സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്.
മാനുഷികമായ സംവിധാനങ്ങൾ എന്ന നിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്നിംഗുകളും പലപ്പോഴും കണ്ടുവരുന്നത്.
ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം. വർഗ്ഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെങ്കിൽ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തിൽ നിലപാടുകൾ സ്വീകരിക്കണം. പൊതു സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകുന്ന സംവിധാനങ്ങളെ വേട്ടയാടുന്ന നീക്കങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലർത്തുകയും വേണം.
ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
(ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ)
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
(വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ)
ഫാ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
Comments