Foto

കാട്ടുതീ: തുര്‍ക്കിക്കു പിന്നാലെ വിരണ്ട് ഗ്രീസ്, അള്‍ജീരിയ

കാട്ടുതീ: തുര്‍ക്കിക്കു
പിന്നാലെ വിരണ്ട്
ഗ്രീസ്, അള്‍ജീരിയ

രക്ഷാ ശ്രമത്തിനിടെ 25 അള്‍ജീരിയന്‍ സൈനികര്‍ മരിച്ചു

അള്‍ജീരിയയിലും കാട്ടു തീ വന്‍നാശം വിതയ്ക്കുന്നു. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിന് കിഴക്കുള്ള കാടുകളിലും ഗ്രാമങ്ങളിലും പടര്‍ന്ന തീയില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് അബ്ദല്‍ മാദ്ജിദ് ടെബൗണ്‍ പറഞ്ഞു.

പര്‍വതപ്രദേശമായ കാബെയ്ല്‍ മേഖലയിലെ രണ്ട് പ്രദേശങ്ങളിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 100 പൗരന്മാരെ സൈനികര്‍ രക്ഷിച്ചതായി അള്‍ജീരിയന്‍ പ്രസിഡന്റ് പറഞ്ഞു. നാല് സൈനികര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീപിടുത്തത്തില്‍ നിന്ന് 100 പേരെ രക്ഷിച്ച സൈനികര്‍ രക്തസാക്ഷികളാണെന്ന് ടെബൗണ്‍ ട്വീറ്റ് ചെയ്തു. 17 സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി ഐമിനി ബെനാബ്ഡെ റഹ്മാനെ പിന്നീട് സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു.

അള്‍ജിയേഴ്സില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന കാബെയ്ല്‍ പ്രദേശം ചെന്നെത്താന്‍ പ്രയാസമുള്ള ഗ്രാമങ്ങളാല്‍ നിറഞ്ഞിരിക്കുന്നു, താപനില ഉയര്‍ന്നതോടെ ജലക്ഷാമവും ഇവിടെ രൂക്ഷം.ചില ഗ്രാമീണര്‍ പലായനം ചെയ്തു. മറ്റുള്ളവര്‍ ബക്കറ്റിലെ വെള്ളം, വടികള്‍ തുടങ്ങിയവ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ഈ പ്രദേശത്ത് വെള്ളം തളിക്കാന്‍ വിമാനങ്ങളെത്തിയിട്ടില്ല.

അതേസമയം, ഗ്രീസിലെ ഗ്രീക്ക് ദ്വീപായ ഇവിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ നിന്ന് തങ്ങളുടെ വീടുകളെ രക്ഷിക്കാന്‍ രാപ്പകല്‍ നീരീക്ഷണത്തിലും അധ്വാനത്തിലുമാണ് നൂറു കണക്കിനു ജനങ്ങള്‍.ഒഴിഞ്ഞുപോകാന്‍ അധികാരികള്‍ ആവശ്യപ്പെട്ടിട്ടും ഇവരില്‍ പലരും പിടിച്ചുനില്‍ക്കുകയാണ്.പടിഞ്ഞാറന്‍ അമേരിക്കയിലും അഗ്‌നി പടര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം ഈ മേഖലകളെയെല്ലാം കൂടുതല്‍ ചൂടുള്ളതും വരണ്ടതുമാക്കി മാറ്റിയതോടെ ആവര്‍ത്തിക്കുന്ന കാട്ടുതീ കൂടുതല്‍  വിനാശകരവുമാകുകയും ചെയ്യുന്നതായി  ശാസ്ത്രജ്ഞര്‍ പറഞ്ഞു. തുര്‍ക്കിയുടെ തെക്കന്‍ മേഖലയിലും തീ ദിവസങ്ങളായി താണ്ഡവമാടുന്നു.

അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ കാട്ടുതീ ലോകത്തെവിടെയും ഒരു സാധാരണ പ്രതിഭാസമായിരിക്കുന്നു. സ്വീഡനില്‍ പോലുണ്ടായി കാട്ടുതീ. സ്വതവേ തണുപ്പും മഞ്ഞു നിറഞ്ഞ സ്വീഡനിലെ കാലാവസ്ഥയിലും ഏറെ നാളുകളായി അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്.മൂന്നു വര്‍ഷം മുമ്പ് കാട്ടുതീ നിയന്ത്രിക്കാന്‍ കഴിയാതെ അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യര്‍ത്ഥന നടത്തി ആ രാജ്യം.ഒട്ടും താല്‍ക്കാലികമായ പ്രശ്‌നമല്ല ഇതെന്നതാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്.

ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഒരു ഉഷ്ണതരംഗം രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ അമേരിക്ക, ആര്‍ക്ടിക്, വടക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെല്ലാം ഈ തരംഗം സജീവം. വടക്കന്‍ അള്‍ജീരിയയുടെ തലസ്ഥാനമായ ഊര്‍ഗ്ലയില്‍ താപനില 51.3 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തപ്പെട്ടു. ആഫ്രിക്കയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്‌കോയിലുള്ള സയന്‍സ് സെന്ററിന്റെ മേല്‍ക്കൂര ഉരുകിയൊലിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ചൂടിന്റെ കാഠിന്യം യുകെയെയും പിടികൂടിക്കഴിഞ്ഞു.ജപ്പാനില്‍ സാധാരണ 40 ഡിഗ്രി വരെ ഉയരുന്നു അന്തരീക്ഷ താപനില. ഒളിമ്പിക്‌സ് മേളയെ ഇത് വല്ലാതെ ബാധിച്ചു. ഈ ഉഷ്ണതരംഗത്തെ ചെറുതായിക്കാണാന്‍ കഴിയില്ല. ഭൂമിയില്‍ ജീവിക്കുന്ന ഒരാളും ഇതില്‍ നിന്നു സുരക്ഷിതരുമല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ ജീവജാലങ്ങളെയും ബാധിക്കാനിരിക്കുന്ന ഒരു കാലാവസ്ഥാമാറ്റത്തിന്റെ സൂചകങ്ങളാണ് ഈ സംഭവങ്ങള്‍. ഇപ്പോള്‍ തീയാളുന്ന സ്ഥലവുമായുള്ള ഭൂമിശാസ്ത്രപരമായ അകലത്തെ ആശ്രയിച്ച് സുരക്ഷിതരാണെന്ന് ആശ്വസിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.

ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണം. മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടാകാം എന്ന് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഡാന്‍ മിച്ചേല്‍ പറയുന്നു. മാറ്റങ്ങളുടെ ഉത്തരവാദിത്വം കാലാവസ്ഥാ വ്യതിയാനത്തില്‍ അമിതമായി ആരോപിക്കുന്നത് കാര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കു മുകളില്‍ അഞ്ചോ ആറോ മൈലകലെ പടിഞ്ഞാറു നിന്നും കിഴക്കോട്ട് വീശിയടിക്കുന്ന ജെറ്റ് സ്ട്രീമില്‍ വരുന്ന ചില വ്യതിയാനങ്ങളും ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് മിച്ചേല്‍ ഊഹിക്കുന്നത്. നിലവില്‍ ഈ സ്ട്രീം വളരെ ദുര്‍ബലമാണ്. ഇതിന്റെ ഫലമായി ഉയര്‍ന്ന അന്തരീക്ഷമര്‍ദ്ദം വളരെ ഉയരുന്നു. അത് ഒരിടത്ത് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യുന്നു.

ബാബു കദളിക്കാട്

Comments

leave a reply