Foto

ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങൾ സർക്കാർ നിരുത്സാഹപ്പെടുത്തണം:  കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടർന്ന് ക്രൈസ്തവരായ സ്‌കൂൾ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താൻ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥർ സസ്‌പെൻഡ് ചെയ്യപ്പെട്ടത് കേവലം രണ്ടു മാസങ്ങൾക്ക് മുമ്പാണ്. മുമ്പ് പരാതിയുന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളേജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടർന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തൃശൂർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തസ്തികകളിലും നിയമനങ്ങളിലും മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഇല്ല എന്നിരിക്കെ ഇത്തരം വിവരാന്വേഷണങ്ങളും അനുബന്ധ വാർത്തകളും തെറ്റിദ്ധാരണകൾക്കും മതസ്പർധയ്ക്കും കാരണമാകുമെന്നതിനാൽ ഇതുപോലുള്ള നീക്കങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. ദുരുദ്ദേശ്യപരമായ ഇത്തരം പരാതികളിന്മേൽ നടപടികൾ സ്വീകരിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ വിവേചനബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ട്.

മുമ്പ് ഈ വിഷയത്തിൽ ഇടപെട്ട ബഹു. വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനരഹിതമായ പരാതിയുന്നയിച്ച പ്രസ്തുത വ്യക്തിക്കെതിരെ പോലീസിൽ പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു. പ്രസ്തുത പരാതിയിൽ മാതൃകാപരമായ നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണം. മത സ്പർദ്ധ സൃഷ്ടിക്കുകയും വിഭാഗീയ ചിന്തകൾക്ക് വഴിയൊരുക്കുകയും ദുഷ്പ്രചാരണങ്ങൾ നടത്തി സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്ന വ്യക്തികളെയും അവർക്ക് പിൻബലം നൽകുന്ന പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയുകയും നിരുത്സാഹപ്പെടുത്തുകയും വേണം.    

ഫാ. ആന്റണി വക്കോ അറയ്ക്കൽ, സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

Comments

leave a reply

Related News