Foto

സാധു ഇട്ടിയവിര - നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയവൻ: കെസിബിസി

സാധു ഇട്ടിയവിര - നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട്
യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയവൻ: കെസിബിസി

കൊച്ചി: പാല കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 മാർച്ച് 18-ന് ജനിച്ച ഇട്ടിയവിര വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഒരു നൂറ്റാണ്ടായി ക്രിസ്തുവിന്റെ സ്‌നേഹപ്രചാരകനായി നമ്മുടെയിടയിൽ നിശ്ശബ്ദമായി ജീവിക്കുന്നു. ജീവിതകാലംമുഴുവൻ ഒരു സഞ്ചാരിയായി വ്യാപരിച്ചതിനാൽ സാധു ഇട്ടിയവിര എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സാധുവിന്റെ സഞ്ചാരങ്ങളാകട്ടെ സ്‌നേഹത്തിലൂടെ നടക്കുവാനാഗ്രഹിക്കുന്നവർക്ക് വഴികാട്ടിയാണ്. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ച് ഏകാന്തപഥികനായി യാത്ര ചെയ്ത് സുവിശേഷം ജീവിതംകൊണ്ട് പ്രഘോഷണം ചെയ്ത മഹാവ്യക്തിത്വമാണ് സാധു ഇട്ടിയവിരയുടേത്. തർക്കങ്ങളിൽ നിന്നും വാഗ്‌വാദങ്ങളിൽ നിന്നും ബോധപൂർവം മാറി നില്ക്കുകയും മനുഷ്യരെ മതങ്ങളുടെയും വിശ്വാസാചാരങ്ങളുടെയും വ്യത്യസ്തതകൾക്ക് അതീതമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത വിശാല മനസ്‌കനായിരുന്നു അദ്ദേഹം. സദാപ്രസന്നവദനനും, നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയവനുമായിരുന്നു അദ്ദേഹം. ലോകത്തിലെ വിവിധ ഭാഷകളിലായി ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും രചിക്കുകയും വിദേശസർവകലാശാലകളിലടക്കം ധാരാളം വേദികളിൽ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന് 1981-ൽ മനുഷ്യസേവനത്തിനുള്ള ആൽബർട്ട് ഷൈ്വറ്റ്‌സർ അന്താരാഷ്ട്ര അവാർഡ് ലഭിച്ചിട്ടുണ്ട്.  ഈ മഹാനുഭാവന്റെ നൂറാം ജന്മദിനത്തിൽ കേരള കത്തോലിക്കാസഭ ആദരവും അനുമോദനവും  അർപ്പിക്കുന്നു.  

 

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

 

 

 

Comments

leave a reply

Related News