Foto

"ഈ" ശ്രീധരൻ ഏതു ശ്രീധരനെന്നു ജനം ചോദിക്കുമോ ആവോ ?

ഇന്ത്യന്‍ ജനതയുടെമനസ്സില്‍ ഏറെ നാളായി നിലയുറപ്പിച്ചവ്യക്തിയാണ്  മെട്രോമാന്‍ ശ്രീധരന്‍. കഴിഞ്ഞതവണ ഇന്ത്യയില്‍ രാഷ്ട്രപതിതെരഞ്ഞെടുപ്പിന്റെ ആരവത്തിനിടയില്‍ ഇന്ത്യാ ടുഡെ  ഒരു സര്‍വ്വേ നടത്തി.   'കോന്‍ ബനേഗാ രാഷ്ട്രപതി' അതില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നിലെത്തി. തെല്ലും അതിശയമില്ലാത്ത കാര്യം. ഇന്ത്യ ഒന്നാകെ ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് അറിയാത്തവര്‍ രാഷ്ട്രീയ അന്ധത ബാധിച്ച രാഷ്ട്രീയക്കാർ  മാത്രമായിരിക്കും. ഒട്ടേറെ ആരാധകരുള്ള അമിതാഭ് ബച്ചന്‍ പോലും പിന്നിലായിയെന്നതാണ് കഥയിലെ സാരം.
എന്താണ് ഈ 88 കാരന്റെ പ്രത്യേകതയെന്നല്ലേ? പറയാം.
അങ്ങ് പാലക്കാട് ജില്ലയിലെ കറുകപ്പുത്തൂരില്‍ മൂസതിന്റെയും കാര്‍ത്തിയായനി എന്ന അമ്മാളു അമ്മയുടെയും മകനായി  ജനിച്ച് പ്രാഥമിക വിദ്യായാസത്തിനുശേഷം കൊയിലാണ്ടിയിലുള്ള സഹോദരിയുടെ വീട്ടില്‍ താമസിച്ചായിരുന്നു ഹൈസ്‌ക്കൂള്‍ പഠനം. ശ്രീധരന്‍ എന്ന കുരുന്നുപ്രതിഭയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സഹോദരി ഭര്‍ത്താവ് നാരായണ മേനോനുമായുള്ള സഹവാസം ...
അദ്ദേഹത്തിന്റെ ജീവിതത്തിലെ  റോള്‍ മോഡലായിരുന്നു മേനോന്‍.
തുടര്‍ന്ന്  പാലക്കാട് വിക്ടോറിയ കോളേജില്‍ പഠനം നടത്തവേയാണ് ടി എന്‍ ശേഷനുമായി പരിചയപെടുന്നത്.
കോളേജ് പഠന ശേഷം അദ്ദഹം ആന്ധ്രയില്‍ എന്‍ജിനിയറിങ്ങിനു ചേര്‍ന്നു.
കുറഞ്ഞകാലം അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടുവെങ്കിലും
1953 ല്‍ സബ് എന്‍ഞ്ചിനിയര്‍ ആയി ബോംബെയില്‍ ജോലി ആരംഭിച്ചതോടെ യാണ് ശ്രീധരന്‍ എന്ന പ്രതിഭയുടെ ജ്വലനമാരംഭിക്കുന്നത്. പിന്നീട് ഉന്നത റങ്കോടെ എഞ്ചിനിയറിങ്ങില്‍ സിവില്‍ സര്‍വെന്റായി റയില്‍വേയില്‍ വരുന്നതോടെയണ് ശ്രീധരന്‍ ശ്രദ്ധേയനാകുന്നത്.1958 ല്‍ അദ്ദേഹം ഡിവിഷണല്‍ എഞ്ചിനിയര്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. റയില്‍വേയുടെ ചരിത്രത്തില്‍ ഇത്രയും പ്രായം കുറഞ്ഞ ഡിവിഷണല്‍ എഞ്ചിനിയര്‍മാര്‍ വിരളമാണ് .
1964 ഡിസംബറില്‍ 22 നു തമിഴ്‌നാട്ടിലെ പാമ്പന്‍ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം തകരുകയും അതിനുമുകളിലൂടെ പോയിരുന്ന തീവണ്ടിയിലെ  എല്ലാവരും മരണത്തിനു കീഴടങ്ങുകയും ചെയ്ത വലിയ ദുരന്തം. നടുവിലെ ലിഫ്റ്റ് ഒഴികെ പൂർണ്ണമായും തകര്‍ന്ന പാലവും റോഡും എത്രയും വേഗം പുനര്‍നിര്‍മ്മിക്കണം.
നാട്ടില്‍ അവധി ആഘോഷിച്ചിരുന്ന ശ്രീധരനെ മേലുദ്യോഗസ്ഥന്‍ അടിയന്തിരമായി തിരിച്ചുവിളിച്ചു.  ആറ് മാസത്തെ സമയം നല്‍കി ധനുഷ്‌കോടിയിലേക്ക് പാമ്പന്‍ പാലത്തിന്റെ നിര്‍മാണത്തിനായി പറഞ്ഞയച്ചു.എന്നാല്‍ പാമ്പന്‍ പാലം 46 ദിവസം കൊണ്ട് സാക്ഷാല്‍കരിക്കപ്പെടുകയും അതിന്റെ ഗുണ നിലവാരത്തില്‍ യാതൊരുകുറവും വരാതെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തത് ശ്രീധരന്റെ വൈദഗ്‌ധ്യമാണ്. ഈ ഒറ്റനിര്‍മ്മാണം മഹാനായ നമ്മുടെ മെട്രോമാനെ രാജ്യത്തിനു പ്രിയപ്പെട്ടവനാക്കി.
കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിനു പുരസ്‌കാരം നല്‍കി ആദരിച്ചു. പിന്നിട് പല നിര്‍മ്മാണങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍ പിടിച്ചു. പിടിച്ചിടത്തെല്ലാം സൂപ്പര്‍ മെഗാവിജയം.
കൊല്‍കത്ത മെട്രോയും 1979ലെ കൊച്ചിന്‍ ഷിപ്പിയാര്‍ഡും, 1987 ചരിത്ര പ്രസിദ്ധമായ കൊങ്കണ്‍ പാതകളും 1997ലെ ഡല്‍ഹി മെട്രോയും ഒടുവില്‍  നമ്മുടെ കൊച്ചി മെട്രോയും ഒക്കെ. അത്യത്ഭുതങ്ങളുടെ അവതാരമായി നിലകൊള്ളുമ്പോല്‍ ജനം അദ്ദേഹത്തെ രാഷ്ട്രപതിയായി കാണാന്‍ മോഹിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ബിജെപി അതിന് തയ്യാറാകില്ലെന്നും നമുക്കറിയാം. എന്നാലിപ്പോള്‍ എന്തു സംഭവിച്ചു? പൊളിറ്റിക്‌സിലെ 'പൊളിട്രിക്‌സ്' പ്രായമേറെയാകുമ്പോള്‍ പണ്ടത്തെപോലെ പിടികിട്ടിയെന്നുവരില്ല.
ഇങ്ങനെ ജീവിതാവസാനകാലത്ത് അപകടകരമായ തീരുമാനത്തില്‍ കുരുങ്ങിപ്പോയ വമ്പന്മാര്‍ ഏറെയുണ്ട്. ഗുജറാത്ത് ഗവര്‍ണറാകാന്‍ പോയ പട്ടം താണുപിള്ളയും സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി എരിഞ്ഞടങ്ങിയ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എന്തിനേറെ ശ്രീധരന്റെ തന്നെ സഹപാഠിയായിരുന്ന സാക്ഷാല്‍ ടി. എന്‍ ശേഷന്‍ (തിരഞ്ഞെടുപ്പുകമ്മിഷണര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാരെ കിടുകിട വിറപ്പിച്ച  ആ ശേഷന്‍ തന്നെ) ശിവസേനയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിന്ന് നാണം കെട്ട കഥ അറിയില്ലേ..? ഇലസ്ട്രറ്റഡ് വീക്കിലിയുടെയും ഇന്റിപ്പെന്‍ഡന്റ് ദിനപത്രത്തിന്റേയും  പത്രാധിപരായി വിലസിയ കവികൂടിയായ പ്രതീഷ് നന്ദിയും ശിവസേനയുടെ കുരുക്കില്‍ വീണുപോയ  ഈയാംപാറ്റയുടെ ഗണത്തിലായില്ലേ..! ഇന്ദിരാഗാന്ധിയുടെ കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായപ്പോൾ , രാജ്യം തന്നെ സാര്‍വത്രീക അംഗീകാരം നല്‍കിയ പി. സി അലക്‌സ്ണ്ടര്‍ പോലും ബിജെപിയുടെ മായാവലയത്തില്‍പ്പെട്ട് അസ്തവീര്യനായിത്തീര്‍ന്ന കഥ മറക്കാറായിട്ടില്ല.
 ഒരുകാലത്ത് കോണ്‍ഗ്രസില്‍ യുവതുര്‍ക്കിയായിരുന്ന എം. എ ജോണ്‍ -നമ്മേ നയിക്കുമെന്നു ചുവരായ ചുവരിന്മേലെല്ലാം കണ്ട് രോമാഞ്ചം കൊണ്ട ഒരു ജനത കേരളത്തിലുണ്ടായിരുന്നു. ഒടുവിലദ്ദേഹം ചെന്നുനിന്നത് കെ. കരുണാകരനുണ്ടാക്കിയ ഡിഐസിയിലെ സിനിയര്‍ വൈസ് പ്രസിഡന്റ് കുപ്പായമിട്ടിട്ട്  കിട്ടിയഅധികാരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പദവി...!
ഇതുതന്നെയാണ് നിഷ്‌ക്കളങ്കനായ ശ്രീധര്‍ജിക്കും സംഭവിക്കാന്‍ പോകുന്നത്. ഇക്കണ്ടകാലംകൊണ്ട് നേടിയെടുത്ത സല്‍പ്പേര് രാഷ്ട്രീയ കൂനാംങ്കുരുക്കില്‍ കുഴിച്ചുമൂടാനായിരിക്കും വിധി. അല്ലാതെയിതിനെക്കുറിച്ച് എന്തുപറയാന്‍..!

 

ജോഷി ജോര്‍ജ്

Foto

Comments

leave a reply