കുമ്പസാരത്തെ അവഹേളിച്ച് പരസ്യം പുറത്തിറക്കിയതിന്റെ പേരില്‍ വിവാദത്തിലായതിന് പിന്നാലെ ഖേദപ്രകടനവുമായി പൊട്ടാഫോ ഡെലിവറി ആപ്പ്. ഏതെങ്കിലും മതവിഭാഗത്തെയോ, വ്യക്തികളെയോ അവരുടെ വികാരങ്ങളെയോ വൃണപ്പെടുത്താൻ ഒരിക്കലും കമ്പനിയോ, അതിന്റെ പ്രവർത്തകരോ ഉദ്ദേശിച്ചിട്ടുള്ളതല്ലായെന്നും പരസ്യം വിശ്വാസിസമൂഹത്തിൽപെട്ടവർക്ക് വേദനയുണ്ടാക്കിയതായി അറിയുന്നതിനാൽ നിരുപാധികം പിൻവലിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരസ്യവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കുണ്ടായ വിഷമത്തിൽ കമ്പനി അതിയായി ഖേദിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ മാര്‍ത്തോമ സഭയിലെ വൈദികനായ ഫാ. റോബിന്‍ വര്‍ഗ്ഗീസ് ക്ഷമാപണം നടത്തിയിരിന്നു. മനപ്പൂര്‍വ്വമല്ലെങ്കിലും തനിക്ക് തെറ്റ് പറ്റിയെന്നും കൂദാശകളെ ബഹുമാനിക്കുന്നുണ്ടെന്നും സഭാനേതൃത്വങ്ങളോടും പിതാക്കന്മാരോടും വൈദികരോടും വിശ്വാസി സമൂഹത്തോടും മാപ്പ് ചോദിക്കുകയാണെന്നും വൈദികന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പരസ്യത്തിനെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
കോഴിക്കോട് വടകര കെ.എം.സി.ടി കോളേജിലുമായി ഒരുമിച്ച് പഠിച്ച വൈശാഖ്, റാഷിദ്, ആദിത്യ, മുക്തദീര്‍, മാഗ്ഡി, ഹസീബ് എന്നിവരാണ് ഫുഡ് ഡെലിവറി കമ്പനി ആയ പൊട്ടാഫോയുടെ സ്ഥാപകര്‍.
Comments