Foto

പ്രളയ സെസ്സ് ഇനി ഇല്ല; 1200 കോടിക്കു പകരം 2000 കിട്ടി

പ്രളയ സെസ്സ് ഇനി
ഇല്ല; 1200 കോടിക്കു
പകരം 2000 കിട്ടി

വ്യാപാരികള്‍ ബില്ലിംഗ് സോഫ്റ്റ്വെയറില്‍ വേണ്ട
മാറ്റങ്ങള്‍ വരുത്തണമെന്ന് ജിഎസ്ടി കമ്മീഷണര്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയ പ്രളയ സെസ്സ് ജൂലൈ 31 ന് നിര്‍ത്തുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണര്‍ അറിയിച്ചു. ഇതോടെ വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്കു ചെറിയ വിലക്കുറവുണ്ടാകും. 31 ന് ശേഷം നടത്തുന്ന വില്പനകള്‍ക്ക് പ്രളയ സെസ്സ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ ബില്ലിംഗ് സോഫ്റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

രണ്ടു വര്‍ഷത്തേക്ക് 1200 കോടിയാണ് പ്രളയ സെസ്സിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, മാര്‍ച്ച് 31 വരെ 1,705.24 കോടി രൂപ പിരിഞ്ഞു കിട്ടി. അന്തിമ കണക്കെത്തുമ്പോള്‍ രണ്ടായിരം കോടി രൂപ മറികടക്കുമെന്നാണു പ്രതീക്ഷ. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും സെസ്സിലൂടെ പ്രതീക്ഷിച്ചതിലേറെ വരുമാനം നേടാനായത് സര്‍ക്കാരിന് ആശ്വാസമായി.സെസ്സ് ഇനി തുടരണമെങ്കിലും നിയമപരമായ തടസ്സങ്ങളുണ്ട്. കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിക്കണം.

2019-20 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പ്രകാരം 2019 ഓഗസ്റ്റ് ഒന്ന് മുതലാണ് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിയോടെ രണ്ടു വര്‍ഷത്തേക്ക് പ്രളയ സെസ്സ് ഏര്‍പ്പെടുത്തിയത്. ജിഎസ്ടി നിരക്ക് പൂജ്യം ശതമാനം മുതല്‍ 5 ശതമാനം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സെസ്സ് ഒഴിവാക്കിയിരുന്നു.  അഞ്ച് ശതമാനത്തില്‍ അധികം ജിഎസ്ടിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരു ശതമാനവും, സ്വര്‍ണത്തിന് 0.25 ശതമാനവുമാണ് സെസ്സ് ചുമത്തിയത്. 12%, 18%, 28% ജിഎസ്ടി നിരക്കിലുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നിലവില്‍ സെസ് ബാധകമാണ്. 1.5 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള അനുമാന നികുതിദായകരായ വ്യാപാരികളെയും സെസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply