ഒറ്റപ്പെടുത്തേണ്ട രാജ്യമാണ് തുര്‍ക്കിയെന്ന പരോക്ഷ സന്ദേശമേകി അമേരിക്ക
ഓട്ടോമന്‍ സാമ്രാജ്യം നടത്തിയ അര്‍മേനിയന്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയെ 'വംശഹത്യയായി' അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത് വലിയ അന്താരാഷ്ട്രമാനങ്ങളുള്ള സംഭവ വികാസമായാണ് നിരീക്ഷകര്‍ കാണുന്നത്. ഇതാദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് ഈ പദപ്രയോഗം നടത്തുന്നത്.
ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതോടെ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന പൊതുവികാരം ആഗോളതലത്തില്‍ തന്നെ പ്രബലപ്പെട്ടുവരുന്നതിനിടെയാണ് ബൈഡന്റെ നിര്‍ണ്ണായക നിലപാട് പുറത്തുവന്നിരിക്കുന്നത്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയയും, അസര്‍ബൈജാനും തമ്മിലുള്ള യുദ്ധത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയക്കെതിരെ പോരാടാന്‍ മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് അംഗങ്ങളായ തീവ്രവാദികളെ തുര്‍ക്കി സിറിയയില്‍ നിന്നും കയറ്റിവിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വ്യാപക ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
2015 ഏപ്രിലില്‍, അര്‍മേനിയന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികാചരണത്തിലാണ് വംശഹത്യാ വാദവും പ്രതിവാദവും കൂടുതല്‍ തീവ്രമായത്. അന്ന് അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള അര്‍മേനിയന്‍ വംശജര്‍ ഒത്തു ചേര്‍ന്നു. നിരവധി ലോകനേതാക്കള്‍ പങ്കെടുത്തു. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ തഖ്സീം ചത്വരത്തിലും അനുസ്മരണ പരിപാടികള്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ വംശഹത്യാ ആരോപണം ആവര്‍ത്തിച്ചതോടെ ചര്‍ച്ചകള്‍ കത്തിപ്പടര്‍ന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും ഉന്മൂലനം തന്നെയായിരുന്നു ഓട്ടോമന്‍ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നും മാര്‍പാപ്പ പറഞ്ഞു. കൊല്ലപ്പെട്ട മുഴുവന്‍ പേരെയും വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.
ബൈഡന്റെ പ്രസ്താവന അര്‍മേനിയന്‍ വംശജരുടെ വന്‍ നയതന്ത്ര വിജയമാണെന്നതില്‍ തര്‍ക്കമില്ല. ഫ്രാന്‍സ്, ജര്‍മനി, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് അമേരിക്ക കൂടി വരുന്നതോടെ നഷ്ടപരിഹാരം ചോദിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ അര്‍മേനിയക്ക് സാധിക്കും. തുര്‍ക്കിയുടെ പിന്തുണയുള്ള അസര്‍ബൈജാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കാനും അര്‍മേനിയ മുതിര്‍ന്നേക്കും.വലിയ രാഷ്ട്രീയ പ്രഹര ശേഷിയോടെ ചരിത്രം ആധുനിക തുര്‍ക്കിയെ ഒറ്റപ്പെടുത്തുകയാണ്. മതപരമായ വിഭജനമടക്കമുള്ള നിരവധി താത്പര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് ബൈഡന്റെ പ്രഖ്യാപനത്തില്‍. ഒറ്റപ്പെടുത്തേണ്ട രാജ്യമാണ് തുര്‍ക്കിയെന്ന പരോക്ഷ സന്ദേശവും അതിലുണ്ട്. ചരിത്രത്തിലെ ചോരപ്പാടുകളില്‍ മുളക് പുരട്ടാതെ തങ്ങളുടെ രാജ്യത്ത് അവശേഷിക്കുന്ന അര്‍മേനിയക്കാരെ കൂടുതല്‍ സ്നേഹവായ്പോടെ ഉള്‍ക്കൊള്ളുകയാണ് തുര്‍ക്കി ചെയ്യേണ്ടതെന്ന നിരീക്ഷണത്തിന്റെ ഗതിയെന്നാവുമെന്ന സംശയവും തീവ്രം.
അതേസമയം, വംശഹത്യ എന്ന് അര്‍മേനിയന്‍ കൂട്ടക്കൊലയെ പരാമര്‍ശിക്കുന്നത് തുര്‍ക്കിയെ പ്രകോപിപ്പിക്കും എന്നതിനാല്‍ അമേരിക്ക വളരെ ശ്രദ്ധാപൂര്‍വമാണ് ഇതേക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.എങ്കിലും, പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്നും ബൈഡന്‍ പിന്മാറുന്നുവെന്നു വ്യക്തമായി. ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴില്‍ താമസിക്കുന്ന നിരവധിയായ അര്‍മേനിയന്‍ ക്രൈസ്തവര്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അംഗീകരിക്കുന്നു. എന്നാല്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നു എന്നതും വംശഹത്യ നടന്നവെന്നുമുള്ള ആരോപണം അവര്‍ നിഷേധിക്കുകയായിരുന്നു എക്കാലവും.
എ.ഡി മൂന്നൂറുകളില്‍ ക്രിസ്ത്യന്‍ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമായിരുന്നു ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അര്‍മേനിയ. .ഓട്ടോമന്‍ തുര്‍ക്കികള്‍ ബൈസന്റൈന്‍ സാമ്രാജ്യം കീഴടക്കിയതിനെ തുടര്‍ന്ന് അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക നികുതി സംവിധാനം ഏര്‍പ്പെടുത്തി. ഇസ്ലാമിക ഖാലിഫേറ്റ് ഭരണത്തില്‍ മറ്റു മത വിഭാഗങ്ങളില്‍നിന്നും ഈടാക്കുന്ന പ്രത്യേക നികുതിയായ 'ജിന്‍സിയ്യ' യെ അര്‍മേനിയക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഓട്ടോമന്‍ സൈന്യവും , മുസ്ലിം കുര്‍ദുകളുടെ നാടോടി സൈന്യവും ചേര്‍ന്ന് അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു.പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഈ ചരിത്ര സംഭവം 'ഹമീദിയന്‍ കൂട്ടക്കൊല' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഓട്ടോമന്‍ സാമ്രാജ്യത്തില്‍ യുവ തുര്‍ക്കികള്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന് വീണ്ടും അര്‍മേനിയന്‍ വംശജര്‍ക്കു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു .1915 -16 കാലഘട്ടത്തില്‍ സിറിയയിലെ അലെപ്പോയിലേക്കു അര്‍മേനിയന്‍ വംശജരെ പലായനം ചെയ്യിപ്പിച്ചു. ഈ പലായനം ലോക മനുഷ്യ ചരിത്രത്തിലെ ദുരിത പൂര്‍ണ്ണമായ യാത്രയായി കരുതപ്പെടുന്നു.സ്ത്രീകള്‍ മതം മാറി തുര്‍ക്കി മുസ്ലീമുകളെ വിവാഹം കഴിച്ചാല്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അല്ലാത്തവരായ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി ചന്തകളില്‍ വിറ്റു. പതിനായിരക്കണക്കിന് അംഗങ്ങളുള്ള സംഘങ്ങള്‍ യാത്രാവസാനം നൂറോ ഇരുന്നൂറോ പേര്‍ മാത്രമായി ചുരുങ്ങിയിരുന്നു.
അതിക്രൂരമായ ഇത്തരം ക്രിസ്ത്യന്‍ വംശഹത്യകള്‍ ലോകം അറിയാതെ മൂടിവയ്ക്കാന്‍ തുര്‍ക്കിയിലെ ഇസ്ലാമിക ഭരണകൂടം ശ്രദ്ധിച്ചിരുന്നു. 15 ദശലക്ഷം അര്‍മേനിയക്കാരെ കൂട്ടക്കൊല ചെയ്തതിനെ 'ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചിത് തുര്‍ക്കിയുടെ വന്‍ പ്രതിഷേധത്തിനിടയാക്കി. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും കൂട്ടക്കൊലയെ 'വംശഹത്യ ' എന്നാണ് വിശേഷിപ്പിച്ചത്.അതേസമയം, നിരവധി മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ തകര്‍ന്നടിഞ്ഞു നില്‍ക്കുമ്പോള്‍ സുസ്ഥിരമായി നിലകൊള്ളുകയും മേഖലയിലെ പ്രശ്നങ്ങളില്‍ കൃത്യമായി അഭിപ്രായം പറയുകയും ചെയ്യുന്ന തുര്‍ക്കിക്കെതിരെ ചരിത്രത്തെ ആയുധമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുകയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. ഇതിന്റെ ഭാഗമാണ് ഓട്ടോമന്‍ കാലത്തെ അര്‍മേനിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്താകെയുള്ള അര്‍മേനിയന്‍ വംശജരും തുര്‍ക്കിവിരുദ്ധ യൂറോപ്യന്‍ ഗ്രൂപ്പും കടുത്ത സമ്മര്‍ദം ചെലുത്തിയിട്ടും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'വംശഹത്യ ' എന്നു പരാമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. തുര്‍ക്കിയുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങളില്‍ അലോസരമുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല എന്നതാണ് വസ്തുത. ബൈഡന്‍ ഇക്കാര്യത്തില്‍ ട്രംപിനെ മറികടന്നിരിക്കുന്നു.'ഓട്ടോമന്‍ കാലത്ത് നടന്ന അര്‍മേനിയന്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഞങ്ങള്‍ സ്മരിക്കുന്നു. അത്തരം ക്രൂരതകള്‍ ഇനി ഒരിക്കലും നടക്കാന്‍ പാടില്ലെന്ന പ്രതിജ്ഞ ഞങ്ങള്‍ പുനര്‍ സമര്‍പ്പിക്കുന്നു' എന്നാണ് ബൈഡന്‍ പറഞ്ഞത്. 'ഇത് പറയുന്നത് ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല. ഇങ്ങനെയൊന്ന് ആവര്‍ത്തിക്കാതിരിക്കാനാണെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ പ്രസ്താവനയെ ചരിത്രഹത്യയെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തെ വ്യാഖ്യാനിക്കേണ്ടത് ചരിത്രകാരന്‍മാരാണ്, സ്ഥാപിത ലക്ഷ്യങ്ങളുള്ള രാഷ്ട്രീയക്കാരല്ലെന്നും ഉര്‍ദുഗാന്‍ പറയുന്നു. 1915ല്‍ ഓട്ടോമന്‍ (ഉസ്മാനിയ്യ) ഭരണകൂടം നടത്തിയ സൈനിക നീക്കത്തെ ചൊല്ലിയാണ് വാഗ്വാദം നടക്കുന്നത്. ദശലക്ഷക്കണക്ക് അര്‍മേനിയക്കാരെ സിറിയയിലേക്കും മറ്റും പിടിച്ചു കൊണ്ടുപോയി മണലാരണ്യത്തില്‍ കൊന്നു തള്ളിയെന്നാണു ചരിതരം പറയുന്നതെങ്കിലും അതിശക്തമായ ഏറ്റുമുട്ടല്‍ നടന്നുവെന്നും അതില്‍ ഇരു പക്ഷത്തുള്ളവരും കൊല്ലപ്പെട്ടുവെന്നും യുദ്ധത്തിന്റെ ഭാഗമായുണ്ടായ പട്ടിണിയും പകര്‍ച്ചവ്യാധികളും നിരവധി മനുഷ്യരുടെ മരണത്തില്‍ കലാശിച്ചുവെന്നുമാണ് തുര്‍ക്കിയുടെ ഔദ്യോഗിക ഭാഷ്യം. അര്‍മേനിയന്‍ പ്രതിനിധിയെ ക്ഷണിച്ച് വരുത്തി ചര്‍ച്ച നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് ഏതാനും വര്‍ഷം മുമ്പ് ശ്രമിച്ചിരുന്നു.
വംശഹത്യാ ആരോപണത്തെ തുര്‍ക്കി പാടേ തള്ളിക്കളയുന്നു. 1915ല്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകം ആയിരുന്നില്ല. ഇരു ഭാഗത്തും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അര്‍മേനിയന്‍ ജനതയില്‍ നല്ലൊരു വിഭാഗം രാഷ്ട്രവിരുദ്ധ ദൗത്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അന്നത്തെ ഭരണകൂടത്തിന് ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നു. റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുമായി കൈകോര്‍ക്കുകയാണ് അര്‍മേനിയന്‍ ജനത ചെയ്തത്. അതുകൊണ്ട്, യുദ്ധമാണ് നടന്നത്. ഇതാണ് തുര്‍ക്കിയുടെ വാദം. അര്‍മേനിയക്കാര്‍ നാടുകടത്തപ്പെട്ടുവെന്നതും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നതും വസ്തുതയാണെന്ന് തുര്‍ക്കി അംഗീകരിക്കുന്നു. 15 ദശലക്ഷമൊന്നുമില്ല, മൂന്ന് ലക്ഷമെന്നാണ് തുര്‍ക്കിയുടെ കണക്ക്.
അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മതപരമായ ഇടപെടല്‍ നടത്തുന്ന തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്ന് പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല ''തുര്‍ക്കി മറ്റൊരു ക്രിസ്ത്യന്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു, എന്തുകൊണ്ടാണ് ട്രംപ് ഭരണകൂടം നിശബ്ദമായിരിക്കുന്നത്?'' എന്ന വിഷയത്തെ ആസ്പദമാക്കി 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്' എന്ന സംഘടന കഴിഞ്ഞ ഒക്ടോബറില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് തുര്‍ക്കിയുടെ ക്രൈസ്തവവിരുദ്ധതക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. ക്രൈസ്തവര്‍ക്കെതിരായ ശത്രുതയാണ് തുര്‍ക്കിയുടെ നടപടിക്ക് പിന്നിലെ കാരണമെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ നല്‍കി.
ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് പ്രസിഡന്റ് തൗഫീക്ക് ബക്ലീനി, അമേരിക്കയിലെ അര്‍മേനിയന്‍ നാഷ്ണല്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരം ഹാംപരിയാന്‍, നാഗോര്‍ണോ കാരബാക്ക് റിപ്പബ്ലിക്കിന്റെ അമേരിക്കയിലെ സ്ഥിരപ്രതിനിധി റോബര്‍ട്ട് അവെട്ടിസ്യാന്‍, അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്കേല്‍ റൂബിന്‍, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സിലെ റിച്ച് ഗാസല്‍, ഹെല്ലെനിക്ക് അമേരിക്കന്‍ നേതൃത്വ സമിതിയിലെ എന്‍ഡി സെമെനിഡെസ് തുടങ്ങിയ പ്രമുഖരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. തുര്‍ക്കിയെ സംബന്ധിച്ചുള്ള അമേരിക്കയുടെ നയം പ്രാവര്‍ത്തികമല്ലെന്നും, ക്രൈസ്തവര്‍ക്കെതിരായ തുര്‍ക്കിയുടെ ശത്രുതയുടെ വെളിച്ചത്തില്‍ ട്രംപും, കോണ്‍ഗ്രസ്സും തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്നും ബക്ലീനി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കരാറുകള്‍ ലംഘിച്ചതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. 2019-ല്‍ വടക്കന്‍ സിറിയയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ ഏതാണ്ട് 800 പ്രാവശ്യമാണ് തുര്‍ക്കി ലംഘിച്ചതെന്ന് റിച്ച് ഗാസല്‍ ചൂണ്ടിക്കാട്ടി. അര്‍മേനിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുര്‍ക്കിക്ക് പങ്കുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചു. അര്‍മേനിയന്‍ ജനതയോട് മാത്രമല്ല, ക്രൈസ്തവലോകത്തോട് മുഴുവനുമാണ് തുര്‍ക്കിയുടെ ശത്രുതയെന്നു മൈക്കേല്‍ റൂബിന്‍ പറഞ്ഞു.
ബാബു കദളിക്കാട്
Comments