Foto

ജയ് ഭീം: സിനിമയിലെ പൊളിറ്റിക്സിനെക്കാൾ,  "പൊളിറ്റിക്കൽ സിനിമ

ജയ് ഭീം സിനിമ കണ്ട് അതിനെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ചിന്തിച്ചിരിക്കുന്ന സമയത്താണ് ഹിന്ദി സിനിമാ താരം അനുപം ഖേർ പങ്കുവെച്ച ഒരു വീഡിയോ കാണുന്നത്. രാജസ്ഥാനിൽ നിന്നുള്ള ഇന്ത്യാക്കാരിയായ ഒരു പെൺകുട്ടി നേപ്പാളിൽ ഇംഗ്ലീഷ് ഭാഷയിൽ ഭിക്ഷാടനം നടത്തുന്ന ഒരു വീഡിയോ ആണത്. എന്ത് കൊണ്ട് നേപ്പാളിൽ വന്നു ഭിക്ഷയെടുക്കുന്നു എന്ന ചോദ്യത്തിൻറെ മറുപടി നൂറ്റി മുപ്പത് കോടി ജനങ്ങളുടെ തല കുനിക്കുന്നതാണ്. ഭിക്ഷയെടുക്കാൻ നമ്മുടെ രാജ്യത്തെക്കാൾ നല്ല രാജ്യം ഭൂലോകത്തിൻറെ മാപ്പിൽ പോലും ശരിക്ക് കാണുവാൻ സാധിക്കാത്ത അയൽ രാജ്യം ആണ് എന്ന് പെൺകുട്ടി ഇംഗ്ലീഷിൽ പറയുന്നു.   ഭിക്ഷയെടുക്കാൻ പോലും അനുകൂല സാഹചര്യങ്ങളില്ലാത്ത ഒരു ഡിജിറ്റൽ രാജ്യമാണോ നമ്മുടേത് ?  

 

ജയ് ഭീം എന്ന സിനിമയെ റിവ്യൂ ചെയ്യാൻ, മുന്നോക്കക്കാരുടെ പിന്നോക്ക ക്ളീഷേകൾ മാത്രം കണ്ടു ശീലിച്ച മലയാളികൾക്കോ പേരിനേക്കാൾസർ നെയിമിന്” കൃത്യമായി പ്രാധാന്യം കൊടുക്കുന്ന ഇതര സംസ്ഥാനക്കാർക്കോ  യോഗ്യത ഇല്ല എന്നതൊരു യാഥാർഥ്യം ആണ്. ദളിതനെയും ആദിവാസികളെയും അഡ്രസ്സ് ചെയ്യുവാൻ തമിഴ് സിനിമാ ലോകം കാണിക്കുന്ന സത്യസന്ധതതയ്ക്ക്‌  ഒരു അഭിവാദ്യം അർപ്പിച്ചുകൊണ്ട്   ജയ് ഭീം എന്ന സിനിമ ഉള്ളിൽ നിക്ഷേപിച്ച ഒൻപതു കാര്യങ്ങളെ പറ്റി  മാത്രം ആണ് ഇവിടെ പറയുന്നത്. 

 

1. എനിക്ക് വക്കീൽ ഫീസ് തരാൻ പണമില്ല.

 

കുഞ്ഞിന് ചെരുപ്പ് വാങ്ങി നൽകുന്ന ചന്ദ്രുവിനോട് സെങ്കനി പറയുന്ന ചിത്രം. ഇന്ന് ബി എൽ എൽ ബി എടുക്കാൻ ആള് കുറവും ബി ബി എൽ എൽ ബി,   ബി കോം എൽ എൽ ബി എടുക്കാൻ  തിക്കും തിരക്കുമാണ്. താൻ വക്കീലായ ശേഷം നാട്ടിൽ ഒരാൾക്കെങ്കിലും നീതി നടപ്പായി കിട്ടുവാൻ പ്രതിബദ്ധത ഉള്ളവനായിരിക്കും എന്നതിനേക്കാൾ ഏതെങ്കിലും ഒരു കോർപ്പറേറ്റ്‌  കമ്പനിയുടെ ലീഗൽ അഡ്വൈസർ ആകാനായി നിയമ ബിരുദം എടുക്കുന്നവരാണ് കൂടുതൽഅതുമല്ലെങ്കിൽ നിയമ ബിരുദം എടുത്തു വച്ചാൽ റിട്ടയർ ആയ ശേഷം സമയം കളയാൻ കോടതി വരാന്തയിൽ ഇരിക്കാം എന്ന് ചിന്തിക്കുന്നവർ. ഇങ്ങനെയുള്ളവർ സിനിമ കണ്ട് ഉൾപുളകം കൊള്ളരുത്. കാരണം മഹാത്മാ അംബേദ്കർ, ശ്രേഷ്ഠ ന്യായാധിപൻ ജസ്റ്റിസ് ചന്ദ്രു ഇവരുടെയൊക്കെ കഥയാണ് ഇത്.   

 

2. തന്തൈ  പെരിയാർ വി രാമസ്വാമി.

 

സിനിമയിൽ മാർക്സിന്റേയും  ലെനിൻറെയും പ്രതിമകൾക്കും, മഹാത്മാ  അംബേദ്കറിൻറെ ചിത്രത്തിനു മൊപ്പം പലപ്രാവശ്യം മിന്നിമറയുന്ന ചിത്രമാണ് പെരിയാറുടേത്. പെരിയാറോട്  ഒത്തിരി അസൂയ തോന്നി  തമിഴകം മുഴുവൻ അദ്ദേഹത്തെ ഉൾക്കൊള്ളുന്നത് കണ്ട്നമ്മൾ മലയാളികൾക്കും അത് പോലൊരു ഗുരുവുണ്ട് പക്ഷെ ഒരു സിനിമയിലും ഇങ്ങനെ പ്രോജെക്ട് ചെയ്യപ്പെടാറില്ല. ചില സിനിമകളിലാകട്ടെ അദ്ദേഹത്തെ കോമഡിയുടെ ഭാഗം ആക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകൾക്കെല്ലാം വിരുദ്ധമായി പ്രവർത്തിക്കുന്ന ചില കോർപ്പറേറ്റു കളുടെ ലോഗോ മാത്രമായി മലയാളമണ്ണിൽ അദ്ദേഹം അവശേഷിക്കുന്നു. അദ്ദേഹത്തിൻറെ പേര് ഇവിടെ പറയുന്നില്ല. “കണ്ടാലറിയാത്തവൻ പറഞ്ഞാലറിയുന്നതെങ്ങിനെ”.

 

3. ഗാന്ധിയുണ്ട്, നെഹ്രുവുണ്ട്, നേതാജി ഉണ്ട്. അംബേദ്കർ എവിടെ ?

ഗാന്ധിയെ പറ്റി കുറെ സിനിമകൾ കണ്ടിട്ടുണ്ട് അതിലെങ്ങും അംബേദ്കർ ഒരു ഗസ്റ്റ് റോളിനപ്പുറം കണ്ടിട്ടില്ല. അദ്ദേഹത്തെ കേന്ദ്ര കഥാപാത്രം ആക്കി നിർമ്മിച്ച സിനിമ ആകട്ടെ  റിലീസ് ആകുവാൻ നീണ്ട പതിനാറ് വർഷങ്ങൾ എടുത്തു. ഒരു ലക്ഷം പേരെങ്കിലും സിനിമ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നില്ല. ജയ് ഭീം എന്ന സിനിമ കണ്ട് ആസ്വദിച്ചവരും ആഘോഷിച്ചതുമായ  മിക്കവാറും  പേർക്ക്ഭീം” എന്നുള്ളത് മഹാത്മാ അംബേദ്കറിൻറെ പേരാണ് എന്ന് പോലും അറിവില്ല. സത്യമാണ്, പലരോടും എന്താണ്ഭീം” എന്ന് മനസ്സിലായോ എന്ന്  ചോദിച്ചിട്ടാണ്  കുറിപ്പ് എഴുതുന്നത്. ഇനിയെങ്കിലും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുംകുഞ്ഞു അംബേദ്കർമാർ” ഘോഷയാത്രകളിൽ ഉണ്ടാകട്ടെ.

 

4. മാർക്സിസ്റ്റു പാർട്ടി

ജയ് ഭീം സിനിമയിൽ ആദ്യന്തം അരിവാൾ ചുറ്റിക ഉള്ള  ചെങ്കൊടി ഉണ്ട് മൂന്നാറിലെ ലയത്തിലും മദ്രാസ് മഹാ നഗരത്തിലും അത് കാണിക്കുന്നുണ്ട്.

  സിനിമ ഇറങ്ങിയത് മുതൽ "തങ്ങളുടെ വിജയം" എന്ന് ആഘോഷിക്കുന്നവരാണ് മാർക്സിസ്ററ് പാർട്ടികൾ. ആഘോഷിക്കാൻ വരട്ടെ, തമിഴിൽ അടുത്തിടെ ഇറങ്ങുന്ന പല സിനിമകളിലും ദളിത് ആദിവാസി പ്രശ്നങ്ങളിൽ സമരം ചെയ്യുന്നവരായി കാണിക്കുന്നത് മാർക്സിസ്റ്റു പാർട്ടിയെ ആണ്. കേരളത്തിൽ പാർട്ടി അങ്ങനെയാണോ സുസ്ഥിര വിജയത്തിനായി മത പ്രീണനം നടത്തി വോട്ടു ബാങ്കുകൾ നിർമ്മിച്ച് അതിന്മേൽ അടയിരിക്കുന്നില്ല എന്ന പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആഘോഷിക്കാം. ദളിതൻറെയും ആദിവാസികളുടെയും കട്ടൻകാപ്പി നിങ്ങൾക്ക് വായിക്ക്  കൈപ്പാകുന്നില്ല എങ്കിൽ നിങ്ങൾക്ക് ആഘോഷിക്കാം.   

 

5. പണം

പണത്തേക്കാൾ വലുതായി പലതും ഉണ്ട് എന്ന് ജയ് ഭീം പലപ്രാവശ്യം കാണിച്ചു തരുന്നുണ്ട്. പണത്തേക്കാൾ വലുതാണ് നീതി വാങ്ങി കൊടുക്കുന്നതിലെ ആത്മസംതൃപ്തി എന്ന് മൂന്നാറിൽ രാത്രി തീ കാഞ്ഞുകൊണ്ടു ചന്ദ്രു പറയുന്ന ചിത്രം. അതേ ഫ്രെയിമിൽ തൻറെ ഭർത്താവിൻറെ തിരോധാനത്തിനു കാരണക്കാരായവർ പോലും പാമ്പു കടിയേറ്റു വന്നാൽ പൈസ വാങ്ങാതെ ചികിത്സിക്കും എന്നു പറയുന്ന സെങ്കനി യുടെ ചിത്രം. (അയാളും ഞാനും തമ്മിൽ  എന്ന പൃഥ്വിരാജ് ചിത്രം ഒരു നിമിഷം മനസ്സിൽ കൂടി കടന്നു പോയി)

 തനിക്കും, മകൾക്കും, വയറ്റിൽ കിടക്കുന്ന കുഞ്ഞിനും ജീവിക്കുവാൻ ഒരു ഗതിയും പരഗതിയും ഇല്ലെന്ന് തിരിച്ചറിഞ്ഞു താൻ ചോദിക്കുന്ന പണം തനിക്കു കിട്ടും എന്ന പ്രലോഭനവുമായി  സംസ്ഥാന പൊലീസ് മേധാവിയുടെ മുൻപിൽ നിൽക്കുമ്പോഴും പണത്തേക്കാൾ നീതിക്ക് വേണ്ടി കരഞ്ഞു നിലവിളിക്കുന്ന സെങ്കനിയുടെ ചിത്രം. പാമ്പു പിടിക്കുമ്പോൾ തനിക്ക് എടുക്കാൻ പാകത്തിൽ സ്വർണ്ണമായി രാജാകണ്ണിൻറെ  മുൻപിലും,  അങ്ങനെ പലപ്രാവശ്യംപണം” ചിത്രത്തിൽ നമ്മുടെ മുൻപിൽ ഒരു കഥാ പാത്രമായി വരുന്നു

 

6. പത്രം വായിക്കുന്ന പെൺകുട്ടി

ചിത്രത്തിൻറെ ക്ളൈമാക്സ് സീൻ ആണ് ഇത്. ഒരു വാക്കു പോലും സംസാരിക്കാതെ ഫെമിനിസം, ദളിത് - ആദിവാസി സ്വത്വ ബോധം, സമത്വം, പ്രത്യാശ അങ്ങനെ അനേകം  കാര്യങ്ങൾ  ഒറ്റ ഫ്രെയിമിൽ വന്ന ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരുകുഞ്ഞു വലിയ രംഗം”.      

 

7. "...അതുമല്ലൈ, അമ്മ വന്ത് എന്നുടെ ഊരുകാരി അയ്യാ..."  രാജാക്കണ്ണ്

സിനിമയിൽ ഉടനീളം കണ്ണ് നനയിപ്പിക്കുന്ന കഥാ പാത്രം ആണ് നടനും, തിരക്കഥാകൃത്തും, സംവിധായകനും ആയ കെ മണികണ്ഠൻ ചെയ്ത രാജാക്കണ്ണ് എന്ന കഥാപാത്രം. എന്നാൽ തൻറെ വൈദഗ്ദ്യം ഉപയോഗിച്ച് ഒരു വലിയ ജോലി ചെയ്ത ശേഷം പണത്തിനു പകരം അമ്മാവുടെ  നാട്ടുകാരൻ ആണെന്ന  ഒരു അംഗീകാരം മാത്രം ആഗ്രഹിച്ച രാജാക്കണ്ണിൻറെ മുഖത്തു സ്ത്രീ ആട്ടുകയാണ്.   " നാട്ടുകാരൻ അല്ലെടാ വീട്ടുകാരൻ എന്ന് പറ" എന്ന് പരിഹസിച്ചിട്ട് സ്ത്രീ കടന്നു പോകുമ്പോൾ രാജാക്കണ്ണ് അപമാന ഭാരത്താൽ  നിൽക്കുന്ന  ഒരു നിൽപ്പുണ്ട്. മഹത്തായ ഭാരത മഹാരാജ്യത്തു നൂറു കോടിയിൽ അധികം ജനങ്ങൾ വോട്ടു ചെയ്തിട്ട് നിൽക്കുന്ന ഒരു നിൽപ്.  

 

8. ചന്ദ്രു എന്ന സൂര്യ 

തമിഴ് സിനിമയിൽ പൊതുവെ കാണുന്ന അതിഭാവുകത്വം ഇല്ലാതെ, സൂപ്പർ സ്റ്റാർ പദവി എന്ന ഭാരം ഇല്ലാതെ, മറ്റുള്ള നടീ നടന്മാർക്ക് കൂടുതൽ സമയവും പ്രാധാന്യവും കൊടുത്തുകൊണ്ട് മഹാനായ ഒരു ന്യായാധിപൻറെ ജീവിതത്തിലെ ഒരു ഏട് വെള്ളിത്തിരയിൽ വരച്ചു കാണിക്കുന്നതിൽ സൂര്യ എന്ന താരം നൂറു ശതമാനം വിജയിച്ച ഒരു ചിത്രം. പല വേഷങ്ങൾ മാറി വന്നിട്ടും പലപ്പോഴും ക്ലച്ചു പിടിക്കാതെ പടം പൊട്ടിയിട്ടുള്ള ഒരു നടനാണ് സൂര്യ. എന്നാൽ യാതൊരു അനാവശ്യ ഗെറ്റ് അപ്പും ഇല്ലാതെ ലക്ഷകണക്കിന്  ജനങ്ങളുടെ ഹൃദയത്തിലേക്ക് നടന്നു കയറുവാൻ അനായേസേന സൂര്യയ്ക്ക് കഴിഞ്ഞു. അതുവഴി ജസ്റ്റിസ് ചന്ദ്രു എന്ന അതികായകനായ മഹാ പുരുഷനെ പുനർവായന നടത്താനും സാധിച്ചു.     

 

9. ആർട്ടിസ്ററ് ബേബിയുടെ മകൾ സോണിയിൽ നിന്ന് നേരെ സെങ്കിനിയിലേക്ക് 

 

കുറിപ്പ് വായിക്കുന്നവർ  മുഴുവൻ ഒക്ടോബർ ആറിന് സോഷ്യൽ മീഡിയയിൽ പലയിടത്തും നടന്ന ഒരു ബോഡി ഷൈമിങ് പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. ആർട്ടിസ്ററ് ബേബിയുടെ മകൾ സോണിയ ആയി മലയാളികൾക്ക് എല്ലാം പരിചിതയായ ലിജോ മോളുടെ വിവാഹം ആയിരുന്നു അന്ന്.

 

"സിനിമ നടിയുടെ കല്യാണം എന്ന് പറയാൻ ഇവൾ എത്ര സിനിമയിൽ അഭിനയിച്ചു........"  " മെയ്ക്ക് അപ്പ് കൂടിപ്പോയി....",  "ഇനി അടച്ചു പൂട്ടി ഭർത്താവിൻറെ വീട്ടിൽ ഇരിക്കാം ...  "   അങ്ങിനെ അങ്ങിനെ നൂറു കൂട്ടം വിധിവാചകങ്ങൾ വാർത്തയുടെ അടിയിൽ ഇട്ടവരുടെ മുൻപിൽ സിനിമ ഇറങ്ങി മണിക്കൂറുകൾ കൊണ്ട് സെങ്കനി എന്ന ഒരു വലിയ കഥാപാത്രത്തെ ജീവിച്ചു കാണിച്ചു കൊടുത്തു ലിജോമോൾ.

 

ഒരു പക്ഷെ നാളെ ദേശീയ ചലച്ചിത്ര അവാർഡ് വാങ്ങി വരുമ്പോൾ എങ്കിലും  ഇത്തരം കമൻറ് ഇട്ടവർ അതിന് ക്ഷമാപണം നടത്താൻ ഔചിത്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു (അങ്ങനെ ഒരു അവാർഡ് കിട്ടുമെന്ന്  പറയുന്നത് അത്യാഗ്രഹമോ അതിഭാവുകത്വമോ അല്ല എന്ന് സിനിമ കണ്ട എല്ലാവർക്കും ബോധ്യം ആണ്) .  

 

സെങ്കനിയുടെ ഒരുപാട് ഫ്രെയിമുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്അഭിനയ പ്രവീണരായ പ്രകാശ് രാജിനെയും സൂര്യയെയുമൊക്കെ സ്ക്രീൻ പ്രസൻസിൽ കടത്തിവെട്ടി ജയ് ഭീം തൻ്റെതാക്കിയ ലിജോമോൾക്ക് ഹൃദയത്തിൽ നിന്ന് ഒരു കയ്യടി.  

 

സിനിമ ജ്ഞാനവേലിന്റെയോ സൂര്യയുടെയോ മാത്രം വിജയമല്ല. വിസാരണൈ, കർണൻ, അസുരൻ, പരിയേറും പെരുമാൾ തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ഉൾക്കൊള്ളുകയും വിജയിപ്പിക്കുകയും ചെയ്ത മുഴുവൻ തമിഴകത്തിൻറെയും വിജയമാണ്. സിനിമകൾ ഉണ്ടാക്കുന്നവരും കാണുന്നവരും സിനിമയിലെ പൊളിറ്റിക്സിനെക്കാൾ,  "പൊളിറ്റിക്കൽ സിനിമ" എന്താണെന്ന് തിരിച്ചറിയട്ടെ.    

 

Comments

leave a reply