Foto

ജസ്റ്റിസ് കുര്യന്‍ ജോസഫ് തമ്പാന്‍ തോമസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍

കൊച്ചി: സോഷ്യലിസ്റ്റ് ആശയങ്ങളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി രൂപീകരിച്ച തമ്പാന്‍ തോമസ് ഫൗണ്ടേഷന്‍റെ ചെയര്‍മാനായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ തിരഞ്ഞെടുത്തു. എറണാകുളം സഹോദര സൗധത്തില്‍ ചേര്‍ന്ന ഫൗണ്ടേഷന്‍റെ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. രവി തോമസ് രക്ഷാധികാരിയായിരിക്കും. അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍  അധ്യക്ഷത വഹിച്ചു.

ചെയര്‍മാനായി ചുമതലയേറ്റ ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡ്വ. തമ്പാന്‍ തോമസിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇന്നത്തെ തലമുറയ്ക്ക് വലിയ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ക്രമേണ അന്യം നിന്നുപോകുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെയും മൂല്യങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും സാമൂഹിക നീതി, സമത്വം, സാഹോദര്യം, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സമൂഹനന്മയ്ക്കായി അവയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമ്പാന്‍ തോമസ് ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ, സോഷ്യലിസ്റ്റ്, തൊഴിലാളി പക്ഷ നിലപാടുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ തലമുറയില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും ഫൗണ്ടേഷന്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ തമ്പാന്‍ തോമസിന്‍റെ ആശയങ്ങളും ദര്‍ശനങ്ങളും പ്രവര്‍ത്തന പാരമ്പര്യവും പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഫൗണ്ടേഷന്‍റെ പ്രധാന ലക്ഷ്യം. സോഷ്യലിസ്റ്റ് ചിന്തകളുടെ പ്രചാരണം, തൊഴിലാളി അവകാശ സംരക്ഷണം, സാമൂഹിക നീതിക്കായുള്ള ഇടപെടലുകള്‍, ജനാധിപത്യ മൂല്യങ്ങളുടെ പ്രചാരണം, പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍, യുവജനങ്ങളില്‍ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), ജോസഫ് ജൂഡ് (ജനറല്‍ സെക്രട്ടറി), അഡ്വ. നിന്‍സി മാത്യു (സെക്രട്ടറി), അഡ്വ. ജോയ് ശങ്കര്‍ (ട്രഷറര്‍), ടോമി മാത്യു, സോണിയ ജോര്‍ജ്, മനോജ് സാരംഗ്, അനുപമ തമ്പാന്‍, സജി മാത്യു, ഡോ. ഉണ്ണികൃഷ്ണന്‍ (സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികള്‍.

തമ്പാന്‍ തോമസ് മുന്നോട്ടുവച്ച സോഷ്യലിസ്റ്റ് ദര്‍ശനങ്ങളും തൊഴിലാളി പക്ഷ നിലപാടുകളും സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ കൂടുതല്‍ പ്രസക്തമാക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ക്രിയാത്മകമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനും യോഗം കര്‍മ്മപദ്ധതിക്ക് രൂപം നല്കി.

Comments

leave a reply

Related News