Foto

അടച്ചമുറികള്‍ തെളിച്ചത്തിലേക്ക് തുറക്കപ്പെടുന്ന ഇടങ്ങളാണ്

✍️ഫ്രാന്‍സിസ് നൊറോണ

അടച്ചമുറി നമുക്കിപ്പോള്‍ പരിചിതമാണ്..ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നെല്ലാം ഒരു കല്ലേറുദൂരം മാറിയിരിക്കുന്ന ഏതൊരവസ്ഥയേയും അടച്ചമുറിയെന്ന് വിശേഷിപ്പിക്കാം..വിജനപ്രദേശങ്ങളായിരുന്നു ഈശോയ്ക്ക് അടച്ചമുറി. ഓരോ യാമത്തിലും തനിച്ചിരിക്കാനായി അവന്‍ ഒരിടം തേടുന്നത് ബൈബിളില്‍ പലയിടങ്ങളിലും കാണാനാവും.

'ലോക് ഡൗണ്‍' വാക്ക് നമുക്ക് പുതുമയല്ലാതായി കഴിഞ്ഞു..കൗമാരനാളില്‍ ഞാനും കുറേക്കാലം ലോക്ഡൗണില്‍ ആയിപ്പോയിട്ടുണ്ട്. അസുഖം പിടിപെട്ട് കോട്ടയത്തായിരുന്നു ചികിത്സ. അതുവരെ ഓടിച്ചാടി നടന്നിരുന്ന ഞാന്‍ പെട്ടെന്നൊരു മുറിയിലേക്ക് ഒതുങ്ങിപ്പോയി. മുറിയെന്ന് അതിനെ വിളിക്കാമോയെന്ന് അറിയില്ല. ഓലവീടിന്റെ അടുക്കളയോടു ചേര്‍ന്ന ചെറ്റമറച്ച ഇത്തിരിയിടം. മമ്മാഞ്ഞി ഉപയോഗിച്ചിരുന്ന കയറുകട്ടില്‍. കത്തിക്കാനുള്ള കൊള്ളിവിറകുകള്‍ അടിയില്‍ കുത്തിനിറച്ചിരുന്നു. ശരിക്കും ഒരു ചിത. കട്ടിലില്‍ കിടന്നു പുറംകാഴ്ച്ച കാണാവുന്ന അലകിന്റെ ജനലുണ്ട്. നോക്കിയാല്‍ അയല്‍വീടിന്റെ പറമ്പുമുഴുവന്‍ കാണാം.
നിറയെ പച്ചപ്പ്... മാവും തെങ്ങും കമുകും മഞ്ചാടിയും മുരിക്കും...ശീമക്കൊന്നയുടെ വേലിവളപ്പില്‍ രാജമല്ലി, നന്ത്യാര്‍വട്ടം, ചെമ്പരത്തി, ബാല്‍സം തുടങ്ങി ചിത്രശലഭങ്ങളെ കൊതിപ്പിക്കുന്ന പൂച്ചെടികള്‍. പേരമരത്തിലെ അണ്ണാറക്കണ്ണന്‍മാര്‍. മരണം വിളിച്ചോതുന്ന റൂഹാംകിളികള്‍. പുറത്തു മാത്രമല്ല വീടിനകത്തും കാഴ്ച്ചപ്പെരുന്നാളാണ്. വല നെയ്തും ഇരപിടിച്ചും ചിലന്തിയെപ്പോഴും മുകളിലുണ്ടാവും. ചെറ്റമറയിലെ സാധാരണ പൗരന്‍ പാറ്റയാണ്. തവിട്ടില്‍ കറുമ്പന്‍ സീബ്രവരയുള്ളത്. നീളന്‍ ചിറകുള്ളത്. വെളുമ്പന്‍, കാതില്‍ കയറുന്ന കുഞ്ഞിക്കന്‍ അങ്ങനെ നാനാതരം. അടുക്കളവാതിലിലൂടെ പമ്മിയെത്തി അമ്മയെ പറ്റിക്കുന്ന കാക്കകള്‍. ജനലിലൂടെ ഇഴഞ്ഞെത്തുന്ന പൊന്‍നിറമുള്ള വലിയ അരണകളെയായിരുന്നു കൂട്ടത്തില്‍ പേടി.
മരങ്ങളും, ജീവികളും, വായനയുമായിരുന്നു കൂട്ട്.

ഓരോ ഋതുക്കളിലും ജനലിനപ്പുറത്തെ പ്രകൃതി അവളുടെ പുതുപ്പ് മാറ്റിയെന്റെ മുഷിപ്പകറ്റും. ഒറ്റമുറി വീടായിരുന്നതുകൊണ്ട് ആകെയുള്ള ബുദ്ധിമുട്ട് അടുപ്പിലെ പുകയായിരുന്നു. എന്നാലും അടുക്കളമണങ്ങള്‍ വന്നെന്റെ മൂക്കിനെ തൊടും. കറിതാളിക്കുന്ന മണം. അടിക്കുപിടിച്ച കറിച്ചട്ടിയിലെ കരിഞ്ഞഗന്ധം. തിളയെണ്ണയില്‍ കടുകുപൊട്ടുന്ന സ്വരം. പപ്പടം കാച്ചുമ്പോഴുള്ള ഒച്ച. അതിന്റെ കൊതിപ്പിക്കുന്ന മണം. ഏറ്റവും നിസ്സാരമെന്ന് തോന്നുന്ന കാഴ്ച്ചകളും സ്വരങ്ങളും ഗന്ധങ്ങളും അടച്ചമുറിക്കുള്ളില്‍ നമുക്കങ്ങനെ പ്രിയമാവുന്നു. ജ്വരക്കിടക്കയില്‍ നിന്നുള്ള ഉയിര്‍പ്പിന് എന്നെ സഹായിച്ചതും ഇതൊക്കെ തന്നെയാണ്.


ഇത്തിരി ഉപ്പും വായിക്കാനുള്ള ബൈബിളുമായി ജീവിതകാലം മുഴുവന്‍ അല്ലലും മടുപ്പുമില്ലാതെ തനിച്ചു കാട്ടില്‍ കഴിഞ്ഞ ഒരാളെക്കുറിച്ച് കൊവേന്തയിലെ പാതിരിയച്ചന്‍ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരുടെ പുസ്തകങ്ങളും സിനിമകളും ഇന്നും വിസ്മയിപ്പിക്കുന്ന ക്ലാസിക്കുകളാണ്. വെളിച്ചമെല്ലാം അണയുന്ന സമയത്ത് സെല്ലിനുള്ളിലേക്ക് വരുന്ന നിലാവിന്റെ അനുഭൂതിയെക്കുറിച്ച് ജയില്‍ജീവിതം എഴുതിയവരുടെ കുറിപ്പുകളില്‍ വായിച്ചിട്ടുണ്ട്.


പി. ഭാസ്‌ക്കരനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് വായിച്ചുകൊണ്ടിരിക്കുന്നത്. സാഹിത്യ അക്കാദമിയാണ് പ്രസാധകര്‍. സാനുമാഷിന്റെ അവതാരിക. ഒരു നൂറ്റാണ്ടിനു പുറകിലേക്ക് പോയി ജീവിക്കാന്‍ ഈ പുസ്തകം സഹായിക്കുന്നുണ്ട്. സമയത്തെ മുന്നോട്ടും പിന്നോട്ടും തോല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നാണല്ലോ പുസ്തകം. ഭാസ്‌ക്കരനുണ്ണി വരച്ചുകാട്ടുന്ന പ്രാചീനകേരളത്തിലും നമുക്കൊരു ലോക് ഡൗണ്‍ കാണാനാവുന്നുണ്ട്. അയിത്തംമൂലം മനുഷ്യര്‍ അനുഭവിക്കേണ്ടിവന്ന ജാതീയ ലോക് ഡൗണുകള്‍. പൊതുനിരത്തുകള്‍ നിഷേധിക്കപ്പെട്ടവരുടെ.. കൃത്യമായ അകലം പാലിച്ചു നടക്കേണ്ടി വന്നവരുടെ.. തൊട്ടുപോയതിലെല്ലാം അശുദ്ധതയുണ്ടാവുമെന്നു പറഞ്ഞ തിരുശാസനങ്ങളുടെ... ഭീതിയുടെ ഇരുണ്ടകാലത്തിലേക്കുള്ള ടോര്‍ച്ചാവുന്നു ഈ പുസ്തകം.


അടച്ചമുറികള്‍ ഒരു തെളിച്ചത്തിലേക്ക് തുറക്കപ്പെടുന്ന ഇടങ്ങളാണ്. അതുകൊണ്ടാവാം പൊതുയിടങ്ങളില്‍ ഇടറിവീണ് കുറ്റവാളികള്‍ ആകുന്നവരെ നമ്മള്‍ കുറേക്കാലം ജയിലെന്ന് പേരിട്ടു വിളിക്കുന്ന അടച്ചമുറികളില്‍ പാര്‍പ്പിക്കുന്നത്. അടച്ച മുറികളിലെല്ലാം ഒരു പരിവര്‍ത്തനത്തിന്റെ സാധ്യതകള്‍ നിറഞ്ഞു കിടപ്പുണ്ടാവും. അടച്ചമുറിയിലാണ് ഈശോയുടെ മരണത്തിനുശേഷം ശിഷ്യര്‍ പേടിയോടും പ്രാര്‍ത്ഥനയോടും കഴിഞ്ഞത്. അടച്ചമുറിയിലേക്ക് കയറിയ മാനസികാവസ്ഥയില്‍ ആയിരുന്നില്ല പെന്തക്കുസ്തായില്‍ അവര്‍ പുറത്തേക്കിറങ്ങി വന്നത്.


മഹാമാരികള്‍ ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്. കുറേക്കൂടി മെച്ചമായ മനുഷ്യനായി ജീവിക്കുവാനുള്ള ദൈവവിളികള്‍..ആഗോളവിപണിയിലൂടെ ലോകം ഒരൊറ്റ ശരീരമായി വളര്‍ന്നെങ്കിലും ലാഭേച്ഛക്കൊതിയില്‍ അതിന്റെ മനസ്സ് വല്ലാണ്ട് ഇടുങ്ങിപ്പോയിരുന്നു.. അടച്ചമുറികളില്‍നിന്ന് ഒരു വാക്‌സിന്‍കാല പ്രതീക്ഷയിലേക്ക് ഇറങ്ങുന്ന ലോകത്തിന് ഒരു പരിവര്‍ത്തനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്നോളം ജീവിച്ചതില്‍ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ടവരായി ജീവിക്കണം. കുറേക്കൂടി നന്മകള്‍ ചെയ്യണം. സ്‌നേഹത്തിന്റെ മുള പൊട്ടുന്ന വിത്തായി ഭൂമിക്കും സകല ജീവജാലങ്ങള്‍ക്കും ഇനിയും തണലാവണം. സ്വാര്‍ത്ഥത നിറയുന്ന പഴയ അവസ്ഥയില്‍നിന്ന് മനുഷ്യസ്‌നേഹത്തിന്റെ പുതുവിചാരങ്ങളുടെ ചിറകു വിടര്‍ത്തി ലോകം വീണ്ടും പറന്നു തുടങ്ങട്ടെ....

 

Comments

leave a reply