Foto

മദർ തെരേസയ്ക്കുള്ളത് കിട്ടി, ഇനി മദറിന്റെ പാവങ്ങൾക്കുള്ളത്!

മദർ തെരേസയുടെ രൂപത്തിലേക്ക് കൃത്യമായി കല്ലെറിയുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ കണ്ടു. ഒരു കൂട്ടം ആളുകൾ ഏപ്രിൽ 16 ചൊവ്വാഴ്ച തെലുങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള ഒരു സ്കൂൾ ആക്രമിക്കുന്നതാണ് രംഗം. കല്ലെറിയുന്നതിൽ എന്താണ് തെറ്റ്? മാവിൽ കല്ലെറിയുന്ന ഒരു ബാല്യകാലം പലർക്കും ഉണ്ടാകും. കല്ലേറ് മാങ്ങ പറിക്കാൻ മാത്രമല്ല. കല്ലെറിഞ്ഞു മനുഷ്യനെ കൊല്ലുന്ന പ്രാകൃത ശിക്ഷ പണ്ട് ഉണ്ടായിരുന്നു. ഇപ്പോഴും ഇത്തരം കാടത്തം നടപ്പിലാക്കുന്ന ദേശങ്ങൾ ഉണ്ട്. കുരിശടികളിലും ശ്രീനാരായണ മണ്ഡപങ്ങളും കല്ലെറിഞ്ഞു എന്ന വാർത്ത വല്ലപ്പോഴുമൊക്കെ നമ്മുടെ നാട്ടിലും കാണാം. 

കല്ല് ആയുധമായി മനുഷ്യൻ ആദ്യം ഉപയോഗിച്ചത് മൂന്ന് മില്യൺ  വർഷങ്ങൾക്ക് മുമ്പാണ് എന്ന് പറയുന്നു.
 ബൈബിളിൽ പുതിയ നിയമത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് പറഞ്ഞുവരുന്ന ആൾക്കൂട്ടം ഉണ്ട്. ആ സ്ത്രീ പാപം ചെയ്തു എന്നാണ് അവർ പറഞ്ഞ കുറ്റം. അവരോട് യേശുക്രിസ്തു പറഞ്ഞു. നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ. എല്ലാവരും പിരിഞ്ഞു പോയി. സൂര്യ കൃഷ്ണമൂർത്തിയുടെ 'എന്റെ രക്ഷകൻ' എന്ന നാടകത്തിൽ പാപിനിയായ സ്ത്രീ റാമ്പിലൂടെ ഓടി വേദിയിൽ എത്തുമ്പോൾ കല്ലെറിയുന്നതിന്റെ പശ്ചാത്തല ശബ്ദം നിറയുന്നു. സന്ദർഭം ബൈബിളിൽ നിന്ന് മുമ്പ് പറഞ്ഞത് തന്നെ. ഇവിടെ കാണികൾ കല്ലെറിയുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവതരണം. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു. കുറച്ച്  കല്ലുകളുമായാണ് രാവിലെ എല്ലാവരും പുറത്തിറങ്ങുന്നത്. തരം കിട്ടിയാൽ ആരെയും എറിയും.

 ഇവിടെ മദർ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് ഈ കല്ലു പുരാണത്തിനടിസ്ഥാനം. 1948 ഓഗസ്റ്റ് 17ന് നീല കരയുള്ള വെളുത്ത കോട്ടൻസാരിയുടുത്ത ആദ്യ നാൾ മുതൽ ഇന്ത്യയുടെ മനസാക്ഷിയിൽ കുടിയേറിയതാണ് ആ രൂപം. 1950 ഒക്ടോബർ ഏഴിനാണ് മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത്. 1962ൽ മദറിന് രാജ്യം പത്മശ്രീ നൽകി. 1979ന് ലോകം സമാധാനത്തിനുള്ള നോബേൽ നൽകി. "For the glory of God and in the name Poor" എന്നു പറഞ്ഞാണ് അവർ അത് സ്വീകരിച്ചത്. 1980 ജനുവരി 25ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം മദറിനു നൽകി രാജ്യം ആദരിച്ചു. 1997 സെപ്റ്റംബർ 5ന് മദർ തെരേസ അന്തരിച്ചു. 2016 സെപ്റ്റംബർ നാലിനാണ് മദർനെ വിശുദ്ധയായി സഭ പ്രഖ്യാപിച്ചത്. എന്നാൽ അതിന് എത്രയോ മുമ്പേ കൽക്കട്ടയിലെ ഹിന്ദുക്കൾ അവരെ ഒരു ദേവതയായി ആരാധിച്ച് തുടങ്ങിയിരുന്നുവെന്ന് In India, teresa draws devotees of all faiths എന്ന Daniel Stacey യുടെ 2016 സെപ്റ്റംബർ രണ്ടിന് പുറത്തിറങ്ങിയ ഒരു ലേഖനത്തിൽ പറയുന്നു. മദറിന്റെ നൂറാം ജന്മശതാബ്ദിക്ക് ഇന്ത്യ ഗവൺമെന്റ് അഞ്ചു രൂപ നാണയം പുറത്തിറക്കി. മദർ ഇന്ത്യയിൽ വരുമ്പോൾ അവരുടെ കയ്യിൽ 5 രൂപയാണ് ആകെ ഉണ്ടായിരുന്നത് എന്ന് ഓർമ്മിക്കാം . മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയതിന്റെ ലക്ഷ്യം അവരുടെ വ്രതത്തിൽ ഉണ്ട്, 'wholehearted free service to the poorest of the poor.' കുഷ്ഠരോഗികളെ എയ്ഡ്സ് രോഗികളെ ക്ഷയരോഗികളെ പരിചരിക്കാനും നെഞ്ചോട് ചേർക്കാനും മിഷനറീസ് ഓഫ് ചാരിറ്റിയും മദർ തെരേസയുടെ സഹോദരിമാരും ഒരിക്കലും മടികാട്ടിയില്ല. മരണത്തോട് പട വെട്ടുന്ന രോഗികൾക്ക് അവരവരുടെ മതാചാരങ്ങൾ സ്വീകരിച്ച് സമാധാനമായി വിട പറയാൻ ഈ കേന്ദ്രങ്ങൾ തുണയാകുന്നു. മരണം മാത്രം മുന്നിൽ കാണുന്ന  കുഷ്ഠരോഗികൾക്കും ജാതി മതപിന്തുണ ഒന്നുമില്ലാത്ത അനാഥർക്കും അവസാന ആശ്രയമായ സ്ത്രീയുടെ പേരാണ് മദർ തെരേസ. അതിനാണ് അവർ ശാന്തിനഗറും കുട്ടികളെ പരിപാലിക്കാൻ നിർമ്മലാശിശുഭവനും തുടങ്ങിയത്. 
 എത്യോപ്യയിൽ വിശന്നു മരണം കാത്തു കിടന്നവർക്ക് അന്നമായും  ചെർനോബിനിൽ റേഡിയേഷൻ ഇരകൾക്ക് ആശ്വാസമായും , അർമേനിയൻ ഭൂമികുലുക്കത്തിൽ മുറിവേറ്റവർക്ക് ഔഷധമായും ഈ സാധു സ്ത്രീ അവിടങ്ങളിൽ  സഞ്ചരിച്ചു. 
 1943 ലെ ബംഗാൾ ക്ഷാമ കാലത്തും 1946ലെ വർഗീയ ലഹളക്കാലത്തും പകർച്ചവ്യാധി പോലെ ദാരിദ്ര്യം പടർന്ന സമയത്ത് മദർ തെരേസ അന്നമായും ലേപനമായും ആ മണ്ണിൽ  സ്വജീവിതം സമർപ്പിച്ചു.

 ഗാന്ധിയുടെയും അംബേദ്കറിന്റെയും മദർ തെരേസയുടെയും നന്മ ചെയ്ത പല മഹാന്മാരുടെയും പ്രതിമ തകർക്കുന്നതും ചിത്രം കത്തിക്കുന്നതും ഒരു മാനസികരോഗമാണ്. കല്ലെറിയുന്നവന്റെ അല്ല, അവനെ അതിന് പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും ജാതിമത ബോധത്തിന്റെയും 'മനസ്സിനെ' ബാധിച്ച ഭ്രാന്തമായ അന്ധത. ഇത് അപകടകരമായ മാനസികരോഗമാണ്. ആദിവാസിയും ദളിതനും വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിന് ഭയക്കുന്ന ജാതി ആധിപത്യത്തിൽ ഉറച്ചതും ജീർണ്ണിച്ചതുമായ ചിന്താപദ്ധതി മാറണം.

 മൂന്ന് മില്യൺ വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ കയ്യിലെടുത്ത ആയുധത്തെ  2024ൽ വർഗീയതയുടെ വിഷം പുരട്ടി തെലുങ്കാനയിലെ ഒരു ചെറുപ്പക്കാരനെ ഏൽപ്പിച്ച മത രാഷ്ട്രീയ പ്രചാരകരുടെ കുബുദ്ധിയിൽ ഉടയുന്നത് മദർ തെരേസയുടെ രൂപത്തെ പൊതിയുന്ന കണ്ണാടി അല്ല, ഇന്ത്യയുടെ ആത്മാവിന്റെ ആവരണമാണ്. മതം പറയാനും പ്രസംഗിക്കാനും മെച്ചപ്പെട്ട മനുഷ്യസങ്കല്പം പ്രദാനം ചെയ്യുന്ന മതം സ്വീകരിക്കാനുമുള്ള ഏതൊരാളുടെയും അവകാശത്തിലും നാം വിശ്വസിക്കുന്നു. 

 1988 ജനുവരി 29ന് പള്ളുരുത്തിയിലെ അഗതി മന്ദിരത്തിൽ മദർ തെരേസയെ കണ്ട കവി ബാലചന്ദ്രൻ ചുള്ളിക്കാട് 1995ൽ എഴുതിയ കവിത, 'മദർ തെരേസക്ക് മരണമുണ്ടെങ്കിൽ', 'നരബലി കൊണ്ട് കുരുതിയാടുന്ന രുധിര കാളിതൻ പുരാണ ഭൂമിയിൽ, പരദേശത്തുനിന്നൊരു പിറാവുപോലെ പറന്നുവന്നതാം പരമസ്നേഹം.
 പല നൂറ്റാണ്ടായി മകുട മോഹത്തിൻ മരണശംഖൊലി മുഴങ്ങുമീ മണ്ണിൽ, ജനകനില്ലാതെ ജനനിയില്ലാതെ കുലവും ജാതിയും മതവും ഇല്ലാതെ, തെരുവിൽ വാവിട്ടു കരയും ജീവനെ, ഇരുകയ്യാൽ വാരിയെടുത്തു ചുംബിക്കും മഹാ കാരുണ്യത്തിൻ മനുഷ്യരൂപമേ, 
ഒരു വെളിച്ചത്തിൻ വിമലജീവിതം വെറുമൊരു ചാരക്കഥയെന്നെണ്ണുന്ന തിമിരകാലത്തിനടിമയായ ഞാൻ നറും മുലപാലിൽ അലക്കിയ നിന്റെ തിരുവസ്ത്രത്തുമ്പിൽ നിണം പുരണ്ടോരെൻ കരം തുടച്ചോട്ടെ, മഹാപരിത്യാഗം മറന്ന ഭാരതം മദർ തെരേസയെ മറക്കുമെങ്കിലും, മദർ തെരേസയ്ക്ക് മരണമുണ്ടെങ്കിൽ മരണമല്ലയോ മഹിത ജീവിതം.

മദറിന്റ ജീവിതത്തിൽ പ്രശസ്തമായ ഒരു കഥയുണ്ട്. 'എന്റെ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും തരു എന്ന് ഒരു സമ്പന്നനോട് മദർ ഭിക്ഷ ചോദിച്ചു. അയാൾ ഞരമ്പ് പോലും മങ്ങിപ്പോയ ആ കൈയ്യിൽ തുപ്പി. "എനിക്കുള്ളത് കിട്ടി, ഇനിയും എന്റെ കുഞ്ഞുങ്ങൾക്കുള്ളത് തരു" എന്ന് പറഞ്ഞത് അയാളുടെ മനസ്സിലെ കൊടിയ വിഷക്കല്ല് ഉടച്ചു.' ചുക്കിച്ചുളിഞ്ഞ മുഖമുള്ള നീലക്കരയുള്ള വെള്ള കോട്ടൺ സാരിയുടുത്ത ഒരു വൃദ്ധയുടെ പ്രതിമയെ തെലുങ്കാനയിൽ തീവ്രമതാന്ധതയിൽ ഉന്മാദം പൂണ്ട ഒരാൾക്കൂട്ടത്തിലൊരാൾ തകർക്കാൻ ശ്രമിച്ചു, കൊള്ളാം, മിടുക്കൻ. മദറിനുള്ളത് കിട്ടി. ഇനിയും ഇന്ത്യയിലെ പാവങ്ങൾക്കുള്ളത് കൊടുക്ക്‌. അവർക്ക്‌ വിശക്കുന്നു, അവരെ ചവിട്ടി താഴ്ത്തുന്നു, അവരെ തെരുവിൽ വേട്ടയാടുന്നു.  അവർക്കും നൽകാനുള്ളത് ഈ കല്ലേറാണോ? 

 കൽക്കട്ടയിലെ  പാവങ്ങളുടെ അമ്മ നിങ്ങളുടെ സ്നേഹിതർക്കും സഹോദരങ്ങൾക്കും ചെയ്ത സേവനം ഇനിയും നിങ്ങൾ തുടരൂ. മദർ തെരേസയുടെ പ്രതിമക്ക് നേരെ കല്ലെറിഞ്ഞു ക്ഷിണിച്ചെങ്കിൽ, അവരെക്കുറിച്ച് അപവാദം പറഞ്ഞു നാവ് വരണ്ടെങ്കിൽ ഇനിയും ഈ നാട്ടിലെ പട്ടിണി പാവങ്ങൾക്ക് കൂര വയ്ക്കാൻ കല്ല് ശേഖരിക്കാം, വിശപ്പിൽ പിടയുന്നവരുടെ മുന്നിൽ അന്നമെത്തിക്കാം. അതാണ് ദൈവം ആഗ്രഹിക്കുന്നത്. 
 വിഷം പുരട്ടിയ കല്ലുകളുമായി മനുഷ്യനെ എറിയാനും തകർക്കാനും അണികളെ ആവശ്യമുള്ളത് അധികാര മോഹികൾക്കാണ്, ഇവിടുത്തെ പാവം മനുഷ്യർക്കോ ദൈവത്തിനോ അല്ല. 

 ഫാ എബ്രഹാം ഇരിമ്പിനികൽ
സെക്രട്ടറി, കെസിബിസി മീഡിയ, കൊച്ചി

Comments

leave a reply