Foto

ധോണിയുടെ - ചെന്നൈ - ശിങ്കമെടാ , ശിങ്കം !

ധോണിയുടെ  ' ചെന്നൈ '
ശിങ്കമെടാ , ശിങ്കം !

    
മഹാമാരിക്കാലത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കളി ഭ്രാന്തന്മാർക്ക് രാത്രി വേളകളിൽ സമ്മർദ്ദങ്ങൾ മറന്ന് മൂന്ന്, നാല് മണിക്കൂർ ചിലവഴിക്കുവാൻ അവസരമൊരുക്കിയത് മറക്കാനാകില്ല. കൊറോണ പിടി മുറുക്കിയ വേനൽക്കാലത്ത് പാതി വഴിയിൽ നിറുത്തിവച്ച ഐ പി എൽ മത്സരങ്ങൾ സെപ്തംബർ 19 മുതൽ യു എ ഇ യിൽ സംഘടിപ്പിക്കുകയാണുണ്ടായത്. ഒക്‌ടോബർ 15 ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കലാശക്കളിയിൽ ഒമ്പതാമത്തെ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിട്ടത് രണ്ടുവട്ടം ചാമ്പ്യന്മാരായിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.
    
ഫൈനലിന് മുൻപ് ആരായിരിക്കും 2021 ലെ ഐ പി എൽ കിരീടം ഉയർത്തുകയെന്ന ചോദ്യം രണ്ട് കളി ഭ്രാന്തന്മാരോട് ചോദിച്ചു. ടെസ്റ്റ് ക്രിക്കറ്റ് മുതൽ കുട്ടിക്രിക്കറ്റ് വരെ ഒരേ താൽപര്യത്തോടെ കാണുന്ന  നവതിക്ക് അടുത്തെത്തിയ ആരാധകനോടും, ഓരോ മൽസരവും ഇഴകീറി വിശകലനം ചെയ്യുന്ന സീനിയർ സിറ്റിസണോടുമാണ് അഭിപ്രായം ആരാഞ്ഞത്. ''മഞ്ഞപ്പട തന്നെ. ധോണിക്കല്ലാതെ മറ്റാർക്കാണ് കിരീടം ഉയർത്തുവാൻ കഴിയുക'', ഫുട്‌ബോളിൽ ബ്രസിലിന്റെ മഞ്ഞപ്പടയോടെന്നപോലെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സിനോട് ഒരു പ്രത്യേക   വൈകാരിക ബന്ധം ഇന്ന് മൽസരങ്ങൾ കാണുന്നവരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ നിന്നും  വിരമിച്ചെങ്കിലും ജാർഖണ്ഡ് കായിക ലോകത്തിന് നൽകിയ എം എസ് ധോണിയോട് ഇഷ്ടം തോന്നാത്ത കളി പ്രേമികൾ ഇന്നാട്ടിലില്ല. കപിൽ ദേവിന് ശേഷം, ധോണി ചെന്നെ ക്രിക്കറ്റർ ഇന്നൊരു വികാരമായി മാറിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ധോണിയുടെ മഞ്ഞപ്പടയ്ക്കുവേണ്ടി അവർ ആർത്തു വിളിക്കുന്നത്.
    
വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ആരാധകരെ ധോണിയുടെ മഞ്ഞപ്പട നിരാശരാക്കിയില്ല. ഫൈനലിൽ ടോസ്സു നേടിയ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായകൻ കൂടിയായ ഓയിൻ മോർഗൻ തന്റെ ടീമായ കൊൽക്കത്തയെ പിന്തുടർന്ന് വിജയിക്കാമെന്ന കണക്കു കൂട്ടിലിലായിരുന്നു. 2012 ലും, 2014 ലും ഫൈനലുകൾ പിൻതുടർന്ന് ജയിച്ച പാരമ്പര്യമുള്ള കൊൽക്കത്തയ്ക്കു ഇക്കുറിയും മികച്ച കളിക്കാരുടെ പിൻബലമുണ്ടായിരുന്നു.
    
59 മൽസരങ്ങൾ നടന്ന ഐ പി എൽ 2021 കളിച്ച 14ൽ ഒമ്പതു വിജയങ്ങൾ നേടിയ ചെന്നൈയ്ക്കു ഫൈനലിൽ കണക്കുകൾ പലതും തീർക്കാനുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ട 2019 ലെ ഫൈനലിസ്റ്റായ ചെന്നൈയെ വയസ്സൻ പട അഥവാ  'ഡാഡ്‌സ് ആർമി' എന്നു വിളിച്ചു കളിയാക്കിയവരുണ്ടായിരുന്നു. 2012 ൽ സ്വന്തം തട്ടകത്തിൽ, ചെപ്പോക്കിൽ അപ്രതീക്ഷിത പരാജയം                 ഫൈനലിൽ ചെന്നൈയ്ക്കു കൊൽക്കത്ത ടീമിനോടായിരുന്നു. ദുബായ് ഫൈനലിൽ 27 റൺസിന്റെ ആധികാരിക വിജയം പകരംവീട്ടലിപുരി, ഐ പി എൽ മൽസരങ്ങളിൽ ചെന്നൈയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പതിനായിരക്കണക്കിന് ആരാധകർക്ക് ധോണിയുടെ കിടയറ്റ   നായകത്വത്തിൽ ചെന്നൈ പ്ലേ ഓഫിലെത്തുമ്പോഴത്തെ രണ്ടാം സ്ഥാനക്കാരല്ല തികച്ചും ചാമ്പ്യൻ ടീം തന്നെയെന്നു ഫൈനലിൽ തെളിയിച്ചു. ഓരോ മൽസരത്തിലും തികച്ചും അനുയോജ്യമായ സാഹചര്യങ്ങൾ മുതലാക്കുവാൻ കഴിയുന്ന ഒരു ടീമിനെയാണ് ഈ സീസണിൽ ചെന്നൈ കളിക്കളത്തിലിറക്കിയത്. ചേതേശ്വർ ജാരയ്ക്കു ഒരു കളിയിൽ പോലും സ്ഥാനം ലഭിക്കാതെ പോയതും, സുരേഷ് റെയിനയ്ക്കു തന്റെ വിശ്വസ്തനായിട്ടും അവസാന മൽസരങ്ങളിൽ ധോണി അവസരം നൽകാതിരുന്നതും ഇക്കാരണം കൊണ്ടു മാത്രമാണ്. റോബിൻ ഉത്തപ്പയെപ്പോലുള്ള ഒരു വെടിക്കെട്ട് ബാറ്ററെ നാലു മൽസരങ്ങളിലാണ് കളിപ്പിച്ചത്. ധോണി ന്യൂസിലാന്റ് മുൻ നായകൻ സ്റ്റീഫൻ ഫെള്മിങ്ങ് തിങ്ക്ടാങ്ക് ടീം    തങ്ങളുടെ ഗൃഹപാഠങ്ങൾ മികച്ച രീതിയിൽ നടത്തിയാണ് ഓരോ മൽസരവും ആസൂത്രണം ചെയ്തത്.
    
153 മൽസരങ്ങളിൽ 185 റൺസായിരുന്നു ഷാർജ സ്റ്റേഡിയത്തിലെ ഉയർന്ന സ്‌കോർ. ചെന്നൈ    3 വിക്കറ്റിന് 192 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ വിജയം മണത്തിരുന്നു. ഓപ്പണർമാരായ    ഫാഫ് ഡു പ്ലെസിയും (86), റിതു രാജ് ഗെയ്ക്ക് വാദും  (32) ആദ്യ എട്ട് ഓവറിൽ 61 റൺസുമായി നല്ലൊരു തുടക്കം ചെന്നൈയ്ക്കു നൽകി. റോബിൻ ഉത്തപ്പയും (31), ഈ സീസണിൽ ബാറ്റുകൊണ്ടും, പന്തുകൊണ്ടും മികച്ച ഫോമിലായിട്ടുള്ള മൊയിൻ അലിയും (പുറത്താകാതെ 37) ടീമിന് പൊരുതുവാൻ പോന്ന നല്ലൊരു ടോട്ടൽ ഒരുക്കുക തന്നെ ചെയ്തു. വിക്കറ്റുകൾ വലിച്ചെറിയാതെ കരുതലോടെ  ആക്രമിച്ച് കളിക്കുന്നതിൽ ചെന്നൈ ഫൈനലിൽ പൂർണമായും വിജയിക്കുക തന്നെ ചെയ്തു.
    
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ശുഭ്മൻ ഗില്ലും (51), വെങ്കിടേഷ് അയ്യരും നല്ലൊരു തുടക്കം കുറിച്ചെങ്കിലും വലിയ അടികളിലൂടെ റൺസ് വാരിക്കുട്ടാമെന്നുള്ള കൊൽക്കത്ത തന്ത്രങ്ങൾ ചെന്നൈ ഫീൽഡർമാർ പൊളിച്ചടുക്കുക തന്നെ ചെയ്തു. പവർ പ്ലേയിൽ ചെന്നൈ ടീമിനെക്കാൾ മികവു കൊൽക്കത്ത ടീമാണ് കാണിച്ചതെങ്കിലും ഷാർദുൽ താക്കൂറും   (3 വിക്കറ്റുകൾ) ഹെയസൽ വുഡും (2), രവീന്ദ്ര ജഡേജയും (2) ഓയിൻ  മോർഗന്റെ ടീമിനെതിരെ കൃത്യ സമയങ്ങളിൽ വിക്കറ്റുകളുമായി ചെന്നൈയുടെ വിജയം ഉറപ്പിച്ചു. രണ്ട് വിക്കറ്റുകളും, അമ്പരിപ്പിക്കുന്ന ക്യാച്ച്‌കളുമായി  രവീന്ദ്ര ജഡേജ ഒരിക്കൽ കൂടി തന്റെ അപാരമായ ഫീൽഡിങ്ങ് മികവു തെളിയിച്ചു.
    
ഐ പി എൽ മൽസരങ്ങളിൽ 300 എണ്ണത്തിൽ നായകനായി റിക്കാർഡു കുറിച്ച നായകൻ   ധോണിയെന്ന നാൽപതുകാരൻ കളിച്ച പത്ത് ഫൈനലുകളിൽ ഒമ്പതെണ്ണവും ചെന്നൈയ്ക്കു വേണ്ടിയായിരുന്നു. കഴിഞ്ഞ 12 ഐ പി എൽ എഡിഷനുകളിൽ 214 മൽസരങ്ങളിലാണ് ധോണി മഞ്ഞപ്പടയെ നയിച്ചിരിക്കുന്നത്. 2007 ൽ ധോണിയുടെ നേതൃത്വത്തിൽ ഐസിസി വേൾഡ് ടീം ലോക കിരീട                     വിജയത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് ക്രിക്കറ്റിലെ ഈ കളിരൂപത്തെ ക്ലബ്ബ്   തലത്തിൽ മൽസരങ്ങൾ നടത്തി ഒരു കച്ചവടമാക്കുവാൻ തുനിഞ്ഞിറങ്ങിയത്. ഇന്ന് ലോകത്തെമ്പാടുമുള്ള മികച്ച കളിക്കാർ ഇന്ത്യൻ പ്രീമിയർ ലീഗിലും, ഓസ്‌ട്രേലിയയിലെ ബിഗ് ബാഷിലും, വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗിലും കളിച്ച് തങ്ങളുടെ കരിയറിൽ നല്ലൊരു സമ്പാദ്യമുണ്ടാക്കുന്നു.
    
യു എ ഇയിൽ ഐ പി എൽ മൽസരങ്ങൾ നടത്തുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എടുത്ത തീരുമാനം ഇക്കഴിഞ്ഞ സീസൺ വിജയകരമായി പൂർത്തിയാക്കുവാൻ ഇടയാക്കി. അടുത്ത സീസണിൽ വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് മൽസരങ്ങൾ മടങ്ങിയെത്തുവാൻ മഹാമാരിയൊഴിയും എന്ന് ന്യായമായും നമുക്കാശിക്കാം.

എൻ . എസ് . വിജയകുമാർ

 

Video Courtesy : CU

Foto

Comments

leave a reply