Foto

നളിനാക്ഷന്റെ വിശേഷങ്ങള്‍


അടുത്ത ദിവസങ്ങളില്‍ ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങള്‍ ' എന്ന നാടകം കണ്ടു. അതിന് മുന്‍പുള്ള ദിവസങ്ങളിലും കുറച്ച് നാടകങ്ങള്‍ കണ്ടിരുന്നു. എങ്കിലും 'നളിനാക്ഷന്റെ വിശേഷങ്ങള്‍' ഒരു വേറിട്ട അനുഭവമായിരുന്നു. ശ്രീ. ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ നാടകമെഴുത്തിലെ കയ്യൊതുക്കവും രാജീവന്‍ മമ്മിളി എന്ന സംവിധായകന്റെ അരങ്ങിലെ ചില ദൃശ്യ വിസ്മയങ്ങളും നാടകത്തെ മനോഹരമാക്കി. എന്നാല്‍ എന്നെ ഏറെ സ്വാധീനിച്ചത് ആലപ്പി പൊന്നപ്പന്‍ എന്ന അഭിനയ പ്രതിഭയുടെ അത്ഭുതകരമായ അഭിനയ മികവാണ്. നളിനാക്ഷന്‍ എന്ന കഥാപാത്രത്തിന്റെ
101 വയസ്സ് 70 വയസ്സ് 45 വയസ്സ് എന്നീ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആലപ്പി പൊന്നപ്പന്‍ ചേട്ടന്‍ അരങ്ങില്‍ തീര്‍ക്കുന്ന ചാരുതയാര്‍ന്ന ഒരു വിസ്മയമുണ്ട്.
ശരീര ഭാഷ കൊണ്ടും ഡയലോഗ് പ്രസന്റേഷന്‍ കൊണ്ടും നളിനാക്ഷനെ അരങ്ങില്‍ അടയാളപ്പെടുത്തുന്നതില്‍ പൊന്നപ്പന്‍ ചേട്ടന്‍ പൂര്‍ണ്ണമായും വിജയിച്ചു. ജൂബിലി തീയറ്റേഴ്‌സിലൂടെയും ശ്രീ. കരകുളം ചന്ദ്രന്റെ സമിതിയിലും സൗപര്‍ണ്ണികയിലൂടെയുമൊക്കെ ഈ പ്രതിഭാധനനായ നടന്റെ റിയലിസ്റ്റിക് ആക്ടിങ്ങിന്റെ സൗന്ദര്യം കണ്ടറിഞ്ഞിട്ടുള്ള ഒരു ആളാണ് ഞാന്‍ . കോവിഡ് കാലത്തിന് മുന്‍പ് ശ്രീ. പ്രവീണ്‍ വടക്കുംതല എഴുതിയ ആശംസകളോടെ അന്ന എന്ന നാടത്തിലെ കഥാപാത്രവും വല്ലാതെ സ്പര്‍ശിച്ചിരുന്നു.
പൊന്നപ്പന്‍ ചേട്ടന്റെ അഭിനയം ഊതി കാച്ചിയ പൊന്നുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. സ്ഫുടം ചെയ്‌തെടുത്ത സ്വര്‍ണ്ണം പോലെ അത് അരങ്ങിനെ സുവര്‍ണ്ണ ശോഭയുള്ളതാക്കുന്നു. അരങ്ങില്‍ വീണ് പൊലിഞ്ഞു പോകുന്ന ക്ഷണപ്രഭകളാണ് നാടകങ്ങളും കഥാപാത്രങ്ങളും എന്ന് പറയാറുണ്ട്. എങ്കിലും നളിനാക്ഷന്‍ മനസ്സില്‍ നിന്ന് പടിയിറങ്ങാതെ നില്‍ക്കുന്നു.


 

Foto

Comments

leave a reply