നബിയെ അപകീര്‍ത്തിപ്പെടുത്തി എസ്എംഎസ് അയച്ചെന്ന
കുറ്റത്തിന് ജീവപര്യന്തം തടവ് അപ്പീലില്‍ വധശിക്ഷയായി
മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി എസ്എംഎസ് അയച്ചെന്ന കുറ്റം ചുമത്തി പാകിസ്ഥാനില്‍ നേരത്തെ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് സഭാംഗത്തിന് അപ്പീലില്‍ ലഭിച്ചത് വധശിക്ഷ. ലാഹോര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആണ് സഞ്ജദ് മാസിഹ് ഗില്‍ എന്നയാള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിച്ചത്.
ഒരു മുസ്ലീം പുരുഷന് വിവാദമായ വാചക സന്ദേശം അയച്ചതിന് പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഗോജ്ര പട്ടണത്തിലെ വിചാരണക്കോടതി ജീവപര്യന്തം തടവും 314,500 രൂപ (2,000 യുഎസ് ഡോളര്‍) പിഴയുമാണ് 2011 ഡിസംബറില്‍ വിധിച്ച ശിക്ഷ. സെല്‍ഫോണ്‍ ടവറിലൂടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തിയാണ് സഞ്ജദ് മാസിഹ് ഗില്ലിനെ പോലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ സഹിവാളിലെ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
2015 ല്‍ സഹിവാളിലെ ജയിലില്‍ ഗില്ലിനെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയാളുടെ സഹോദരനെയും മരുമകനെയും അജ്ഞാതര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗില്ലിനു നിയമ സഹായം ലഭ്യമാക്കിയ ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രസ്ഥാനത്തില്‍ അംഗങ്ങളായ രണ്ട് അഭിഭാഷകര്‍ 2016 ല്‍ കസൂറിനും ലാഹോറിനുമിടയിലുള്ള റോഡില്‍ ആയുധധാരികളുടെ ഭീഷണിക്കും കയ്യേറ്റത്തിനും ഇരകളായി. ഇരുവരും ഗില്ലിനു വേണ്ടി ലാഹോര്‍ ഹൈക്കോടതിയില്‍ അടക്കം ഹാജരായിരുന്നു.
മതനിന്ദയ്ക്ക് വധശിക്ഷ മാത്രമാണ് ശിക്ഷയെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചെന്നും ജീവപര്യന്തം തടവ് ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകരില്‍ ഒരാളായിരുന്ന സീഷന്‍ അഹമ്മദ് അവാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.് വധശിക്ഷ നല്‍കിയ വിധിയെ മുസ്ലീം അഭിഭാഷകന്‍ പ്രശംസിച്ചു.
മുഹമ്മദ് നബിയെ അപമാനിക്കുന്നതിനുള്ള പരമാവധി ശിക്ഷയായി പാക്കിസ്ഥാന്റെ മതനിന്ദാ നിയമങ്ങള്‍ വധശിക്ഷയെ വിഭാവനം ചെയ്യുന്നു. അതേസമയം, മറ്റ് മതങ്ങളുടെ അനുയായികള്‍ക്കും ഷിയാ പോലുള്ള ന്യൂനപക്ഷ മുസ്ലിംകള്‍ക്കുമെതിരെ മതനിന്ദാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
മതനിന്ദാ കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി തടവില്‍ കഴിയുന്ന ക്രിസ്ത്യന്‍ ദമ്പതികളായ ഷഗുഫ്ത കൗസറിന്റെയും ഭര്‍ത്താവ് ഷഫ്കത്ത് ഇമ്മാനുവേലിന്റെയും അപ്പീലില്‍ വാദം കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല ലാഹോര്‍ ഹൈക്കോടതി. കേസ് തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നു.
ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മതനിന്ദ ആരോപിക്കപ്പെട്ടുള്ള കേസുകള്‍ (200) കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബാബു കദളിക്കാട്
Comments