നോക്കിക്കോ , ഇവൻ
ശിങ്കമാകും, ശിങ്കം
രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം, രഞ്ജി ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ വീണ്ടും തുടങ്ങുമ്പോൾ, എലീറ്റ് എയിൽ കേരളത്തിന് മേഘാലയ യുമായി കളിക്കാനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഒരു പുതുമുഖ താരം തന്റെ പേരുകൊണ്ടുതന്നെ ശ്രദ്ധ പിടിച്ചു പറ്റി. ഏദൻ ആപ്പിൾ ടോം. ഈ യുവ താരത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കേരളത്തിൽ ഇന്ന് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ക്രിക്കറ്റ് താരമാണ് ഈ പതിനേഴുകാരൻ എന്നു മനസ്സിലാകുന്നത്. സച്ചിൻ ബേബി നായകനായ കേരള ടീമിന് നെറ്റ്‌സിൽ പന്തെറിയുവാൻ വന്ന ഏദന്റെ വേഗതയും, ബൗളിങ്ങിലെ അച്ചടക്കവും, കോച്ചും മുൻ ഇന്ത്യൻ ടെസ്റ്റ് ടീം താരവുമായ ടിനു യോഹന്നാൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചത് ഈ കൗമാര താരത്തിന് ടീമിലേക്ക് ക്ഷണം കിട്ടാൻ ഇടയാക്കി. അങ്ങനെ കേരള ടീമിലെ നാലാമത്തെ പേസ് ബൗളറായി ഫെബ്രുവരി 17 ന് ഗുജറാത്തിലെ രാജ് കോട്ടിൽ ഏദൻ ആപ്പിൾ ടോം കേരളത്തിന്റെ കുപ്പായത്തിൽ കളിക്കാനിറങ്ങി.
ടോസു നേടി ഫീൽഡിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് നല്ലൊരു തുടക്കം ലഭിച്ചു. മേഘാലയയുടെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ പിഴുതെറിഞ്ഞ കേരളത്തിന്റെ പേസർമാരിൽ ഇളയവനായ ഏദന് 14-ാം ഓവറിലാണ് ആദ്യമായി പന്തെറിയുവാൻ നായകൻ സച്ചിൻ ബേബി നൽകുന്നത്. നല്ലൊരു താളത്തിൽ കളിച്ചുകൊണ്ടിരുന്ന മേഘാലയയുടെ കിഷനെ അമ്പരപ്പിച്ച ആദ്യ ഏറിൽ പന്ത് ബാറ്റിലുരസി രണ്ടാം സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന പി. രാഹുലിന്റെ കൈകളിലെത്തി. ആരും കൊതിക്കുന്ന ഉജ്ജ്വല ഒന്നാം ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. രഞ്ജി ട്രോഫിയിൽ കന്നി മൽസരത്തിൽ ആദ്യ പന്തിൽ വിക്കറ്റ്. മനസ്സിൽ കണ്ടത് മൈതാനത്ത് ഫലവത്താക്കാൻ കഴിഞ്ഞു എന്ന് ഏദൻ പറയുമ്പോളാണ് ഈ പതിനേഴുകാരൻ പ്ലസ് ടു വിദ്യാർത്ഥി ചില്ലറക്കാരനല്ലെന്ന് മനസ്സിലാകുന്നത്. കിഷന്റെ വിക്കറ്റ് കിട്ടുന്നതിനായി കൃത്യമായി സ്‌പോട്ടിൽ പന്തെറിഞ്ഞ ബാറ്റ്‌സ്മാനെ വിക്കറ്റ് തുലയ്ക്കുവാൻ ഇടയാക്കിയ ആദ്യ പന്തിനെക്കുറിച്ച് ഏദൻ പറയുന്നതങ്ങനെയാണ്. തന്റെ മൂന്നാമത്തെ ഓവറിൽ ചിരാഗ് ഖുരാനയെ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന്റെ ഗ്ലൗസിൽ എത്തിച്ചുകൊണ്ട് ഏദൻ ആദ്യ സ്‌പെൽ ഉജ്ജ്വലമാക്കി. ഉച്ച ഭക്ഷണത്തിന് മുൻപ് ഏദൻ എറിഞ്ഞ അഞ്ച് ഓവറിൽ 26 റൺസിന് 2 വിക്കറ്റ്. തികച്ചും കേരളത്തിന്റെ ഒരു കൗമാര ക്രിക്കറ്റർക്ക് സ്വപ്ന തുല്യമായ അരങ്ങേറ്റം തന്നെ.
ആദ്യ ദിവസം ചായക്കു പിരിയുന്നതിന് മുൻപ് 148 റൺസിന് പുറത്തായ മേഘാലയയുടെ രണ്ട് വിക്കറ്റുകൾ കൂടി കീശയിലാക്കിയ ഏദൻ 41 റൺസിന് വഴങ്ങിയാണ് 4 വിക്കറ്റുകൾ നേടിയത്. ആദ്യ രണ്ട് സെഷനുകളും തന്റെതാക്കി മാറ്റിയ ഏദന് അഞ്ചാമതൊരു വിക്കറ്റ് കൂടി. ലഭിക്കുമായിരുന്നു. മേഘാലയയുടെ വാലറ്റക്കാരന്റെ ബാറ്റിൽ നിന്നുയർന്നു പന്ത് വിക്കറ്റ് കിപ്പർ വിഷ്ണു വിനോദിന് പിടിക്കുവാൻ കഴിഞ്ഞില്ല. കേരളത്തിന്റെ 4 പേസർമാരിൽ, പരിചയസമ്പന്നനായ ദേശീയ താരമായിരുന്ന ശ്രീശാന്തിന് വാലറ്റക്കാരുടെ രണ്ട് വിക്കറ്റാണ് മേഘാലയയുടെ ആദ്യ ഇന്നിംഗ്‌സിൽ നേടാനായത്.
ആദ്യമായി കേരളത്തിൽ നിന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മൽസരത്തിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച ഏദൻ രണ്ടാം ഇന്നിഗ്‌സിലും അതാവർത്തിക്കുക തന്നെ ചെയ്തു. മേഘാലയയുടെ രവി തേജയുടെ വിക്കറ്റാണ് ഏദനെ അപൂർവ നേട്ടത്തിന് അർഹനാക്കിയത്. ഒരിക്കൽ കൂടി മനുകൃഷ്ണനും, ബേസിൽ തമ്പിയും, ശ്രീശാന്തും ആദ്യ ഓവറുകൾ എറിഞ്ഞ മൽസരത്തിൽ നാലാമനായാണ് ഏദൻ ബൗളിങ്ങിനെത്തിയത്. രണ്ടാംമിന്നിംഗ്‌സിൽ 9 ഓവറുകളിൽ 30 റൺസിൻ രണ്ട് വിക്കറ്റ്. വിക്കറ്റുകൾ വീഴ്ത്തുന്നതിന് മുൻപേ മേഘാലയുടെ ഓപ്പണറെ പുറത്താക്കിയ ഡൈവിങ്ങ്കാച്ചും ഏദനെ രാജ്‌കോട്ടിലെ പ്രിയ താരമാക്കി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്‌സ് ടോപ് സ്‌കോറർ ചിരാഗ് ഖുരാനയുടെതായിരുന്ന ഏദന്റെ രണ്ടാമത്തെ വിക്കറ്റ്.
ആറു വിക്കറ്റുകളും, അപൂർവ നേട്ടങ്ങളും മേഘാലയക്കെതിരെ ഇന്നിംഗ്‌സ് വിജയത്തിൽ ഏദനെ മാൻ - ഓഫ്- ദ - മാച്ചാക്കി. ഏതൊരു കളിക്കാരനും കൊതിക്കുന്ന സ്വപ്നതുല്യമായ നേട്ടമാണ് ഏദൻ രാജ്‌കോട്ടിൽ കൈവരിച്ചത്. വഡോദരയിൽ നടന്ന 1 കുച്ച് ബിഹാർ അണ്ടർ - 19 ടൂർണമെന്റിൽ ലീഡിങ്ങ് വിക്കറ്റ് ടേക്കറായിരുന്ന ഏദൻ മൽസര ദിവസം ടീമിൽ പേരു കണ്ടപ്പോൾ മാത്രമാണ് താൻ അതിവേഗം സീനിയർ ടീമിലെത്തിയെന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്നത്.
ബാറ്റ്‌സ്മാൻമാരെ അദ്ഭുതപ്പെടുത്തുന്ന വേഗതയും, കൃത്യതയുമാണ് ഏദനിൽ ക്യാമ്പിൽ പന്തെറിയുമ്പോൾ തന്നെ ആകർഷിച്ചതെന്ന് കോച്ച് ടിനു യോഹന്നാൻ പറയുന്നു. ടിനുവിന്റെ സെലക്ഷൻ ശരിയായിരുന്നുവെന്ന് ഏദൻ തന്റെ മികച്ച പ്രകടനത്തിൽ തെളിയിച്ചു.
മുൻ കേരള താരം സോനി ചെറുവത്തുരിന്റെ ദുബായിലെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് ഏദൻ ആദ്യകാല പരിശീലന പരിപാടികൾ നടത്തിയിട്ടുള്ളത്. നല്ല ഇൻസിങ്ങറുകൾ കൃത്യമായി എറിയുന്ന ഏദൻ തന്റെ ബൗളിങ്ങിലെ പോരായ്മകൾ പരിഹരിക്കുവാൻ സദാ ജാഗരൂകനാണ്. നല്ലൊരു ഭാവിയാണ് ക്രിക്കറ്റിനായി മൂന്നു വർഷം മുൻപ് കേരളത്തിലെത്തിയ ഏദനിൽ കാണുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ അപൂർവ്വ നേട്ടം ഭാവിയിൽ ഏദന് കൂടുതൽ സാദ്ധ്യതകൾ തുറന്നു തരുന്നു. ദേശീയ അണ്ടർ 19 ടീമിൽ കടുത്ത പോരാട്ടത്തിലൂടെ മാത്രമെ കയറിപ്പറ്റാൻ കഴിയു. ക്രിക്കറ്റിലെ ദേശീയതലത്തിലെ വിവിധ ഫോർമാറ്റുകളിലും, യുവതാരങ്ങളുടെ സ്വപ്നമായ ഐപിഎല്ലിലും ഭാവിയിൽ ഇടം പിടിക്കുവാൻ ഏദന് കഴിയട്ടെ.
എൻ .എസ് . വിജയകുമാർ
video courtesy : Data4sports
Comments