സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികൾ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങൾ അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. വാഹനങ്ങൾ വാങ്ങുന്നതിനും, വാഹനങ്ങൾക്ക് വാടക നൽകുന്നതിനും, അലവൻസുകൾ നൽകുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവിൽ, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അർഹിക്കുന്ന അപേക്ഷകർക്ക് പോലും സ്കോളർഷിപ്പുകൾ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
തന്നെയുമല്ല, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിൽ നടന്നതുപോലെ തന്നെയുള്ള ഒട്ടേറെ കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളിൽ (SC, ST) പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന CAG റിപ്പോർട്ടിലെ കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ A-B, അധ്യായം 2-5) പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തേണ്ടതാണ്.
ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ സർക്കാരോ ഏതെങ്കിലും സർക്കാർ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കിൽ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി CAG നൽകിയിട്ടുള്ള ശിപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണം.
ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
Secretary
KCBC Commission for Social Harmony and Vigilance
POC, Palarivattom
Kochi
Mob: +917510563307
Comments