തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മികച്ച പത്രഫീച്ചറിനുള്ള പ്രത്യേക പുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സംസ്ഥാനത്തെ ക്ഷീരമേഖലയും ചെറുകിട ക്ഷീരകർഷകരും നേരിടുന്ന പ്രതിസന്ധികളും ആവലാതികളും പഠനവിധേയമാക്കി, ദീപിക ദിനപത്രത്തിന്‍റെ ലീഡർ പേജിൽ 2025 സെപ്റ്റംബർ 09 മുതൽ 13 വരെ പ്രസിദ്ധീകരിച്ച "ക്ഷീണിക്കുന്ന ക്ഷീരജീവിതം' എന്ന അന്വേഷണ പരന്പരയ്ക്കാണു പുരസ്കാരം.
25000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമുൾപ്പെടുന്ന പുരസ്കാരം 19ന് കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
18 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോ പൈനാടത്തിന്, നേരത്തെ ദേശീയ റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്, കേരള സര്‍ക്കാരിന്റെ മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാര്‍ഡ് തുടങ്ങി 13 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.









Comments