കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2025 ആഗസ്റ്റ് 5 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും. കേരളത്തിലെ യുക്തിവാദ, നിരീശ്വരവാദ പ്രവണതകളെ സംബന്ധിച്ച് തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരി അധ്യാപകന്‍ റവ. ഡോ. ജോളി കരിമ്പില്‍, സി.എസ്.റ്റി സഭയുടെ ആലുവ റിസേര്‍ച്ച് സെന്റര്‍, ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി സി.എസ്.റ്റി., എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസ അര്‍പ്പിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. അലീന കെവിനും, ടീം സ്റ്റാര്‍സ് പാലക്കാടും പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.
2025 ആഗസ്റ്റ് 5 ചൊവ്വാഴ്ച വൈകിട്ട് 5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ശാലോം മീഡിയ സ്പിരിച്യുല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി സി.എം.ഐ ആണ് ധ്യാനം നയിക്കുന്നത്.
ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍, പിഒസി.
Comments