Foto

സ്ത്രീയുടെ വിവാഹ സങ്കൽപ്പങ്ങളിൽ തീക്കാറ്റാവുകയാണോ സ്ത്രീധനം

സ്ത്രീയുടെ വിവാഹ സങ്കൽപ്പങ്ങളിൽ
തീക്കാറ്റാവുകയാണോ  സ്ത്രീധനം

സ്ത്രീധനത്തിന്റെ ഉൽഭവത്തെക്കുറിച്ച് ഒരുപാട് പുരാണങ്ങൾ കേട്ടിട്ടുണ്ട് . അതിൽ ഏറ്റവും  വിശ്വസനീയമായി തോന്നിയത് സ്വന്തം  പുരയിടത്തോട്  ചേർന്ന്  തന്നെ ആൺമക്കൾ പുതിയ വീട് കെട്ടി താമസിച്ചിരുന്ന കാലത്ത് ,  ഭൂസ്വത്ത് ആൺമക്കൾക്കും തുല്യമായതല്ലെങ്കിലും  അതിനോടടുത്ത ഒരോഹരി സ്വർണ്ണമായോ പണമായോ    വിവാഹസമയത്ത് പെൺമക്കൾക്കും  നൽകി പോന്നിരുന്നു എന്നതാണ്. ഇപ്രകാരം ചെറുക്കന്റെ  ഭൂസ്വത്തും പെണ്ണിന്റെ  പൊന്നും പണവും  പുതിയ കുടുംബത്തിനുള്ള   മൂലധനമായി  ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നത്രെ.  കുടുംബത്തിൽ ആണിനൊപ്പം പെണ്ണിനും തുല്യത ഉറപ്പാക്കിയിരുന്ന ഒരു സമ്പ്രദായം . ദീർഘ വീക്ഷണമുണ്ടായിരുന്ന  ആചാരം  ആൺ പെൺ വ്യത്യാസമില്ലാതെ മക്കളോട്  തുല്യമായ കരുതലും സ്‌നേഹവുമുണ്ടായിരുന്ന ഏതോ  തലമുറയിൽ ആരംഭിച്ച ഈ ആചാരമാണ്  ഇന്ന് കാണുന്ന നിർബന്ധിത കച്ചവട രൂപത്തിലേക്ക് -- കാറിന്റെ മൈലേജായും  , ലൈവ് ആത്മഹത്യാ  സ്ട്രീമിങ്ങായും -- എത്തി നിൽക്കുന്നത്.

        വിവാഹങ്ങളിലെ വലിയ സന്തോഷത്തെ എപ്പോൾ വേണമെങ്കിലും ഊതിക്കെടുത്താവുന്ന കാറ്റാണ് സത്രീധനം എന്ന പേടി കിട്ടിയത് കുഞ്ഞു ചെറുപ്പത്തിലാണ്.  തറവാട്ടിലെ ചേച്ചിയുടെ  പെണ്ണു കാണലിന്റെ അന്ന് പതിനാറംഗങ്ങളുള്ള കുട്ടിപ്പട്ടാളത്തിന്റെ പൂരത്തിനും
കൊടികയറി . സ്വന്തം വീട്ടിൽ ഒരു കല്യാണം വന്നതിന്റെ ആവേശത്താൽ സ്‌കൂൾ വിട്ടാൽ നേരെ എത്തുന്നത്  തറവാട്ടിലേക്കാണ് . പറമ്പിലെ പണിക്കാരുടെയും വീട് പൂശുന്നവരുടെയും  ഇടയിൽ പാഞ്ഞ് നടക്കൽ , വലിയ വരാന്തയിൽ നിരന്നിരുന്നുള്ള  ചായ കുടി , സാറ്റ് കളി ഇതൊക്കെയാണ് അന്നത്തെ  ഹൈലൈറ്റ്.  കല്യാണതിരക്ക്  മുറുകി മുറുകി മൂർദ്ധന്യത്തിലെത്തി നിൽക്കുന്നതിനിടയിലാണ്   'പിള്ളാരെല്ലാം അവരവരുടെ വീട്ടിൽ പോയേ ' എന്ന ഒച്ച ഉയർന്നത് . വാൽസല്യത്തോടെ അല്ലാതെ ഒരു വാക്ക് പോലും പറയാത്ത വല്യപ്പച്ചന്റെ  മുഖത്ത് നിന്നും കേട്ട വഴക്കിൽ ഏങ്ങി കരഞ്ഞു കരഞ്ഞു  ഉറങ്ങാൻ കിടന്നപ്പോൾ  മുതിർന്നവരാരോ പറഞ്ഞു തന്നു ' ചെറുക്കന്റെ വീട്ടുകാര് ചോദിച്ച അത്രയും കാശും പൊന്നും കൊടുക്കാൻ ഇല്ലാത്തതിനാൽ ഈ  കല്യാണം നടക്കില്ലത്രെ '. പിന്നീട്  സ്വന്തം കല്യാണമടക്കം നടന്ന പെൺ വിവാഹങ്ങളിലെല്ലാം ഈ ഉൾഭയം അനുഭവിച്ചിട്ടുണ്ട്.

            വർഷങ്ങൾക്ക് മുൻപ് കത്തോലിക്കാ വിവാഹങ്ങൾക്ക്  മുന്നൊരുക്കമായുള്ള ,   ഒത്തു കല്യാണം  മന:സമ്മതം തുടങ്ങിയ ചടങ്ങുകളുടെ   ഒടുവിൽ ഇരുവശത്തു നിന്നുമുള്ള  കാരണവന്മാർ  ചേർന്ന് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്ന ഒരു പതിവുണ്ടായിരുന്നു.  അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു  ചടങ്ങാണ് , ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ പെൺ വീട്ടുകാർ  പൊന്നും തുകയും ഇത്ര എന്ന് പറയുന്നതും അത്   കൈമാറുന്നതും. ഇന്ന്  - ഓൺലൈൻ മാട്രിമോണിയുടെ ഈ കാലത്ത് -  ചടങ്ങുകളിൽ നിന്ന്  സ്ത്രീധനത്തെ കുറിച്ചുള്ള  പൊതു അറിയിപ്പും ചർച്ചകളും  ഒഴിവാക്കപ്പെട്ടിട്ടുണ്ട് . ആൺ പെൺ വീട്ടുകാർ മാത്രം ചേർന്നാണ് കൊടുക്കൽ വാങ്ങൽ ചടങ്ങുകൾ നടക്കുന്നത് എന്ന് തോന്നുന്നു. മക്കളുടെ വിവാഹം ഒരു പരിധിവരെ ബന്ധുമിത്രാദികളുടെ ഇടപെടൽ ഒഴിവായി ,  മാതാപിതാക്കളുടെ   സ്വാതന്ത്ര്യവും തീരുമാനവുമായി മാറിയിട്ടുണ്ട്.

           ' വിവാഹത്തിന് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ മക്കളോടുള്ള  കരുതലിന്റെ  അടയാളം  മാത്രമായി  മാറട്ടെ . സ്വന്തം സാമ്പത്തിക സ്ഥിതി അനുസരിച്ച്  ഒരുക്കപ്പെടുന്ന ഇവയ്ക്ക്   ബാഹ്യസമ്മർദങ്ങൾ ഒന്നും ഉണ്ടാവുകയുമരുത് ' . ഇതാണ് സ്ത്രീധനത്തെ കുറിച്ച് ഈ ദിവസങ്ങളിൽ ഉയർന്ന് കേട്ട ചില  അഭിപ്രായങ്ങൾ. എന്നാൽ  ഇത് ആരാണ് നടപ്പിലാക്കേണ്ടത് ? വിവാഹ സ്വപ്നങ്ങളിൽ  കണ്ണീര് കലരാതിരിക്കാൻ ആരാണ് തീരുമാനമെടുക്കേണ്ടത് ? സംസ്ഥാനവും സമുദായവും സഭയുമാണോ ? രണ്ടേ രണ്ട് കുടുംബങ്ങളുടെ തികച്ചും വ്യക്തിപരമായ   'കല്യാണ കാര്യം ' എങ്ങിനെ പൊതു പ്രശ്‌നമാകും ?  സാമൂഹിക വിപത്ത് എന്ന്  ഒഴുക്കിൽ പറഞ്ഞ് തെന്നിമാറാൻ നമുക്കാവുമോ ?  ജീവിതത്തിൽ ഒരിക്കലെങ്കിലും വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്തവർ സ്വന്തം നിലപാടാണ്  വ്യക്തമാക്കേണ്ടത്.
പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്ക് മുന്നിൽ ഇരു വീട്ടിലെയും  മാതാപിതാക്കളുടെ  മന:സാക്ഷിയുടെ ഉത്തരമാണ്  ഉയരേണ്ടത്.  എന്താണ് എന്റെ നിലപാട് എന്ന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്.  ഇരട്ടത്താപ്പ് എന്ന അടവ് നയമാണ്  ഈ വിഷയത്തെ ഇത്രയും  സങ്കീർണമാക്കുന്നതെന്ന് പറയാതെ വയ്യ.സ്ത്രീധനം മാത്രമല്ല , പെൺവീട്ടിലെ  ഭൂമിയുടെ  വിഹിതവും കൂടി നൈസായി കണക്കു പറഞ്ഞ് വാങ്ങിയെടുത്തവർ , മകൾക്ക് സ്ത്രീധനമായി ഒന്നും കൊടുക്കില്ല എന്ന് പറയുന്നത് എങ്ങിനെ ആദർശമാകും?  സ്ത്രീധനമെന്നത് കിട്ടുമ്പോൾ സന്തോഷവും , കൊടുക്കുമ്പോൾ സങ്കടവും തരുന്ന സമ്മാനമേത് എന്ന കടംകഥയുടെ ഉത്തമല്ല .സ്ത്രീധനത്തെ കുറിച്ച് കേരളം ഉറക്കെ ചർച്ച ചെയ്ത ദിവസം , ഫേസ് ബുക്കിൽ കണ്ട സത്യസന്ധമായ ഒരു പോസ്റ്റ് ഇപ്രകാരമായിരുന്നു. 'അമ്മായിയപ്പൻ എഫ്.ബിയിൽ ഇല്ല , എങ്കിൽ പോലും സ്ത്രീധന വിരുദ്ധ പോസ്റ്ററുകൾ ഇടുന്നില്ല '. ചർച്ചകൾ തുടരട്ടെ .

മരിയ റാൻസം

 

Foto
Foto

Comments

leave a reply