക്കലും മറക്കുവാനാകാത്ത ഒന്നായി മാറി. അമേരിക്കയുടെ ഓട്ടിസ്‌ ഡേവിസിനും,
ജര്‍മനിയുടെ കാൾ കാഫ്മാനും പിന്നില്‍, ദക്ഷിണാഫ്രിക്കയുടെ മാര്‍ക്‌ സ്പെന്‍സറും, മില്‍ഖായും ഒപ്പം ഓടിയെത്തി. ആ മത്സരത്തില്‍ പകുതി ദൂരം മുന്നിലായിരുന്ന മില്‍ഖാ അവസാന കുതിപ്പിനായി വേഗം കുറച്ചത്‌ വിനയായി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദൃ ഇന്ത്യക്കാരനായി മില്‍ഖാ നാലാം സ്ഥാനത്തായിരുന്നു. അന്നത്തെ ഒരു നിമിഷത്തിലെ തീരുമാനം പിഴച്ചെങ്കിലും ഇന്നും പറക്കും സിങ്ങായി മില്‍ഖാ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
രാജ്യം പത്മശ്രീ നല്കി ആരദരിച്ചെങ്കിലും, അര്‍ജുന അവാര്‍ഡ്‌ ആദ്യം തന്നെ നല്‍കാത്തതിനാല്‍ മില്‍ഖാ അതു നിരസിച്ചു. തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്ന ധീരനായ, അതുല്യനായ ഈ കായിക ഇതിഹാസം എന്നും നമ്മുടെ കായികമനസ്സില്‍ നിറഞ്ഞു നില്‍ക്കും.

 

എന്‍.എസ്‌. വിജയകുമാര്‍

 

Foto
Foto

Comments

leave a reply