യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്റെ പാതയിൽ
റോമിലെ പുരാതന യഹൂദപ്പള്ളിയിലേയ്ക്ക് (Tempio Maggiore) ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തിന്റെ 35-ാം വാർഷികം
- ഫാദർ വില്യം നെല്ലിക്കൽ
1. മതസൗഹാർദ്ദ പാതയിലെ പുതിയ അദ്ധ്യായം
കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്റെ പാതയിലെ പുതിയ അദ്ധ്യായമായിരുന്നു സന്ദർശനമെന്ന് ഏപ്രിൽ 13-ന് ഇറക്കിയ വത്തിക്കാന്റെ പ്രസ്താവന വ്യക്തമാക്കി. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. മഴയുള്ളൊരു വസന്തകാല ദിനത്തിന്റെ സായാഹ്നത്തിൽ വിശുദ്ധനായ ജോൺ പോൾ 2-ാമൻ പാപ്പാ റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തു.
“ഹൃദയങ്ങൾ സാഹോദര്യത്തിൽ തുറക്കുന്നു...” എന്നു പ്രസ്താവിച്ചുകൊണ്ട് റോമിലെ യഹൂദ സമൂഹത്തിന്റെ പ്രധാനാചാര്യൻ, റാബി ഏലിയോ പാപ്പാ വോയ്ത്തീവയെ ആലിംഗനംചെയ്ത്, സിനഗോഗിന്റെ കവാടത്തിൽ സ്വീകരിച്ചശേഷം പ്രാർത്ഥനാലയത്തിലേയ്ക്ക് ആനയിച്ചു. മഹാദേവാലയത്തിൽ തിങ്ങിനിന്ന ആയിരത്തിൽപ്പരം യഹൂദ സഹോദരങ്ങൾ ഏഴുന്നേറ്റുനിന്ന് പാപ്പായെ ആദരപൂർവ്വം വരവേറ്റു.
2. തുല്യാന്തസ്സുള്ള രണ്ടു മതങ്ങൾ
രണ്ടു പുരാതന വിശ്വാസ സമൂഹങ്ങളുടെ തുല്യാന്തസ്സും കൂട്ടായ്മയും പ്രതിഫലിപ്പിക്കുമാറ് സായാഹ്ന പ്രാർത്ഥന നടന്നപ്പോൾ സങ്കീർത്തനാലാപനത്തിന് പാപ്പാ നേതൃത്വം നല്കി. തന്റെ പ്രഭാഷണത്തിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠനങ്ങളും, മുൻഗാമിയായ പോൾ 6-ാമൻ പാപ്പായുടേ ചിന്തകളും, വിവിധ മതങ്ങളെ സംബന്ധിച്ചുള്ള പ്രമാണരേഖയേയും (Nostrae Aetate) കുറിച്ചു പാപ്പാ സംസാരിച്ചു. ക്രിസ്തുവിന്റെ മരണത്തിന് കാരണക്കാർ യഹൂദരായിരുന്നു എന്ന പഴയകാല വാദത്തെ നിഷേധിക്കുന്നതും തെറ്റിദ്ധാരണകൾക്ക് നിവാരണം വരുത്തുന്നതുമായിരുന്നു പാപ്പായുടെ പ്രഭാഷണമെന്ന് വത്തിക്കാൻ അന്നവിടെ സന്നിഹിതയായിരുന്ന വാർത്താവിഭാഗത്തിന്റെ വക്താവ് ലിന്റാ ബോഡോണി സാക്ഷ്യപ്പെടുത്തി.
3. യഹൂദരായ മൂത്തസഹോദരങ്ങൾ
ഹെബ്രായ മതം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പുറമേനിന്നുള്ള ഒരു ഘടകമല്ല, മറിച്ച് ക്രൈസ്തവമതം ഹെബ്രായ മതത്തെയും ചരിത്രപരമായി ഉൾക്കൊള്ളുന്നതാണ്. തിരുവെഴുത്തുകളിൽ പുതിയ നിയമം പഴയതിന്റെ പൂർത്തീകരണമാണെന്ന സംജ്ഞയിൽ ഇരുമതത്തിലേയും അംഗങ്ങൾ സഹോദരങ്ങളും, ഹെബ്രായ മതസ്ഥർ ക്രൈസ്തവരുടെ മൂത്തസഹോദരങ്ങളാണെന്നും പ്രഭാഷണത്തിൽ പാപ്പാ പ്രസ്താവിച്ചു.
4. സഹോദര്യക്കൂട്ടായ്മ
എല്ലാവിധത്തിലുള്ള യഹൂദ വിദ്വേഷവും പീഡനങ്ങളും, യഹൂദ വിദ്വേഷം വളർത്തിയേക്കാവുന്ന പ്രകടനങ്ങളേയും ഈ വേദിയിൽ തന്നിലൂടെ സഭ ആവർത്തിച്ച് അപലപിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു. മാത്രമല്ല, പുരാതന യഹൂദമതവും ക്രൈസ്തവ മതവും സാഹോദര്യത്തിൽ ഒന്നിച്ചു മുന്നേറുമ്പോഴും, ഈ കൂട്ടായ്മയ്ക്കു പിന്നിൽ ഒരു തട്ടിപ്പറിക്കൽ ചിന്തയും ഇല്ലെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.
ഈ സാഹോദര്യബന്ധം കാലക്രമത്തിൽ ഊട്ടിയുറപ്പിക്കുമാറ് പിൻഗാമികളായ പാപ്പാ ബെനഡിക്ടും, പാപ്പാ ഫ്രാൻസിസും റോമിലെ യഹൂദ സമൂഹത്തെ ഒരിക്കലെങ്കിലും സന്ദർശിക്കുകയും പരസ്പരം ആശംസകൾ അർപ്പിക്കുകയും ആദരവു പ്രകടിപ്പിക്കുകയും ചെയ്തുപോരുന്നു.
Comments