Foto

കരുതലിന്റെ കൈനീട്ടി പോൾ രക്ഷിച്ചത് അക്കുവിന്റെ ജീവൻ

കരുതലിന്റെ കൈനീട്ടി പോൾ രക്ഷിച്ചത് അക്കുവിന്റെ ജീവൻ  

കോതമംഗലം: ഏഴാം ക്ലാസുകാരനായ പോളിന്റെ  സമയോചിതമായ ഇടപെടലിൽ സമപ്രായക്കാരനായ അക്കുവിന് പുനർജന്മം.
മാതിരപ്പിള്ളിയിലെ പുഴയിൽ കൂട്ടുകാരൊടൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് വടക്കേനിരപ്പേൽ വീട്ടിൽ സന്തോഷിന്റെ  മകൻ പോൾ മേരിറ്റും ചിറയിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ ഋതിക്കും(അക്കു)
പുഴയുടെ ആഴമേറിയ ഭാഗത്ത് അക്കു മുങ്ങി പൊങ്ങിയപ്പോൾ തമാശയാണെന്നാണ് കൂട്ടുകാർ കരുതിയത്. അപകടം മണുത്ത പോൾ, കൂട്ടുകാരൻ്റെ നേരേ നീന്തി ചെന്നു. മരണ വെപ്രാളത്തിൽ അക്കു പോളിനെ കടന്നുപിടിച്ചു. അക്കു ശ്വാസം എടുത്തു. വൈകാതെ ഇരുവരും കയത്തിൽ മുങ്ങി താണു. താഴ്ന്നു പോയപ്പോൾ അക്കു പിടിവിട്ടു. കരയിലേക്ക് നീന്തിയ പോൾ, കളിക്കാൻ ഉപയോഗിച്ച വാഴത്തടയുമായി വീണ്ടും അക്കുവിൻ്റെ അടുത്തെത്തി. ഇരുവരും മരണത്തിന്റെ  വാ മുഖത്തു നിന്നു സുരക്ഷിതരായി തീരത്തെത്തി.
അക്കുവിന്റെ  പിതാവ് അനിൽ, തന്റെ മകന് പിണഞ്ഞ അപകടത്തെയും രക്ഷപെടലിനെ കുറിച്ചും പറഞ്ഞപ്പോൾ ആ അച്ഛന്റെ കണ്ഠം ഇടറി, കണ്ണീർ ചാലുകൾ നനഞ്ഞു. ആ നനവ് അവിടെ കൂടിയിരുന്ന മുഴുവൻ പേരിലേക്കും പടർന്നു.
എൻ്റെനാട് ജനകീയ കൂട്ടായ്മ രക്ഷകനെ  അനുമോദിക്കാൻ പോളിന്റെ  വാടക വീടിന്റെ  മുറ്റത്തു സംഘടിപ്പിച്ച ചടങ്ങാണ് വികാരനിർഭരമായ മുഹൂർത്തത്തിന് വേദിയായത്. എന്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം പോളിന് ഉപഹാരം സമർപ്പിച്ചു. പോൾ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലും അക്കു ശോഭന പബ്ളിക് സ്കൂളിലുമാണ് പഠിക്കുന്നത്.

Comments

leave a reply