Foto

വാക്സിൻ നയതന്ത്രത്തിൽ ചൈനയ്ക്കു കാലിടറുന്നു; മുന്നേറ്റ പാതയിൽ ഇന്ത്യ

 

വാക്സിൻ നയതന്ത്രത്തിൽ

ചൈനയ്ക്കു കാലിടറുന്നു;

മുന്നേറ്റ പാതയിൽ ഇന്ത്യ

 

ബാബു കദളിക്കാട്

സഹചാരിയായ പാകിസ്ഥാന് ചൈന നൽകിയത് അംഗീകാരമില്ലാത്ത വാക്സിൻ ആണെന്ന വിവാദം ചൂടു പിടിക്കുന്നു

കോവിഡ് -19 വാക്സിൻ ഡോസുകൾ ധാരാളമായി ലോകത്തിനു നൽകാനുള്ള ചൈനയുടെ ഉദാര നയം പൊളിച്ച് ഇന്ത്യയുടെ മുന്നേറ്റം. ചൈനയുടെ ക്ലൗഡ് നയതന്ത്രത്തെ കടത്തിവെട്ടുകയാണ് ഇന്ത്യയുടെ വാക്സിൻ നയതന്ത്രമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.വാക്സിൻ കുത്തിവയ്പ്പിന്റെ മഹായജ്ഞം രാജ്യത്തു പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യ ഇതര രാഷ്ട്രങ്ങളിലേക്കും സഹായമെത്തിക്കുന്നത്.

വാക്‌സിൻ നിർമിക്കാനുള്ള ഇന്ത്യയുടെ കഴിവിന് അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നു പ്രശംസ ലഭിച്ചിരുന്നു. വിദേശമാദ്ധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ നിരവധി ദരിദ്ര രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിനുകൾ വിതരണം ചെയ്യുന്നതിനു വ്യാപക പ്രശംസ ലഭിക്കുന്നുണ്ട്.എന്നാൽ, 17 രാജ്യങ്ങളിൽ നിന്നുള്ള 19,000 പേരെ ഉൾപ്പെടുത്തി അടുത്തിടെ നടത്തിയ സർവ്വേയിൽ മിക്കവരും ചൈനീസ് വാക്സിനുകളെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു.ഇതിനിടെയും, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് കൊറോണ വൈറസ് വാക്സിനുകൾ യഥാസമയം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവിഷ്‌കരിച്ചിട്ടുള്ള ആഗോള കോവാക്സ് പദ്ധതി പ്രകാരം 10 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ നൽകാനുള്ള അനുമതി ലോകാരോഗ്യ സംഘടനയിൽ നിന്നു (ഡബ്ല്യുഎച്ച്ഒ) ലഭ്യമാകാനുള്ള ശ്രമത്തിലാണ് ചൈന.

ആഗോള കോവാക്സ് സംരംഭത്തിന് 10 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ നൽകുമെന്ന് ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവാക്സ് വിതരണത്തിനുള്ള 'എഞ്ചിൻ' ആയി ഇന്ത്യ മാറുമെന്ന വിദഗ്ധരുടെ പ്രവചനങ്ങൾക്കിടയിലാണ് വാക്സിൻ നയതന്ത്രം പുറത്തെടുക്കാനുള്ള ചൈനയുടെ ശ്രമം. ഭൂട്ടാൻ, മാലിദ്വീപ്,ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, ബ്രസീൽ, മൊറോക്കോ, ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ കൊവിഡ് വാക്സിൻ സൗജന്യമായാണ് നൽകിയത്. സൗദി, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്സിൻ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് ഡോസുകൾ രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കയറ്റി അയയ്ക്കുന്നത്.

ശ്രീലങ്ക ഉൾപ്പടെയുളള രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാമെന്ന് ചൈന നേരത്തേ അറിയിച്ചിരുന്നു. എന്നാൽ അതിനു മുമ്പേ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി വാക്സിൻ നൽകുകയായിരുന്നു. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യൻ വാക്സിൻ നയതന്ത്രം ചൈനയ്ക്ക് മേൽ ജയം നേടിയിരുന്നു.കേന്ദ്ര സർക്കാരിന്റെ 'വാക്സിൻ മൈത്രി' സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകൾ സമ്മാനമായി ബംഗ്ലാദേശിന് നൽകി.ഇപ്പോൾ ലോകത്ത് പാകിസ്ഥാനടക്കം വളരെ കുറച്ചുരാജ്യങ്ങൾ മാത്രമാണ് ചൈനയുടെ വാക്സിൻ ഉപയോഗിക്കുന്നത്.

150 ഓളം രാജ്യങ്ങൾക്കും 10 അന്താരാഷ്ട്ര സംഘടനകൾക്കും ചൈന സഹായം നൽകിയിട്ടുണ്ടെന്നും മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആവശ്യമുള്ള 34 രാജ്യങ്ങളിലേക്ക് 36 മെഡിക്കൽ ടീമുകളെ അയച്ചിട്ടുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു.

എന്നാൽ , കൃത്യമായി പരീക്ഷണങ്ങൾ നടത്താതെ , ഫലപ്രദമെന്ന് ഉറപ്പ് നൽകാനാകാത്ത വാക്സിനാണ് ചൈന നൽകുന്നതെന്നാണ് പല രാജ്യങ്ങളും ഉന്നയിക്കുന്ന ആരോപണം.ചൈനീസ് കമ്പനിയായ സിനോവാക്കിൽ നിന്ന് വാക്സിൻ ഓർഡർ ചെയ്യാൻ തീരുമാനിച്ചതിന് ഫിലിപ്പൈൻസിലെയും സിംഗപ്പൂരിലെയും സർക്കാരുകൾക്ക് പൊതുജനങ്ങളുടെ വിമർശനം നേരിടേണ്ടിവന്നു.

മിക്ക രാജ്യങ്ങളിലെയും ജനങ്ങൾ ചൈനീസ് വാക്സിൻ ഉപയോഗിക്കുവാൻ വിസമ്മതിക്കുന്നു. ഇത് പല രാജ്യങ്ങളിൽ നിന്നും തിരിച്ചടിക്ക് കാരണമായി. വാക്സിൻ സംഭരണത്തിനായി ചൈനീസ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവെച്ചതിൽ പൊതുജനങ്ങൾ സർക്കാരുകളെ കുറ്റപ്പെടുത്തി. ' വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതിനാൽ ഞാൻ ഇപ്പോൾ ചൈനീസ് വാക്സിൻ എടുക്കില്ല,' സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ ബിലഹാരി കൗസിക്കൻ പറഞ്ഞു. മാത്രമല്ല ഇനി ചൈനീസ് കമ്പനിയിൽ നിന്ന് വാക്സിൻ തേടുന്നതിനുമുമ്പ് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

സഹചാരിയായ പാകിസ്ഥാന് ചൈന നൽകിയത് അംഗീകാരമില്ലാത്ത വാക്സിൻ ആണെന്ന വിവാദം ഇതിനിടെ ചൂടു പിടിക്കുകയാണ്.സിനോഫാം വാക്‌സിൻ പാകിസ്ഥാന് നൽകുമെന്ന് ചൈന പറഞ്ഞിരുന്നു. കൃത്യമായ പരീക്ഷണങ്ങൾ പോലും നടത്താതെ അഞ്ചു ലക്ഷം ഡോസ് വാക്സിനുകളാണ് ചൈന നൽകിയത്. 11 ലക്ഷം ഡോസ് വാക്സിൻ പാകിസ്ഥാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം അഞ്ച് ലക്ഷം ഡോസ് നൽകാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു വാക്ക്. ഇത് ഇമ്രാൻ സർക്കാർ വിശ്വാസത്തിലെടുത്തു. ചൈന വാക്സിൻ കൈമാറുമെന്ന് ഉറപ്പുനൽകിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുകയും ചെയ്തു.

രാജ്യത്ത് അരലക്ഷത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 11,000 പേർ മരിച്ചു, എന്നാൽ ഇത് ഔദ്യോഗിക കണക്കുകൾ മാത്രമാണെന്നും യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടി വരുമെന്നും റിപ്പോർട്ടുണ്ട് . ഈ സാഹചര്യത്തിലാണ് ചൈനയുടെ വാക്സിൻ ഉപയോഗിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായത്. മാത്രമല്ല സാമ്പത്തികമായി തകർന്ന് തരിപ്പണമായ പാകിസ്ഥാന് മറ്റുരാജ്യങ്ങളിൽ നിന്ന് പണംകൊടുത്ത് വാക്സിൻ വാങ്ങുന്നതിനുളള കഴിവില്ല. വാക്സിൻ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാനുളള സാങ്കേതികവിദ്യയുമില്ല.

രണ്ട് മുതൽ എട്ടുഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്ന ചൈനീസ് വാക്സിൻ മാത്രമാണ് പാകിസ്ഥാന് ഇപ്പോൾ ആശ്രയിക്കാൻ കഴിയുന്നത്. മറ്റ് വാക്സിനുകൾ -70 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.

എന്നാൽ ചൈനയുടെ വാക്സിന്റെ കാര്യത്തിൽ പാകിസ്ഥാനിലെ ആരോഗ്യപ്രവർത്തകർക്ക് ആശങ്കയുണ്ട്. ശരിയായ രീതിയിൽ പരീക്ഷണം നടത്താത്ത അഗീകാരമില്ലാത്ത വാക്സിനാണ് ചൈന നൽകുന്നതെന്നതാണ് കാരണം. ചൈനീസ് വാക്സിൻ ദരിദ്രരായ പാകിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾക്ക് അനുയോജ്യമാണെന്ന് കൊറോണ ചികിത്സയിൽ വിദഗ്ധരായ ചൈനീസ് ഡോക്ടർമാർ പറഞ്ഞതും വിമർശനവിഷയമായി. ചൈനീസ് വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് ചില ഡോക്ടർമാർ തന്നെ ചോദ്യം ഉന്നയിക്കുന്നു. മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് സുതാര്യതയില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.

ഇതിനിടെ, അതിവേഗ വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദത്തിന്റെ സാന്നിദ്ധ്യം അതിവേഗം കണ്ടെത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞർ പുതിയ കണ്ടുപിടുത്തം നടത്തിയതായുള്ള വിവരവും പുറത്തുവന്നു. ജീനോം സീക്വൻസിംഗ് വഴി നടത്തുന്ന ടെസ്റ്റിന്റെ ഫലം പുറത്തുവരാൻ ഏകദേശം രണ്ടു ദിവസം വരെ സമയമെടുത്തിരുന്ന സ്ഥാനത്ത് ഒരു മണിക്കൂറിനുള്ളിൽ വകഭേദത്തെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ശാസ്ത്രജ്ഞർ.

ഏറ്റവും വേഗതയിൽ കൊറോണ വൈറസ് വകഭേദത്തെ കണ്ടെത്തുന്ന ടെസ്റ്റിന് അന്തരിച്ച ബംഗാളി സംവിധായകൻ സത്യജിത് റേയോടുള്ള ആദര സൂചകമായി ' റേ ' (റാപ്പിഡ് വേരിയന്റ് അസ്സായ്) എന്നാണ് പേര് നൽകിയിരിക്കുന്നത്. ലിറ്റ്മസ് പേപ്പറിന് സമാനമായി കാസ് 9 എന്ന പ്രോട്ടീനുള്ള പേപ്പർ ഉപയോഗിച്ചാണ് റേ ടെസ്റ്റ് നടത്തുന്നത്. കൊറോണയുമായി ബന്ധപ്പെട്ട ഭാവിയിൽ വരാനിരിക്കുന്ന ഏത് രോഗവും റേ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്ന് (സി.എസ്.ഐ.ആർ) ശാസ്ത്രജ്ഞർ പറയുന്നു.

കൊറോണ രോഗ ബാധയെക്കാൾ വൈറസിന്റെ ജനിതക മാറ്റമാണ് ഇപ്പോൾ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രിട്ടണിലായിരുന്നു ആദ്യം വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇന്ന് പല രാജ്യങ്ങളിലേക്കും വ്യാപകമായി വരുന്നു. വൈറസിന്റെ വകഭേദത്തെ ഇതുവരെ കണ്ടെത്തിയത് ജീനോം സീക്വൻസിംഗ് ടെസ്റ്റ് വഴിയായിരുന്നു. സമയദൈർഘ്യമെടുക്കുമെന്നതായിരുന്നു ജീനോം സീക്വൻസിംഗ് വഴി നടത്തുന്ന ടെസ്റ്റുമായി ബന്ധപ്പെട്ട പ്രധാന ആക്ഷേപം.

 

Comments

leave a reply

Related News