Foto

വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക - കെസിബിസി

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതിദമാണ്. പ്രസ്തുത കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസമൂഹത്തിന്റെയും, സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു.

സാര്‍വത്രിക സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരളസഭാതലത്തില്‍ 2025 ഡിസംബര്‍ 13-ന് ശനിയാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനാപരമായി ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി 31/7/2025 ല്‍ പുറപ്പെടുവിച്ച ഓര്‍ഡറില്‍ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്കു അംഗീകാരം നല്കണമെന്നും അവ ക്രമവത്ക്കരിച്ചു നല്കണമെന്നും എന്‍.എസ്.എസ്. നുള്ള വിധിയില്‍ ബ. സുപ്രീം കോടതി തീര്‍പ്പു കല്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് ബ. സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ്. കേസില്‍ സുപ്രീം കോടതി നല്കിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സമാനവിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എഡ്യുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ്              ബ. ഹൈക്കോടതിയെ സമീപിക്കുകയും എന്‍.എസ്.എസ്. നുള്ള വിധിയും അതിനനുസൃതമായി  സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാല്‍ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എന്‍.എസ്.എസ്. നുമാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെന്റുകളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്. എന്‍.എസ്.എസ്. നു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് ബ. സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാര്‍ക്കു സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാക്കുകമാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായികപരവുമായ അസ്വസ്ഥതകള്‍ക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി.

 

വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ചചെയ്തു. തുടര്‍ന്ന് മെത്രാന്മാര്‍ വാര്‍ഷികധ്യാനത്തില്‍ പ്രവേശിച്ചു.

 

ഫാ. തോമസ് തറയില്‍

ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,

ഡയറക്ടര്‍, പിഒസി.

Comments

leave a reply

Related News