ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ്.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോൾ അംഗങ്ങൾ ആരുമില്ലാതെയായിരിക്കുന്നു. ഇതുവഴി ന്യൂനപക്ഷങ്ങളുടെ പരാതികൾ കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കാനുമുള്ള സുപ്രധാനമായൊരു സംവിധാനം ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ്റെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല, അധ്യക്ഷനും അംഗങ്ങളുമില്ലാതെ അതും നിർജീവമായിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കമ്മീഷനുകൾ സജീവമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷങ്ങൾക്ക് പരാതികൾ അറിയിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണ്.
ഈ സാഹചര്യത്തിൽ, ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിക്കൊണ്ട് അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നും പ്രസ്തുത കമ്മീഷനുകളെ സജീവമാക്കുന്ന നിലപാടുകൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയും നീതിയും എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കാനുള്ള അടിയന്തിര നടപടികൾക്ക് കേന്ദ്രസർക്കാർ മുൻകൈ എടുക്കുകയും വേണം. പ്രസ്തുത അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. പ്രധാനമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുന്നതാണ്.
ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
(ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ)
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
(വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ)
ഫാ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
Comments