Foto

പ്രതീക്ഷയുടെ ചിറകിലേറുന്ന യുവജനങ്ങള്‍

ആഗസ്റ്റ് 12
അന്താരാഷ്ട്ര യുവജനദിനം


ടോണി ചിറ്റിലപ്പിള്ളി
 

എല്ലാ വർഷവും ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജനദിനം അനുസ്മരിക്കപ്പെടുന്നു.യുവജനതയ്ക്ക്  വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ട ദിനം.കർമോത്സുകത,ആവേശം,പുതുചിന്ത,നിശ്ചയദാർഢ്യം,ധീരത തുടങ്ങിയവയുടെ പര്യായ പദമാണ് യുവത്വം.ഒരു ജനതയെ ചലനാത്മകമാക്കി നിലനിർത്തുന്നത് യുവതയാണ്.പിഴുതെറിയുവാനും,നട്ടുവളര്‍ത്തുവാനും,തകിടം മറിക്കുവാനും,പണിതുയര്‍ത്തുവാനും വേണ്ടി അയയ്ക്കപ്പെട്ട കാലഘട്ടത്തിന്‍റെ പ്രവാചകരാണ് യുവജനങ്ങള്‍.
2020 ജനുവരിയിൽ ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിൽ ലോകനേതാക്കൾക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ഇടിമുഴക്കംപോലെ മുന്നറിയിപ്പ് നൽകിയത് ഗ്രെറ്റ തുൻബെർഗ് എന്ന പതിനേഴുകാരിയായിരുന്നു.സ്വീഡനിൽ നിന്നുള്ള ആ പെൺകുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ യുവതലമുറ ലോകത്തെ നയിക്കാൻ കരുത്തുറ്റ വീക്ഷണങ്ങളോടെ സജ്ജരാകുന്നുവെന്ന് ലോകം കണ്ടു.

യുവജനദിനത്തിന്റെ ലക്ഷ്യം

യുവജനങ്ങളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇന്നത്തെ ആഗോള സമൂഹത്തിൽ പങ്കാളികളായിട്ടുള്ള അവരുടെ സാധ്യതകൾ അവലോകനത്തിന് വിധേയമാക്കുകയാണ്അന്താരാഷ്ട്ര യുവജനദിന ലക്ഷ്യം.ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനം ഭക്ഷ്യസംവിധാനങ്ങളോടുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനായി യുവ കണ്ടുപിടുത്തക്കാർ വികസിപ്പിച്ചെടുത്ത പരിഹാരങ്ങൾ എടുത്തുകാണിക്കുന്നു.ഭക്ഷ്യസുരക്ഷയിലെ അസമത്വങ്ങൾ, ജൈവവൈവിധ്യ നഷ്ടം, നമ്മുടെ പരിസ്ഥിതിക്ക് ഭീഷണികൾ എന്നിവയും അതിലേറെയും അവർ കൈകാര്യം ചെയ്യുന്നു.എല്ലാവർക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടത്തിൽ ലോകത്തെ യുവജനങ്ങൾ മുന്നിലുണ്ട്.കോവിഡ് -19 മഹാമാരി അവർ ആഗ്രഹിക്കുന്ന പരിവർത്തനത്തിന്റെ തീവ്രമായ ആവശ്യകത എടുത്തുകാണിക്കുന്നു.യുവാക്കൾ ആ പരിശ്രമത്തിൽ പൂർണ്ണ പങ്കാളികളാകണം.ഈ ലോകത്തിന്റെ വര്‍ത്തമാനകാലത്തെ നിര്‍മിച്ചത് വാര്‍ധക്യത്തിലും യൗവ്വനം കെടാതെ സൂക്ഷിച്ച ചില നല്ല മനുഷ്യരല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക? ഗാന്ധി,മണ്ടേല,മാർട്ടിൻ ലൂതർ കിംഗ്,എ.പി.ജെ.അബ്ദുൾ കലാം,മദർ തെരേസ,ആൽബർട്ട് ഐൻസ്റ്റീൻ,ലിങ്കൺ തുടങ്ങിയ നീണ്ട നിരയുണ്ട്.ഇവരൊക്കെ ജീവിതമാകെ ജൈവ
യൗവ്വനത്തിന്റെ തീക്ഷ്ണഭാഷകൊണ്ട് മുറിച്ചുനടന്ന് ചരിത്രമായിത്തീര്‍ന്നവരാണ്.    

 യുവജനങ്ങളെ മാടിവിളിക്കുന്ന ഭാരതം

പരിമിതികളുടെ ലോകത്തിനപ്പുറവും ചിന്തിക്കാൻ കഴിവുള്ളവരാണ് നമ്മുടെ ഇന്ത്യൻ യുവതലമുറ.ഇന്നുള്ള വെല്ലുവിളികളെ നേരിടാൻ അവരുടെ നവീന ആശയങ്ങളും പരിഹാര നിർദേശങ്ങളും ഉപകരിക്കും.ഇന്ത്യയിലെ അമ്പതു ശതമാനത്തിലധികം ആളുകൾ യുവജനങ്ങളാണ്.50 കോടി യുവജനങ്ങൾ ആരോഗ്യമുള്ളവരും, പരിശീലനം ലഭിച്ചവരും, ലക്ഷ്യ ബോധമുള്ളവരും ആണെങ്കിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാനുള്ള സാധ്യതയാണ് നമ്മുടെ രാജ്യത്തിന് നൽകുന്നത്.രാജ്യസ്‌നേഹമുള്ള, നവീന ആശയങ്ങൾ സ്വന്തമായുള്ള, പ്രതിഭയുള്ള യുവജനങ്ങളെയാണ്  ഭാരതത്തിന് ആവശ്യം.ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ് ആണ്.മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയിലും അമേരിക്കയിലും 37 ഉം ജപ്പാനില്‍ 49 ഉം ആണ്.നമ്മുടെ യുവജനങ്ങൾ പ്രവൃത്തികൊണ്ടും ജീവിതംകൊണ്ടും, ആശയങ്ങൾകൊണ്ടും മഹത്വവത്ക്കരിക്കപ്പെടണം.ലോകത്തെ ദിശാബോധത്തോടെയും മൂല്യബോധത്തോടെയും നയിക്കുവാൻ നമ്മുടെ യുവജനങ്ങൾക്കു കഴിയണം.
ഇന്നത്തെ യുവജനങ്ങള്‍ വലിയ ആദര്‍ശവാദികളാണ്‌.ഉണര്‍വും,ഉന്മേഷവും,ഉത്സാഹവും ഉള്ളവരാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാനുള്ള വീറും വാശിയുമുള്ളവരാണ്‌.ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ബാദ്ധ്യത യുവതലമുറയെ ഏല്‍പിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഈ ലോകത്തെ, ഇന്നത്തെ ഗതിയില്‍ നിന്നു മാറ്റി നന്മയുടെ പാതയിലേയ്ക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകും."ഉയരുക,ഉണരുക, ലക്ഷ്യ സ്ഥാനമെത്തുന്നതുവരെ അവസാനിപ്പിക്കാതിരിക്കുക", യുവജനങ്ങള്‍ക്ക് സ്വാമി വിവേകാനന്ദന്‍ നല്‍കിയ ഈ മന്ത്രം ഇന്ന് സ്വതന്ത്ര ഇന്ത്യയില്‍ പ്രസക്തവും,ശക്തവും,പ്രചോദനം പകരുന്നതുമാണ്.പലപ്പോഴും കലക്കി തിമിര്‍ത്ത് പൊളിച്ചടക്കാന്‍ മാത്രം ആഡംബരത്തിലും ആഘോ ഷത്തിലും ഒതുങ്ങാന്‍ യുവജനങ്ങള്‍ താല്പര്യപ്പെടുന്നു.യുവത്വം എന്ന നിധിയെ പലപ്പോഴും പലരും തിരിച്ചറി യുന്നില്ല.ചരിത്രം പരിശോധിച്ചാല്‍ ഈ ലോകത്തെ മാറ്റി മറിച്ചവരില്‍ അധികവും അവരുടെ യുവത്വത്തിലായിരുന്നു.ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും സജീവവും  ചലനാത്മകവുമായ ഭാഗമാണ് ചെറുപ്പക്കാർ.അവർക്ക് സ്വപ്‌നങ്ങളും ജിജ്ഞാസയുള്ള മനസ്സുകളുമുണ്ട്.കുലീനതയും ഔത്സുക്യവും അര്‍പ്പണബോധവും ആര്‍ജവവും നമ്മുടെ രാജ്യത്തെ മഹത്താക്കിത്തീര്‍ക്കാനുള്ള ആകാംക്ഷയും ചേര്‍ന്ന് ഉത്തമ പൗരന്മാരായിത്തീരാൻ അവരെ സ്വപ്നങ്ങൾ സഹായിക്കും
സമൂഹത്തെ മാറ്റിത്തീര്‍ക്കുന്ന ചുറ്റികയും ഉളിയും കൈയിലെടുത്തത് എന്നും യുവാക്കളായിരുന്നു.വെറും മുപ്പതാം വയസ്സിലാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സർവ്വമതസമ്മേളനത്തിൽ പ്രസംഗിക്കുന്നത്.39-ാ മത്തെ വയസിലാണ് ഇമ്മാനുവേൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റാകുന്നത്.1901-ൽ തിയഡോർ റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡണ്ടാകുമ്പോൾ അദേഹത്തിന് പ്രായം 42 വയസായിരുന്നു.സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും, ഫെമിനിസ്റ്റും,17-ാമത്തെ വയസ്സിൽ നൊബേൽ സമ്മാന ജേതാവുമായ  മലാല യൂസഫ്‌സായ്.ആർക്കും നിഷേധിക്കാനാവാത്ത വിധത്തിൽ ലോക നേതൃത്വത്തിന്റെ വിജയ വഴികൾ യുവത്വം കയ്യടക്കിയിരിക്കുന്നുവെന്ന് തീർച്ച.

കേരം തിങ്ങും കേരള നാട്ടിലെ യുവജനങ്ങൾ

കേരളത്തെ ജാതിമേൽക്കോയ്മയിൽ നിന്ന്  മാനവികതയിലേക്ക് പരിവര്‍ത്തിപ്പിച്ച സാംസ്കാരികവിപ്ളവത്തിന്റെ കേന്ദ്രങ്ങള്‍ യുവഹൃദയങ്ങളായിരുന്നു.യുവജനതയുടെ പ്രതികരണശേഷി കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ കേരളം കണ്ടതാണ്.കേരളത്തിലെ പലരും ഇന്നത്തെ ന്യൂജെൻ യുവതലമുറയിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത നേരത്താണ് പ്രളയസമയത്ത് കോളേജുകളിൽ നിന്നും,ഐ ടി പാർക്കുകകളിൽ നിന്നും,ജോലിസ്ഥലത്തു നിന്നും ലീവെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും,സമൂഹ അടുക്കളകളിലേക്കും അവർ ഓടിയെത്തിയത്.നവമാധ്യമ പ്ലാറ്റുഫോമുകളിലിരുന്ന് രാത്രിയും പകലും കേരളം മുഴുവൻ ആശ്വാസത്തിന്റെ വാക്കുകൾ എത്തിക്കാനും അവർ പരിശ്രമിച്ചു.
ദേശീയ സ്വാതന്ത്യ്രസമര ചരിത്രവും കേരളീയ നവോത്ഥാനവും യുവത്വത്തിന്റെ സുവിശേഷങ്ങളാണ്.യൗവ്വനത്തെ ജ്ഞാനത്തിന്റെയും മനനത്തിന്റെയും വിമോചനത്തിന്റെയും അടയാളപ്പലകയാക്കിയ നിരവധി  മലയാളി യൗവ്വനങ്ങൾക്ക് ആകാശവെളിച്ചമായത് ചട്ടമ്പിസ്വാമികൾ,ശ്രീനാരായണഗുരു,വി.ചാവറയച്ചൻ,അയ്യങ്കാളി,കെ. കേളപ്പൻ എന്നീ സാമൂഹിക സാംസ്കാരിക നായകൻ‌മാരുടെ ഇടപെടലുകളാണ്.യുവാക്കളുടെ സ്വപ്നങ്ങൾ ആശയങ്ങളായും അവ സംരംഭങ്ങളായും മാറുന്ന വിപ്ളവകരമായ കാലഘട്ടം കേരളത്തിലുണ്ടാകട്ടെ.തൊഴിൽ തേടി അലയുന്നവരിൽനിന്ന് തൊഴിൽദാതാക്കളായി മാറുന്ന അദ്ഭുതകരമായ കാഴ്ച  യുവാക്കൾക്ക് സൃഷ്ടിക്കാനാകും.ആശയങ്ങൾ ആകാശത്തുനിൽക്കുന്നവയല്ല; മറിച്ച്, പ്രായോഗികതലത്തിൽ നടപ്പാക്കാവുന്നതാണെന്ന് നമ്മുടെ യുവജനങ്ങൾ തെളിയിച്ചിട്ടുണ്ട്.കേരളത്തിനകത്തുനിന്ന് യുവതയുടെ പ്രതീക്ഷകളുടെ നാമ്പുകൾ ഉയരട്ടെ.

കേരളത്തിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത,കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകുന്ന രേഷ്മ മേരി റോയ്, തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകുന്ന ആര്യ രാജേന്ദ്രന്‍ ഇവരൊക്കെ ഉള്‍പ്പടെ നൂറു കണക്കിന് മറ്റു സ്ത്രീകളും യുവജനങ്ങളും ആണ് കേരളത്തിൽ നേതൃസ്ഥാനങ്ങളില്‍ ഇപ്പോൾ എത്തിയിരിക്കുന്നത്.യുവജനങ്ങള്‍ സ്വപ്നങ്ങളെ കൊത്തിയെടുക്കുന്ന വിദഗ്ദ്ധരായി മാറണം.കേരളത്തിന്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രത്യാശയും,ക്ഷമയും,പ്രതിബദ്ധതയും യുവജനങ്ങൾക്കുണ്ടാകണം.  

ഇന്നത്തെ യുവജനങ്ങൾ  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ

എന്താണ് യുവജനങ്ങളുടെ ഉത്‌ക്കണ്‌ഠകൾ? നശിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂമി അവകാശപ്പെടുത്തുന്നതിന്റെ തിരി അണഞ്ഞുക്കൊണ്ടിരിക്കുന്ന പ്രതീക്ഷകൾ,ഓസോൺ തീർന്നുപോയ അതിന്റെ അന്തരീക്ഷവും ഒരു ആഗോള ഗ്രീൻഹൗസ്‌ ഫലത്തിന്റെ കീഴിൽ കുതിച്ചുയരുന്ന അതിന്റെ താപനിലയും, ഉരിഞ്ഞുകളയപ്പെട്ട അതിന്റെ തഴച്ചുനിന്ന വനങ്ങളും, ശ്വസിക്കാനും കുടിക്കാനും കൊള്ളില്ലാത്ത അതിലെ വായുവും വെള്ളവും.ഇതെല്ലാം  യുവജനങ്ങളെ വ്യാകുലപ്പെടുത്തുന്നു.അസ്തിത്വ പ്രതിസന്ധിയും യുവത്വം നേരിടുന്ന ഒരു വെല്ലുവിളിതന്നെയാണ്.

ആജീവനാന്ത ദാരിദ്ര്യത്തെയും തൊഴിലില്ലായ്‌മയെയും,കോവിഡ് മഹാമാരിയെയുമാണ് യുവജനങ്ങൾ അഭിമുഖീകരിക്കുന്നത്.കോളജിലെ ചെലവുകളും,രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതും,വേണ്ടത്ര ശമ്പളം കിട്ടാത്തതും,വിഷാദ രോഗങ്ങളും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ വേറെയും ഉണ്ട്.ധാർമ്മികനിഷ്‌ഠകളിലെയും മററു മൂല്യങ്ങളിലെയും നാടകീയമായ മാററങ്ങളും യുവജനങ്ങളുടെ ഇടയിലെ കുഴപ്പത്തിന്റെ ഒരു ഉറവാണ്‌.നിസംഗതയാണ് ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത യുവജനങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്നു.ആത്മവിശ്വാസത്തിന്റെ അഭാവം,ആത്മാഭിമാനമില്ലായ്‌മ,ധാർമ്മികതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും അവ്യക്തതയും,സമൂഹത്തിൽ മാതൃകകളുടെ അഭാവം,ഭൗതികവാദത്തിന്റെ സമ്മർദ്ദങ്ങൾ തുടങ്ങിയവ അവരെ പ്രശ്‍നങ്ങളിലേക്ക് വലിച്ചിഴക്കുന്നു.

 യുവജനങ്ങൾക്ക്‌ വേണ്ടി തുറന്നിരിക്കുന്ന അവസരങ്ങൾ

ക്രിയാത്മകമായി ചിന്തിച്ചാൽ യുവാക്കൾക്ക് മുന്നിൽ വലിയ അവസരങ്ങൾ തുറക്കപ്പെടും.പരമ്പരാഗത ബിസിനസുകൾക്ക് തിരിച്ചടി നേരിടുമ്പോൾ അവയിൽ പുതിയ പരീക്ഷണങ്ങൾ നടപ്പാക്കണം.ഹോം ഡെലിവറി പോലുള്ളവയുടെ പുതിയ സാധ്യതകൾ മുതലെടുക്കണം.ഭാവിയെ നിയന്ത്രിക്കാൻ പോകുന്നത് ഓൺലൈൻ വിദ്യാഭ്യാസം,ഓൺലൈൻ ബിസിനസ് പോലുള്ളവയാണ്.ഇത്തരം തിരിച്ചറിവിലൂടെ രാജ്യത്തിന്റെ തിരിച്ചുവരവിനായി യുവജനത പ്രാപ്തരാകണം.യുവാക്കളുടെ വിദ്യാഭ്യാസത്തില്‍ സംരംഭകത്വപരിശീലനം ഒരു ഭാഗമായിത്തീരണം.അവര്‍ തൊഴിലന്വേഷകരാവുകയല്ല മറിച്ച്, തൊഴിലുൽപാദകരാവുകയെന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം. മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കാതെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയവും ദൗത്യവും തിരഞ്ഞെടുക്കുന്ന ആളുകളാണ് ഏറ്റവും വിജയശ്രീലാളിതരാവുന്നതെന്ന് യുവജനങ്ങൾ ഓർക്കണം.ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്സ്, ഓട്ടമേഷന്‍ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മുന്നേറാൻ യുവതക്കാകണം.

കൈപിടിച്ചുയർത്തുക

പുതിയ ലോകസാഹചര്യങ്ങൾ തുറന്നുവെച്ചിരിക്കുന്ന വിശാലമായ തൊഴിലവസരങ്ങളിലേക്ക് യുവാക്കളെ ആനയിക്കുന്നതിലും അതിന് പ്രാപ്തരാക്കുന്നതിലും നമുക്ക് സംഭവിച്ച പിഴവുകളുടെ വിലയാണ് യഥാർഥത്തിൽ ഇന്ന് നിരാശയോടെ ജീവിതം നശിച്ചുവെന്ന് പറഞ്ഞ് വിലപിക്കുന്ന യുവജനങ്ങൾ. മറുനാടുകളിലെ വലിയ തൊഴിലവസരങ്ങൾ കോവിഡ് പ്രതികൂലമായി ബാധിച്ച വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ ചെറുപ്പങ്ങളുടെ തൊഴിൽശേഷിയും ബൗദ്ധികതയും ശരിയാംവിധത്തിൽ പ്രയോഗിക്കുവാൻ ഉതകുന്ന അവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുക എന്ന ദൗത്യം അടിയന്തര പ്രാധാന്യത്തോടെ സർക്കാർ നിർവഹിക്കേണ്ടതുണ്ട്. യുവജനങ്ങളുടെ ആത്മവിശ്വാസത്തെ ഉദ്ദീപിപ്പിക്കുവാനും ക്രിയാത്മകതയിലേക്ക് വഴിനടത്തുവാനും ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ ആസന്നഭാവിയിൽ നമ്മെ കാത്തിരിക്കുന്നത് ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങളായിരിക്കും.

 പ്രതീക്ഷയുടെ ചിറകിലേറി പറക്കുന്ന യുവത

അവകാശ സംരക്ഷണത്തിനും ധര്‍മ്മത്തിനും വേണ്ടി ശബ്ദമുയര്‍ത്താനും അനീതിക്കും അഴിമതിക്കുമെതിരേ മുഷ്ടി ചുരുട്ടാനും വ്യത്യസ്ത കരങ്ങള്‍ ചേര്‍ത്ത് ഒരുമയുടെ മനുഷ്യച്ചങ്ങല തീര്‍ക്കാനും വലിയൊരു യുവതലമുറ ഉറക്കമൊഴിച്ച് തെരുവുകളിൽ കാത്തിരിപ്പുണ്ട്.അത്തരമൊരു വിദ്യാസമ്പന്നരായ യുവതലമുറ തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷ.അനീതികൾക്കെതിരെയുള്ള യുവസ്വരങ്ങൾക്ക് പലപ്പോഴും ഒരേ നിറമാകുന്നതില്‍ സോഷ്യല്‍ മീഡിയയുടേയും സ്മാര്‍ട്ട്‌ഫോണുകളുടേയും പങ്ക് ചെറുതല്ല.
നമ്മുടെ രാജ്യത്തിന്റെ പതാകാ വാഹകരായി യുവനേതാക്കളെ കൊണ്ട് വന്നാൽ മാത്രമേ,നാളെയെക്കുറിച്ചു പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നല്‍കാൻ സാധിക്കൂ.സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെ തങ്ങളുടെ പൊതുബോധ നിര്‍മ്മിതിക്കായി ഉപയോഗപ്പെടുത്തുന്ന ഈ തലമുറ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു.ഇവിടെ തികച്ചും രാഷ്ട്രീയബോധമുള്ള, ദേശീയോൽഗ്രഥന കാഴ്ചപ്പാടുള്ള പുതുതലമുറ ഉയർന്നുവരുന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നു.
യുവഞരമ്പുകളില്‍ ഉത്സാഹത്തിന്‍റെയും പ്രതീക്ഷയുടെയും കഠിനാധ്വാനത്തിന്‍റെയും ചോര തിളക്കട്ടെ. വെറുതെ മൊബൈൽ സ്ക്രീനുകളിൽ  നോക്കിയിരിക്കുന്ന പാവകളായി നമ്മുടെ യുവജനങ്ങൾ മാറാതിരിക്കട്ടെ.യുവജനങ്ങൾ അഭിമുഖീകരിക്കുന്ന ഇരുണ്ട രാത്രികളിൽ നക്ഷത്ര വെളിച്ചം തെളിക്കാൻ ഭരണാധികാരികൾക്കാകണം.യുവാക്കളുടെ സംഗമങ്ങളിൽ നിന്നുള്ള  ആശയങ്ങളും ആവേശവും അവരുടെ അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളും നമ്മുടെ നാടിന്  ഊ൪ജം പകരുന്നു.
നമ്മുടെ യുവജനങ്ങൾക്ക് സുരക്ഷിതവും ഐശ്വര്യപൂർണവുമായ ജീവിതം ഉറപ്പാക്കുന്ന ഒരു ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നമുക്ക് സാധ്യമാകട്ടെ.യുവതലമുറയിലെ ഓരോ അംഗങ്ങൾക്കുംആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ തുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു രാജ്യമായി നമ്മുടെ ഭാരതം മാറട്ടെ.

 

Foto

Comments

leave a reply