യേശു ചാട്ടവാർ എടുത്തത് എന്തുകൊണ്ട്?
ചെറിയവരെയാണ്, അതായത് മറ്റുള്ളവരെ ആശ്രയിക്കുന്നവരും, ആവശ്യത്തിലിരിക്കുന്നവരും തിരിച്ചു നല്കാൻ കഴിയാത്തവരുമായ അവരെയാണ്, ആദ്യം പരിചരിക്കേണ്ടതെന്ന് അവിടന്ന് പഠിപ്പിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നവർ അവിടെ, ചെറിയവരിൽ, ദരിദ്രരിൽ അവിടത്തെ കണ്ടെത്തുന്നു, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.
പതിവുപോലെ മൂന്നാം തീയതി ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഇതിൽ പങ്കുകൊണ്ടു. പാപ്പാ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിന്റെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം, ലത്തീൻ റീത്തിന്റെ ആരാധനാക്രമമനുസരിച്ച്, ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിന്റെ സുവിശേഷം അദ്ധ്യായം 10,2-16 വരെയുള്ള വാക്യങ്ങൾ, അതായത്, ഫരിസേയർ യേശുവിനെ പരീക്ഷിക്കുന്നതിനു വേണ്ടി വിവാഹമോചനത്തിൻറെ നിയമസാധുതയെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യവും അവിടന്ന് അതിനോടു പ്രത്യുത്തരിക്കുന്നതും ശിശുക്കളെ തന്റെ അടുത്തേക്കു കൊണ്ടുവരുന്നതിനു വിലക്കു കല്പിക്കുന്ന ശിഷ്യന്മാരോടു കോപിക്കുകയും ശിശുക്കളെ അനുഗ്രഹിക്കുകയും ചെയ്യുന്ന സുവിശേഷഭാഗം അവലംബമാക്കിയുള്ളതായിരുന്നു.
യേശുവിന്റെ അസാധാരണമായ ഒരു പ്രതികരണം
ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ യേശുവിന്റെ അസാധാരണമായ ഒരു പ്രതികരണം കാണാം: അവിടന്ന് പ്രകോപിതനാകുന്നു. ഏറ്റവും ആശ്ചര്യകരമായ കാര്യം, വിവാഹമോചനത്തിൻറെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളാൽ അവിടത്തെ പരീക്ഷിച്ച പരീശന്മാരല്ല, മറിച്ച്, യേശുവിന്റെ അടുക്കലേക്കു കൊണ്ടുവന്ന കുട്ടികളെ ശകാരിച്ചുകൊണ്ട് അവിടത്തെ ജനക്കൂട്ടത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച തൻറെ ശിഷ്യന്മാരാണ് അവിടത്തെ ഈ ധാർമ്മികരോഷത്തിന് കാരണം എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്നോട് തർക്കിക്കുന്നവരോട് കർത്താവ് കോപിക്കുന്നില്ല, മറിച്ച് തന്റെ ക്ഷീണമകറ്റാൻ, തന്നിൽ നിന്ന് കുട്ടികളെ അകറ്റുന്നവരോടാണ്. ഇത് എന്തുകൊണ്ടാണ്? നല്ലൊരു ചോദ്യമാണിത്: എന്തുകൊണ്ടാണ് കർത്താവ് ഇങ്ങനെചെയ്യുന്നത്?
ശിശുക്കളോട് സ്വയം താദാത്മ്യപ്പെടുത്തുന്ന യേശു
രണ്ട് ഞായറാഴ്ചകൾക്ക് മുമ്പുള്ള സുവിശേഷ ഭാഗം നമ്മുടെ ഓർമ്മയിൽ വരുന്നു, യേശു ഒരു കുട്ടിയെ ആലിംഗനം ചെയ്തുകൊണ്ട് അവിടന്ന് കുഞ്ഞുങ്ങളുമായി സ്വയം താദാത്മ്യപ്പെടുന്നു: ചെറിയവരെയാണ്, അതായത് മറ്റുള്ളവരെ ആശ്രയിക്കുന്നവരും, ആവശ്യത്തിലിരിക്കുന്നവരും തിരിച്ചു നല്കാൻ കഴിയാത്തവരുമായ അവരെയാണ്, ആദ്യം പരിചരിക്കേണ്ടതെന്ന് അവിടന്ന് പഠിപ്പിച്ചു, (മർക്കോസ് 9:35-37). ദൈവത്തെ അന്വേഷിക്കുന്നവർ അവിടെ, കൊച്ചുകുട്ടികളിൽ, ദരിദ്രരിൽ അവിടത്തെ കണ്ടെത്തുന്നു: വസ്തുക്കൾ മാത്രമല്ല അവരുടെ ആവശ്യം, രോഗികൾ, നിന്ദിതർ, ബന്ധനസ്ഥർ, കുടിയേറ്റക്കാർ, കാരാഗൃഹവാസികൾ തുടങ്ങിയവർക്ക് പരിചരണവും സാന്ത്വനവും ആവശ്യമാണ്. അവിടന്ന് അവിടെയുണ്ട്: ചെറിയവരിൽ. അതുകൊണ്ടാണ് യേശു പ്രകോപിതനാകുന്നത്: ഒരോ ചെറിയവനോടും ഓരോ നിസ്വനോടും ഓരോ ശിശുവിനോടും ഓരോ അശരണനോടും കാട്ടുന്ന ഏതൊരു നിന്ദയും അവിടത്തെ നിന്ദിക്കലാണ്.
ദൈവത്തെ ആവശ്യമില്ലെന്നത് മിഥ്യാബോധം
ഇന്ന് കർത്താവ് ഈ പ്രബോധനം ആവർത്തിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ അവിടന്ന് കൂട്ടിച്ചേർക്കുന്നു: 'ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല' (മർക്കോസ് 10:15). ഇതാണ് പുതുമ: ശിഷ്യൻ കൊച്ചുകുട്ടികളെ സേവിക്കുക മാത്രമല്ല, സ്വയം ചെറിയവനായി അംഗീകരിക്കുകയും വേണം. നമ്മൾ ഓരോരുത്തരും ദൈവതിരുമുമ്പിൽ സ്വയം ചെറുതായി അംഗീകരിക്കുന്നുണ്ടോ? നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം, അത് നമ്മെ സഹായിക്കും. നമ്മൾ ചെറിയവരാണെന്ന് അറിയുന്നത്, നമുക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവിടന്നിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ആദ്യപടിയാണിത്. പക്ഷേ, പലപ്പോഴും അത് നാം മറന്നുപോകുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നു. പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ഇതൊരു ചതിയാണ്, കാരണം, നാം ഓരോരുത്തരും ആവശ്യത്തിലിരിക്കുന്നവരാണ്, ചെറിയതാണ്. നമ്മുടെ ചെറുമ നാം തേടുകയും തിരിച്ചറിയുകയും വേണം. അവിടെ നാം യേശുവിനെ കാണും.
ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്
ജീവിതത്തിൽ, നാം സ്വയം ചെറുതാണെന്ന് തിരിച്ചറിയുന്നത് വലുതാകലിന്റെ ഒരു ആരംഭബിന്ദുവാണ്. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, കൂടുതലും, വിജയങ്ങളുടെയും നമ്മുടെ കൈവശമുള്ളവയുടെയും അടിസ്ഥാനത്തിലല്ല, മറിച്ച്, പോരാട്ടത്തിന്റെയും ദുർബ്ബലതയുടെയും നിമിഷങ്ങളിലാണ് സർവ്വോപരി നമ്മൾ വളരുന്നത്. അവിടെ, ആവശ്യത്തിൽ, നാം പക്വത പ്രാപിക്കുന്നു; അവിടെ നാം ദൈവത്തിനും മറ്റുള്ളവർക്കും ജീവിതത്തിന്റെ പൊരുളിനും നമ്മുടെ ഹൃദയങ്ങൾ തുറന്നിടുന്നു. നമുക്ക് മറ്റുള്ളവരുടെ നേർക്ക് നയനങ്ങൾ തുറക്കാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് നാം കണ്ണുകൾ തുറക്കുന്നു. ഒരു പ്രശ്‌നത്തിന് മുന്നിൽ നാം ചെറുതായി തോന്നുമ്പോൾ, കുരിശിന് മുന്നിൽ, രോഗത്തിനു മുന്നിൽ ചെറുതായി തോന്നുമ്പോൾ, നമുക്ക് ക്ഷീണവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ നാം നിരാശരാകരുത്. ഉപരിപ്ലവതയുടെ മുഖംമൂടി കൊഴിഞ്ഞുപോകുന്നു, നമ്മുടെ മൗലികമായ ദുർബ്ബലത വീണ്ടും ഉയർന്നുവരുന്നു: ഇത് നമ്മുടെ പൊതുവായ അടിസ്ഥാനമാണ്, നമ്മുടെ നിധിയാണ്, കാരണം ദൈവത്തോടൊപ്പമെങ്കിൽ ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്. മനോഹരമായ ഒരു പ്രാർത്ഥന ഇതായിരിക്കും: 'കർത്താവേ, അങ്ങ് എന്റെ ബലഹീനതകൾ നോക്കൂ ...' അവിടത്തെ മുമ്പിൽ അവയുടെ പട്ടിക നിരത്തുക. ഇത് ദൈവമുമ്പാകെ ഒരു നല്ല മനോഭാവമാണ്.
ദുർബ്ബലതയുടെ കരുത്തും മഹത്വവും
വാസ്തവത്തിൽ, ദൈവം നമ്മെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്തുന്നത് ദുർബ്ബലതയിലാണ്. ഇന്ന് സുവിശേഷം പറയുന്നത് യേശു കുഞ്ഞുങ്ങളോട് ഏറ്റം ആർദ്രതയുള്ളവനാണ് എന്നാണ്: 'അവരെ തന്റെ കൈകളിൽ എടുത്ത്, അവിടന്ന് അവരുടെ മേൽ കൈകൾവച്ച് അനുഗ്രഹിച്ചു' (വാക്യം 16). തിരിച്ചടികൾ, നമ്മുടെ ദുർബ്ബലത വെളിപ്പെടുത്തുന്ന സാഹചര്യങ്ങൾ എല്ലാം അവിടത്തെ സ്‌നേഹം അനുഭവിക്കാനുള്ള സവിശേഷ അവസരങ്ങളാണ്. സ്ഥൈര്യത്തോടെ പ്രാർത്ഥിക്കുന്നവർക്ക് ഇത് നന്നായി അറിയാം: ദൈവത്തിന് നമ്മോടുള്ള ആർദ്രത ഇരുട്ടിന്റെയോ ഏകാന്തതയുടെയോ നിമിഷങ്ങളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു നില്ക്കുമെന്ന് പറയാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, നമുക്ക് ദൈവത്തിൻറെ ആർദ്രത കൂടുതൽ അനുഭവപ്പെടും. ഈ ആർദ്രത നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു, ഈ ആർദ്രത നമ്മെ വളർത്തുന്നു, കാരണം ദൈവം തന്റേതായ രീതിയിൽ നമ്മോടു അടുക്കുന്നു, അത് അടുപ്പവും അനുകമ്പയും ആർദ്രതയും ആണ്. നാം നിസ്സാരരായി കാണപ്പെടുമ്പോൾ, അതായത്, എന്തു കാരണത്താലായാലും ശരി, ചെറുതായിരിക്കുമ്പോൾ കർത്താവ് കൂടുതൽ അടുത്തുവരുന്നു, അവിടന്ന് കൂടുതൽ സമീപത്താണെന്ന് അനുഭവപ്പെടുന്നു. അത് നമുക്ക് ശാന്തിയേകുകയും നമ്മെ വളർത്തുകയും ചെയ്യുന്നു. ഒരു പിതാവ് കുഞ്ഞിനെയെന്നപോലെ കർത്താവ് പ്രാർത്ഥനയിൽ നമ്മെ ആശ്ലേഷിക്കുന്നു. അങ്ങനെ നമ്മൾ വലിയവരാകുന്നു: നമ്മുടെ സ്വയം പര്യാപ്തതയുടെ മിഥ്യാബോധത്തിൽ അല്ല - ഇത് ആരെയും വലിയവനാക്കുന്നില്ല - മറിച്ച് എല്ലാ പ്രതീക്ഷയും പിതാവിൽ അർപ്പിക്കാനുള്ള കരുത്തിലാണ്. അത് വാസ്തവത്തിൽ കൊച്ചുകുട്ടികൾ ചെയ്യുന്നതുപോലെയാണ്, അവർ അങ്ങനെ ചെയ്യുന്നു.
പരിശുദ്ധ അമ്മയുടെ അനുഗ്രഹം
ഇന്ന് നമുക്ക് കന്യകാമറിയത്തോട്, ചെറുമയെന്ന മഹാ കൃപ യാചിക്കാം: പിതാവ് നമ്മെ പരിപാലിക്കും എന്ന ഉറപ്പുള്ളവരായ, അവിടന്നിൽ വിശ്വാസമുള്ള കുഞ്ഞുങ്ങളായിരിക്കാൻ.
Comments