Foto

കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്താനുള്ള വർഗീയ നീക്കങ്ങൾക്കെതിരെ കേന്ദ്രസർക്കാർ അടിയന്തരനടപടികൾ  സ്വീകരിക്കണം: കേരള കോൺഫ്രൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകർക്കുന്നതിലൂടെയുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവർത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്, ദൈവസ്നേഹത്തിലൂന്നി മനുഷ്യസ്നേഹപരമായ സേവനങ്ങളിലൂടെ രാഷ്ട്രത്തിന് അമൂല്യമായ സംഭാവനകൾ നൽകുന്ന ക്രൈസ്തവ മിഷനറിമാരെ നിശ്ബദരാക്കാനുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ  മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുകവഴിയായി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ സഹചര്യത്തിൽ രാജ്യത്തെ നയിക്കാൻ നിയുക്തരായ അധികാരികളിൽ നിന്നും നിഷ്പക്ഷവും സത്യസന്ധവും ആത്മാർത്ഥവുമായ സമീപനം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയാണ്.

വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും  വർഗീയ താത്പര്യങ്ങളാൽ അധികാര ദുർവിനിയോഗം  നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാരിനോട് ഞങ്ങൾ അഭ്യർഥിക്കുന്നു.

സാമുദായിക സൗഹാർദ്ദത്തിനും നീതിക്കും വേണ്ടി കേന്ദ്രസർക്കാർ നിലകൊള്ളുകയും സംസ്ഥാനങ്ങളെ നയിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യം അതിന്റെ ജനാധിപത്യ, മതേതര  സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സി. ഡോ. ആർദ്ര SIC
പ്രസിഡന്റ് KCMS

Comments

leave a reply

Related News