Foto

കൗമാരക്കാരിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം 


ജോബി ബേബി,

കൗമാരക്കാരിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം 

കഞ്ചാവ്,കൊക്കയിന്‍ മുതലായ മയക്കുമരുന്നുകളോടുള്ള ആസക്തി തലച്ചോറിനെ ബാധിച്ചു അടിമയായി തീരുന്ന സാഹചര്യത്തെയാണ് ഡ്രഗ് അഡിക്ഷന്‍ അഥവാ സബ്സ്റ്റന്‍സ് യൂസ് ഡിസോര്‍ഡര്‍ എന്ന് പറയുന്നത്.ഒരു തമാശയായി തുടങ്ങി അതൊരു ഒഴിച്ചു കൂടാനാകാത്ത ആവശ്യമായി മാറി,മയക്കുമരുന്ന് കിട്ടാന്‍ വേണ്ടി എന്ത് കൂരകൃത്യവും നിന്ദ്യമായ പ്രവര്‍ത്തിയും മറ്റുള്ളവരോട് മാത്രമല്ല തന്നോട് തന്നെയും ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ഒരു അവസ്ഥയാണിത്.മയക്കുമരുന്ന് ഒരു തവണ ഉപയോഗിച്ചാല്‍ പോലും അത് ആസക്തിയിലേക്ക് നയിച്ചേക്കാം എന്നതിനാല്‍ മയക്കുമരുന്നിന്റെ അടിമകളാകാതിരിക്കാന്‍ നമ്മുടെ കൗമാരക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ കോളേജ് അധികൃതരും അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണം.

മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു കൗമാര പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് അറിവ് നല്‍കണം.കൗമാരപ്രായം മാറ്റങ്ങളുടെ കാലഘട്ടമാണ്.കുട്ടിത്തം വിട്ടു കൗമാരത്തിലേക്ക് കടക്കുമ്പോള്‍ എന്തും പരീക്ഷിച്ചു നോക്കാനുള്ള ഒരു ത്വര ഈ പ്രായത്തില്‍ ഉണ്ടാകാം.പലപ്പോഴും കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പല കുട്ടികളും ഇത് ഉപയോഗിച്ച് തുടങ്ങുന്നത്.അമിത ഉത്കണ്‍o,ടെന്‍ഷന്‍,വിഷാദം മുതലായ മാനസീക പ്രശ്‌നമുള്ള കൗമാരക്കാര്‍ മയക്കുമരുന്നിലേക്ക് വഴുതി വീഴാന്‍ സാധ്യതയേറെയാണ്.

ലഹരി മരുന്നുകളുടെ പട്ടികയില്‍ ഏറ്റവും വീര്യം കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി വീര്യമേറിയ മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുകള്‍ പാര്‍ട്ടിയില്‍ ലഭ്യമാണ്. ഗുണനിലവാരത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് കൊക്കെയ്ന്‍ ഗ്രാമിന് 6000 രൂപ മുതല്‍ 12000 രൂപ വരെയാണ് ഇപ്പോള്‍ വില ഈടാക്കുന്നത്.2011-ല്‍ വെറും 332 കേസാണുണ്ടായിരുന്നത്. 2019-ല്‍ ഇത് ഏഴായിരം കടന്നു. 2020, 2021 വര്‍ഷങ്ങളില്‍ കേസുകള്‍ കുറഞ്ഞു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍മൂലമുള്ള പരിശോധനകള്‍ കൂടിയതുമാണ് ഒരു കാരണം. 

സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കോടികള്‍ മറിയുന്ന ഇടപാടുകളില്‍ ചെറുമീനുകളും ഇടനിലക്കാരും മാത്രമാണ് പലപ്പോഴും പിടിയിലാവുന്നത്. വന്പന്‍ സ്രാവുകള്‍ അന്വേഷണ ഏജന്‍സികളുടെ വലയ്ക്ക് പുറത്തായിരിക്കും. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയ-ഭരണ പിന്തുണ ലഭിക്കുന്നതാണ് കാരണം.

ഓണ്‍ലൈന്‍ ആഹാരത്തിന്റെ മറവില്‍ ലഹരി മരുന്നുകള്‍ 

കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൗകര്യങ്ങളെയാണ്.വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം.എന്നാല്‍ ഇപ്പോള്‍ വളരെ വ്യാപകമായി നഗരങ്ങളില്‍ കാണപ്പെടുന്ന ഓണ്‍ലൈന്‍ ഭക്ഷണക്കച്ചവടം ലഹരി മരുന്നുകളുടെ കച്ചവടത്തിനായും ചിലരെങ്കിലും ഉപയോഗിക്കുന്ന കാഴ്ച കാണാനിടയുണ്ട്.ഓണ്‍ലൈന്‍ ആഹാരകമ്പനിയുടെ പേരു പതിപ്പിച്ച ബാഗുമായി ബൈക്കില്‍ യാത്ര നടത്തിയ ആളെ വെറുതെ ഒന്ന് പരിശോധിച്ചപ്പോള്‍ ആ ബാഗില്‍ ഭക്ഷണങ്ങളല്ല.മറിച്ചു ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.ഇത് അവരുടെ സുഗമമായ വിതരണത്തിനും കച്ചവടത്തിനും സുരക്ഷിതമായ ഒരു മാര്‍ഗമായി കണ്ടെത്തിയിരിക്കുന്നു.കഞ്ചാവാണ് ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത്.ലഹരി ലഭിക്കുന്ന പാന്‍മസാലകള്‍,മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന Diazepam,Nitrazepam,Spasmo Proxyvon എന്നീ മരുന്നുകളും കൗമാരക്കാര്‍ക്കിടയില്‍ ധാരാളം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അത്യന്തം മാരകമായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. എക്സ്റ്റസി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അത്യന്തം മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍പോലും ചുരുങ്ങിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം. ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി ലഹരി ലഭിക്കുന്ന മയക്കുമരുന്നാണിത്. ലൈസെര്‍ജിക് ആസിഡ് ഡയാതലാമൈഡ് അഥവാ എല്‍എസ്ഡി ഒരു തരം പാര്‍ട്ടി ഡ്രഗാണ്. ചെറിയ സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ഇവ കണ്ടാല്‍ മയക്കുമരുന്നാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. ഗോവയില്‍ നിന്നാണ് എല്‍എ?സ്ഡി കൂടുതല്‍ കൊണ്ടുവരുന്നത്.

കൗമാരക്കാരോട് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കരുത് എന്തുകൊണ്ട്?

മയക്കുമരുന്നിന്റെ ഉപയോഗം അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല സമൂഹത്തിനും പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്.ഇതുമൂലം കുടുംബങ്ങള്‍ തകരുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍ക്കും,കുട്ടികള്‍ വഴിതെറ്റി പോകുന്നതിനും കുട്ടികള്‍ക്കെതിരെയുള്ള പലതരത്തിലുള്ള പീഢനങ്ങള്‍ക്കും തൊഴില്‍ നഷ്ടമാകുന്നതിനുമൊക്കെ കാരണമായേക്കും.മയക്കുമരുന്നിന്റെ അമിത ഉപയോഗം വളരെ സങ്കീര്‍ണ്ണമായ ഒരു രോഗാവസ്ഥയാണ്.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് കൊണ്ട് ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍ പോലും അതില്‍ നിന്നുള്ള മോചനം വളരെ ബുദ്ധിമുട്ടേറിയതാണ്.മയക്കുമരുന്നില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കുകയും സാധാരണ ജീവിതം നയിക്കുന്നതിന് പോലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം.സാധാരണയില്‍ കവിഞ്ഞ അനുഭൂതികളുടെ വലയത്തിലേയ്ക്ക് തിരിച്ചുവിട്ട്,ജീവിതത്തിലെ സാധാരണ ഇഷ്ടങ്ങളെ നിഷ്പ്രഭമാക്കി ആളിന്റെ താളം തന്നെ തെറ്റിക്കാനിടയുണ്ട്.

ആര് മയക്കുമരുന്നിനടിമപ്പെടും എന്ന് തീര്‍ത്തു പറയാന്‍ ആര്‍ക്കുമാകില്ല.പലവിധ സാഹചര്യങ്ങളുടെ പലതരത്തിലും നിലവാരത്തിലുമുള്ള ഒരു കൂട്ടായ്മയാണ് അതിലേക്ക് പലരേയും നയിക്കുന്നത്.ജനിതക പാരമ്പര്യമുള്ള ഘടകങ്ങളുടെയും ഒരാള്‍ വളര്‍ന്ന് വരുന്ന സാഹചര്യങ്ങളുടെയും ഒരു മിശ്രിത ഫലമായിട്ടാണ് മയക്കുമരുന്നിന് അടിമപ്പെടുന്നത് പ്രത്യേകിച്ചും വിഷാദ രോഗം പോലെയുള്ള മാനസീക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്.കൗമാര പ്രായത്തിലുള്ള കുട്ടികള്‍ വളരുന്ന കുടുംബപശ്ചാത്തലം സ്‌കൂള്‍,കോളേജ്,കൂട്ടുകാര്‍,സാമൂഹികപശ്ചാത്തലം എന്നിവയിലെ പാകപ്പിഴകള്‍,ജീവിതത്തിലെ നിരന്തരമായ തോല്‍വി മുതലായവ കൗമാരക്കാരില്‍ മയക്കുമരുന്നിന് അടിമപ്പെടാന്‍ കാരണമാകാറുണ്ട്.

മയക്കുമരുന്ന് ഏതു പ്രായത്തില്‍ ഉപയോഗിച്ച് തുടങ്ങിയാലും ആസക്തി ഉണ്ടാകുമെങ്കിലും കൗമാര പ്രായത്തില്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അതിനുള്ള സാധ്യത വളരെ കൂടുതലാണ്.കാരണം തലച്ചോറിന്റെ വളര്‍ച്ച ഈ പ്രായത്തില്‍ പൂര്‍ത്തിയായിട്ടില്ല എന്നതുതന്നെ.18വയസ്സിന് മുന്‍പ് കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ ബുദ്ധിനിലവാരം(IQ)കുറയുന്നതായി ആധികാരിക പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നുണ്ട്.മയക്കുമരുന്നുകള്‍ നിരന്തരം ഉപയോഗിക്കുന്നത് ആസക്തി(addiction)എന്ന അവസ്ഥയിലേക്ക് നയിക്കുകയും അത് വീണ്ടും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു കാരണമായി തീരുകയും ചെയ്യുന്നു.മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടങ്ങാതിരിക്കുകയാണ് ഈ വിപത്തിനെതിരെയുള്ള ഏറ്റവും നല്ല പ്രധിരോധമാര്‍ഗ്ഗം.അധ്യാപകരും സ്‌കൂള്‍ കോളേജ് കൗണ്‍സിലര്‍മാരും മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഇതിനെതിരെയുള്ള സന്ദേശങ്ങള്‍ കൗമാരക്കാര്‍ക്ക് കൈമാറേണ്ടതാണ്.

കൗമാരക്കാരിലെ മയക്കുമരുന്നിന്റെ ദുരുപയോഗം:സ്‌കൂള്‍ കോളേജ് അധികൃതര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും

നമ്മുടെ കുട്ടികളെ മയക്കുമരുന്നിലേക്ക് നയിക്കപ്പെടാതിരിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും.ഒരു യുവാവ് അല്ലെങ്കില്‍ കുട്ടി അടിമപ്പെടുന്നതിനു മുന്‍പ് അവനെ രക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ നമ്മുക്ക് എടുക്കാനാകും.സ്‌കൂള്‍ കോളേജ് അധികൃതര്‍ക്ക് അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സഹകരണത്തോട് കൂടി ഈ വിപത്തിനെ നമ്മുടെ സമൂഹത്തില്‍ നിന്നും കൗമാരക്കാരില്‍ നിന്നും അകറ്റി നിര്‍ത്താനാകും.അതിനായി ചില കര്‍മ്മ പദ്ധതികള്‍ നമ്മുടെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നടപ്പിലാക്കാനാകും.

സ്‌കൂള്‍ കോളേജ് തലത്തില്‍ മയക്കുമരുന്നിനെതിരായുള്ള ബോധവത്കരണ പരിപാടികളും,ക്ലാസ്സുകളും സംഘടിപ്പിക്കുക.മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും അതുണ്ടാക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും ഓരോ കൗമാരക്കാരനും അറിവുണ്ടെന്ന് ഉറപ്പാക്കാം.ഇതിനായി വീഡിയോകളും ആനുകാലിക സംഭവങ്ങളുമൊക്കെ കുട്ടികളെ കാണിക്കുകയും ഇത്തരം കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്യാം.പഠന പിന്നോക്കാവസ്ഥ,അച്ഛനമ്മമാര്‍ തമ്മില്‍ പിരിഞ്ഞു താമസിക്കുകയും കഠിനമായി വഴക്കിടുകയുമൊക്കെ ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ കഠിനമായ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കൗമാരക്കാര്‍ എന്നിങ്ങനെ ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടാന്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കുകയും അവര്‍ക്കാവശ്യമായ മാനസീക പിന്തുണ നല്‍കുകയും ചെയ്യണം. 

കുട്ടികളുടെയും കൗമാരക്കാരുടെയും മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ സംസാരിക്കുവാനും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം.പേരന്റ് ടീച്ചര്‍ മീറ്റിങ്ങുകളില്‍ സ്‌കൂള്‍ കൗണ്‍സിലറെ കാണുന്നതിനുള്ള അവസരം കൂടി രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്നത് നന്നായിരിക്കും.ഏതെങ്കിലും തരത്തിലുള്ള മാനസീക പ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം.ഇതിനായി Teenage screening questionnaire-Mental health എന്ന ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ചെറിയ ചോദ്യാവലി എല്ലാ ക്ലാസ്സുകളിലും വര്‍ഷത്തിലൊരിക്കലെങ്കിലും ഉപയോഗിച്ച് കുട്ടികളെ സ്‌ക്രീന്‍ ചെയ്യുകയും ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൗണ്‍സിലിങ്ങും ആവശ്യമുണ്ടെങ്കില്‍ അനുയോജ്യമായ റെഫറല്‍ സേവനങ്ങളും ലഭ്യമാക്കി കൊടുക്കേണ്ടതാണ്.ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്താനും വേണ്ട പിന്തുണ നല്‍കുന്നതിനും സഹായകരമായിരിക്കും.

മയക്കുമരുന്നിന്റെ വിപത്തുകളെ സൂചിപ്പിക്കുന്ന പ്രദര്‍ശനങ്ങളും റോള്‍ പ്ലേകളും ചെറിയ സ്‌കിറ്റുകളുമൊക്കെ ഇടയ്ക്കിടെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ സംഘടിപ്പിക്കാവുന്നതാണ്.ഏതെങ്കിലും തരത്തിലുള്ള പ്രവണതകള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് വേണ്ട ഇടപെടലുകള്‍ നല്‍കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് സാധിക്കാതിരിക്കുകയോ നല്‍കുന്ന ഇടപെടലുകള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കാതിരുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്യ്താല്‍ ഇവര്‍ക്ക് വേണ്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളെക്കുറിച്ചും അവിടെ ലഭ്യമാകുന്ന സേവനകളെക്കുറിച്ചും കൗണ്‍സിലര്‍ക്ക് ധാരണ ഉണ്ടായിരിക്കണം.കുട്ടികളും രക്ഷിതാക്കളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തി ഇക്കാര്യം അവര്‍ക്കാവശ്യമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കുകയും വേണം.സ്‌കൂള്‍,കോളേജ് പരിസരങ്ങളില്‍ ഇത്തരം സാധനങ്ങളുടെ ലഭ്യതയില്ല എന്ന് ഉറപ്പാക്കുന്നത് നല്ലതായിരിക്കും.ഇതിനായി സ്‌കൂള്‍ കോളേജ് പരിസരത്തുള്ള സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയുമൊക്കെ സഹകരണം ഉറപ്പാക്കാവുന്നതാണ്.

ഏതെങ്കിലും ഒരു കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരെങ്കിലും സംശയിച്ചു കൗണ്‍സിലറുടെ അടുത്തെത്തിയാല്‍ അവന്റെ ശരിയായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും കുറ്റപ്പെടുത്തലുകളും പേടിപ്പെടുത്തലുകളുമൊഴിവാക്കി ഈ ശീലത്തില്‍ നിന്നും പിന്മാറേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുത്ത് അതില്‍ നിന്ന് അവനെ സഹായിക്കാന്‍ ശ്രമിക്കുകയും അവന്റെ വിശ്വാസ്യത നേടിക്കൊണ്ട് ആവശ്യമെങ്കില്‍ അവനുവേണ്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സഹായിക്കുകയും വേണം.ദിനപ്രതി കിലോക്കണക്കിന് മയക്കുമരുന്ന് പിടിക്കുന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ വിപത്തില്‍ നിന്നും നമ്മുടെ കൗമാരക്കാരെ രക്ഷിക്കാനുള്ള സത്വരനടപടികളെടുക്കുവാന്‍ ഓരോ രക്ഷിതാവിനും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ ഊര്‍ജ്ജിത കമ്മപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

കൗമാരക്കാരോട് ''ജീവിതം തന്നെയാകണം  ലഹരി''

 കേരളത്തില്‍ ഭീതിജനകമാം വിധം വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വര്‍ജ്ജനത്തിലൂടെ ലഹരിമുക്ത കേരളം സംഘടിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ലഹരിവര്‍ജ്ജന മിഷന്‍''വിമുക്തി''രൂപീകരിച്ചത്.എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടുകൂടി മദ്യ-മയക്കുമരുന്ന്-പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള അതിശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും നിയമ വിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം,കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഡി.അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് വിമുക്തിയുടെ ഉദ്ദേശലക്ഷ്യം.ഷാഡോ എക്‌സൈസ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി മദ്യം,മയക്കുമരുന്ന് എന്നിവയുടെ വ്യാപനം സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ വലിയ ഒരളവുവരെ അമര്‍ച്ച ചെയ്യുവാന്‍ കഴിയുന്നുണ്ട്.

പ്രതിരോധ നടപടികള്‍/നിര്‍ദ്ദേശങ്ങള്‍

ലഹരിപദാര്‍ത്ഥങ്ങളുടെ ആവശ്യകത കുറച്ചുകൊണ്ടുവരുന്നതിനും അത് ഉപയോഗിക്കുന്നവര്‍ക്ക് വിതരണം ചെയ്യപ്പെടുന്നതും തടയുക.ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക-കുടുംബപരമായതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചു കൗമാരക്കാരെ ബോധവത്കരിക്കുന്നതിനുമായി ഈ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.ആധുനിക കാലത്തെ ഡിജിറ്റലൈസ്ഡ് സാമൂഹിക സാഹചര്യങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കിയേക്കാവുന്ന അമിത ഉത്കണ്ഠ അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്നതിനാല്‍ കൗണ്‍സിലര്‍ മാരുടെ സേവനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്തുക.എയര്‍പോര്‍ട്ടുകള്‍,തുറമുഖങ്ങള്‍,റയില്‍വേസ്റ്റേഷനുകള്‍ എന്നിവ വഴി ലഹരി വസ്തുക്കളുടെ കടത്തു വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കസ്റ്റംസ്,എന്‍.സി.ബി,ആര്‍.പി.എഫ് എന്നീ വകുപ്പുകള്‍ എക്‌സൈസ് വകുപ്പിനോടൊപ്പം സംയുക്തമായി പരിശോധനകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും വേണം.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളുടെ ഭാഗമായി പഠനവും വീടും ഉപേക്ഷിച്ചു അലഞ്ഞുതിരിയുന്ന കൗമാരക്കാര്‍ സംസ്ഥാനത്തുടനീളം ഉള്ളതായി ചില അനൗദ്യോഗീക പാഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.അത്തരം കൗമാരക്കാരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കുന്നതിനും അവരെ ഉത്തമപൗരന്മാരാക്കി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാനും പുനരധിവാസകേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണം.

                          (തുടരും ....).

(സ്‌കൂള്‍ കുട്ടികള്‍ക്കിടയിലുള്ള ലഹരിമരുന്നുപയോഗം).

Comments

leave a reply