Foto

ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിലിന്റെ മൃതസംസ്കാരം തിങ്കളാഴ്ച

ഗുവാഹത്തി: അന്തരിച്ച ഗുവാഹത്തി മുൻ ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിലിന്റെ മൃതസംസ്കാര ശുശ്രൂഷകൾ 30 ന് നടക്കും. സംസ്കാരച്ചടങ്ങുകളിൽ മ്യാൻമറിന്റെ ഏക കർദ്ദിനാളായ ചാൾസ് മൗങ് ബോ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കർദ്ദിനാളിനൊപ്പം മേഖലയിലെ എല്ലാ ബിഷപ്പുമാരും വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തും.

​തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ദിസ്പൂർ കത്തീഡ്രൽ ദൈവാലയത്തിൽ ഗുവാഹത്തി ആർച്ച്ബിഷപ്പ് ഡോ. ജോൺ മൂലച്ചിറയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സംസ്കാര ദിവ്യബലിക്കും ശുശ്രൂഷകൾക്കും ശേഷം, സോണൈഗുലിയിലുള്ള പ്രീസ്റ്റ് മെമ്മോറിയലിൽ ഭൗതികശരീരം സംസ്കരിക്കും.

2003 മുതൽ യാംഗൂൺ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ചാൾസ് മൗങ് ബോയെ 2015 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
​ഗുവാഹത്തി അതിരൂപത ഏറ്റുവാങ്ങിയ ഭൗതികശരീരത്തിൽ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി നാല് ദിവസം നീളുന്ന പൊതുദർശനവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. പ്രിയ ഇടയന് അന്ത്യാഞ്ജലി അർപ്പിക്കാൻ വിശ്വാസികളും വൈദികരും സന്യസ്തരുമടക്കം നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

​ഇന്നലെ വൈകുന്നേരം നാലിന് ഗുവാഹത്തി ആർച്ച്ബിഷപ്പ് ഹൗസിൽ നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. തോമസ് പുള്ളോപ്പിള്ളിൽ നേതൃത്വം നൽകി. ഇന്ന് (നവംബർ 27) വൈകുന്നേരം നാലിന് ആർച്ച്ബിഷപ്പ് ഹൗസിൽ ബിഷപ്പ് പോൾ മറ്റേക്കാട്ട് ദിവ്യബലി അർപ്പിക്കും. ശനിയാഴ്ച (നവംബർ 28) പാൻ ബസാർ സെന്റ് ജോസഫ് കോ-കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയും നാലിന് ദിവ്യബലിയും നടക്കും. ഞായറാഴ്ച (നവംബർ 29) രാവിലെ പത്തിന് പാൻ ബസാർ സെന്റ് ജോസഫ് കോ-കത്തീഡ്രലിൽ ദിവ്യബലി നടക്കും. തിങ്കളാഴ്ച (നവംബർ 30) ഉച്ചയ്ക്ക് ഒന്നിന് ദിസ്പൂർ കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനവും സംസ്കാര ദിവ്യബലിയും തുടർന്ന് മൃതസംസ്കാര ശുശ്രൂഷകളും നടക്കും.

​ വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രേഷിത ദീപം

​1936-ൽ കേരളത്തിലെ പാലായിൽ ജനിച്ച തോമസ് മേനാംപറമ്പിൽ 1965-ലാണ് സലേഷ്യൻ വൈദികനായി അഭിഷിക്തനായത്. ദിബ്രുഗഢ് ബിഷപ്പായും, പിന്നീട് 1995 മുതൽ 2012-ൽ വിരമിക്കുന്നത് വരെ ഗുവാഹത്തിയുടെ പ്രഥമ ആർച്ച്ബിഷപ്പായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ ജനതയുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിനായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച അദ്ദേഹം, പ്രദേശത്തെ വിവിധ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷങ്ങൾ പരിഹരിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും നിർണ്ണായകമായ മധ്യസ്ഥത വഹിച്ചു. സമാധാന ശ്രമങ്ങൾക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വരെ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സുവിശേഷ പ്രഘോഷണ (Evangelization) മേഖലയ്ക്ക് നൽകിയ നിസ്തുലമായ സംഭാവനകളാൽ ‘ഇവാഞ്ചലൈസേഷൻ ബിഷപ്പ്’ എന്നാണ് അദ്ദേഹം സഭാതലത്തിൽ അറിയപ്പെട്ടിരുന്നത്. പുതിയ പള്ളികൾ സ്ഥാപിക്കുന്നതിനും പുതിയ ഗോത്രങ്ങളെയും ഗോത്രവർഗ്ഗത്തിൽപ്പെട്ട ജനങ്ങളെയും ക്രിസ്തുവിശ്വാസത്തിലേക്ക് അടുപ്പിക്കുന്നതിനും അദ്ദേഹം ക്രിയാത്മകമായ നിരവധി ചുവടുകൾ വെച്ചു. ഏഷ്യൻ മെത്രാനൻ സമിതികളുടെ ഫെഡറേഷനായ എഫ്.എ.ബി.സി-യുടെ (FABC) കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷന്റെ ചെയർമാനായും അദ്ദേഹം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments

leave a reply

Related News